Times Kerala

ദമ്പതികളെ വീട് കയറി ആക്രമിച്ച സംഭവം; മേജര്‍ രവിയുടെ സഹോദരന്‍ കണ്ണന്‍ പട്ടാമ്പിയും സംഘവും അറസ്റ്റില്‍

 

കുന്നംകുളം: വീട്ടില്‍ കയറി ജലഅതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും വീട് കയറി ക്രൂരമായി ആക്രമിച്ച കേസില്‍ പ്രമുഖ സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പിയുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. പെരുമ്പിലാവ്-പട്ടാമ്പി റോഡില്‍ ജൂലൈ 22 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പൈപ്പ് പൊട്ടി തടസപ്പെട്ട ജലവിതരണം പുനഃസ്ഥാപിക്കാന്‍ ഇതുവഴിയുള്ള ഗതാഗതം ഒറ്റവരിയായി ക്രമീകരിച്ചിരുന്നു. ജല അതോറിറ്റി ജീവനക്കാരന്‍ മാര്‍ട്ടിനാണു വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്നത്.

തൃശൂരിലേക്കുവന്ന കണ്ണന്‍ പട്ടാമ്പി ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് റോഡരികിലൂടെ കടത്തിവിടാന്‍ ശ്രമിച്ചതില്‍ പ്രകോപിതരായ സംഘം മാര്‍ട്ടിനെ മര്‍ദിച്ചു. രക്ഷപ്പെടാന്‍ മാര്‍ട്ടിന്‍ റോഡരികിലെ വീട്ടില്‍ അഭയംതേടി. പിന്നാലെയെത്തിയ കണ്ണനും സംഘവും മാര്‍ട്ടിനെ ഇറക്കിവിടാന്‍ ആവശ്യപ്പെട്ട് താമസക്കാരായ ദമ്പതികളെ മര്‍ദിച്ചു. ആയുധമുപയോഗിച്ച് വീടിനു മുന്‍വശം അടിച്ചു തകര്‍ത്തു.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കണ്ണനും സംഘവും രക്ഷപ്പെട്ടിരുന്നു. പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതിനെത്തുടര്‍ന്ന് മൂവരും ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയശേഷം കുന്നംകുളം സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ആഴ്ചയിലൊരിക്കല്‍ സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയില്‍ പിന്നീട് മൂവരെയും വിട്ടയച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Related Topics

Share this story