Times Kerala

മാഹിയില്‍ ദേശീയ പാതയോരത്ത പൂട്ടിയ മുഴുവന്‍ ബാറുകളും തുറക്കാന്‍ അനുമതി

 

കോഴിക്കോട്: മാഹിയില്‍ അടച്ചുപൂട്ടിയ ദേശീയ പാതയോരത്തെ മുഴുവന്‍ ബാറുകളും തുറക്കാന്‍ അനുമതി. ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് മാഹിയിലെ ഭൂരിഭാഗം ബാറുകളും മദ്യവില്‍പന കേന്ദ്രങ്ങളും പൂട്ടിയത്.

എന്നാല്‍ മുന്‍സിപ്പാലിറ്റി പരിധികളിലുള്ള മദ്യശാലകള്‍ക്ക് ഉത്തരവ് ബാധകമല്ലെന്ന ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ പുതുച്ചേരി സര്‍ക്കാര്‍ അനുമതി നല്‍കിയത്. പ്രവര്‍ത്തനാനുമതി ലഭിച്ചതായി ബാറുടമകള്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ 15 നായിരുന്നു ദേശീയപാതയോരത്തെ മുഴുവന്‍ മദ്യവില്‍പ്പന കേന്ദ്രങ്ങളും അടച്ചുപൂട്ടാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. മാര്‍ച്ച് 31 നകം ഇത് നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

പിന്നീട് നടന്ന നിയമ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ജൂലൈ 11 ന് മുന്‍സിപ്പാലിറ്റി പരിധിയിലുള്ള ബാറുകള്‍ക്കും മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്കും ബാധകമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം നേരത്തേ ലൈസന്‍സ് ലഭിച്ചിട്ടുള്ള ബാറുകള്‍ക്കും മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്കും അതേ സ്ഥലത്തുതന്ന പ്രവര്‍ത്തിക്കാന്‍ ഉടന്‍ തന്നെ അനുമതി നല്‍കണമെന്നാണ് പുതുച്ചേരി എക്സൈസ് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നത്. കാരക്കല്‍, മാഹി, യാനം എന്നിവിടങ്ങളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് എക്സൈസ് കമ്മീഷണര്‍ കത്തയച്ചിട്ടുണ്ട്.

Related Topics

Share this story