Times Kerala

ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞ് മരിച്ചു

 

മുംബൈ: ബലാത്സംഗത്തിനിരയായി 13 കാരി ജന്മം നല്‍കിയ കുഞ്ഞ്് 48 മണിക്കൂറിന് ശേഷം ഈ ലോകത്തോട് വിടപറഞ്ഞു. മാസം തികയാതെ പ്രസവിച്ചതിനാല്‍ മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഐ.സി.യുവിലായിരുന്നു കുഞ്ഞ്. 1.8 കിലോ ഗ്രാം ഭാരമുള്ള ആണ്‍കുഞ്ഞിന്റെ അവയവങ്ങള്‍ വളരാത്തതാണ് മരണത്തിലേക്കു നയിച്ചത്.

31 ആഴ്ച ഗര്‍ഭിണിയായ 13 കാരി ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി ചോദിച്ച് സുപ്രിം കോടതിയെ സമീപിച്ചിരുന്നു. 20 ആഴ്ചയില്‍ കൂടുതലുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ ഇന്ത്യയില്‍ നിരോധനമുണ്ടെങ്കിലും പെണ്‍കുട്ടിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് കോടതി അനുമതി നല്‍കുകയും ചെയ്തിരുന്നു. പ്രസവിക്കുന്നതിന്റെ അതേ അപകടനിലയാണ് അലസിപ്പിക്കുന്നതിനുമെന്ന ആശുപത്രി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

പിന്നീട് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ ശസ്ത്രക്രിയ ചെയ്ത് കുഞ്ഞിനെ പുറത്തെടുത്തു. പൂര്‍ണവളര്‍ച്ചയെത്താത്തിനാല്‍ കുഞ്ഞിനെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.

പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയിലാണ്. മുംബൈയിലെ ഏഴാം ക്ലാസുകാരിയായ ഇവളെ ഉന്നത ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സിച്ചു വരികയാണ്. പിതാവിന്റെ കച്ചവട സുഹൃത്താണ് കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത്. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്.

Related Topics

Share this story