Times Kerala

ഇരച്ചെത്തി ഇര്‍മ ;അമേരിക്കയെ തകര്‍ത്തെറിയുമെന്ന് മുന്നറിയിപ്പ്, വീടൊഴിയാതെ കഴിഞ്ഞവരോട് മരിച്ചോളാൻ ഫ്‌ളോറിഡ ഗവർണർ

 

മിയാമി: നൂറ്റാണ്ടിലെ ഏറ്റവും വലിയ സംഹാരഭീഷണിയുമായി ഇര്‍മ ചുഴലിക്കാറ്റ്‌ അമേരിക്കയുടെ പടിവാതിലില്‍. ഇര്‍മ അമേരിക്കയെ തകര്‍ത്തെറിയുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന്‌ ആയിരക്കണക്കിന്‌ മലയാളികള്‍ അടക്കമുള്ള 50 ലക്ഷത്തോളം പേരെ ഫ്‌ളോറിഡയില്‍നിന്ന്‌ ഒഴിപ്പിക്കുന്നു.കരീബിയന്‍ ദ്വീപുകളില്‍ നാശം വിതച്ച ഇര്‍മ ചുഴലിക്കൊടുങ്കാറ്റ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ തെക്കുകിഴക്കന്‍ യു.എസ്‌. തീരസംസ്‌ഥാനമായ ഫ്‌ളോറിഡയില്‍ ആഞ്ഞടിക്കുമെന്നാണു മുന്നറിയിപ്പ്‌. ലക്ഷക്കണക്കിന്‌ ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഫ്‌ളോറിഡയില്‍ അന്‍പതിനായിരത്തിലേറെപ്പേര്‍ മലയാളികളാണ്‌. സമീപസംസ്‌ഥാനങ്ങളായ ജോര്‍ജിയ, വിര്‍ജീനിയ, നോര്‍ത്ത്‌ കരോളിന, സൗത്ത്‌ കരോളിന സംസ്‌ഥാനങ്ങളിലേക്കാണ്‌ ആളുകള്‍ പലായനം ചെയ്യുന്നത്‌.

എന്നാൽ തിങ്കളാഴ്ച വരെ കൊടുങ്കാറ്റ് അമേരിക്കയുടെ പ്രധാന പ്രദേശങ്ങളെ സ്പർശിക്കില്ലെന്നാണ് കരുതുന്നത്. വീടൊഴിയാതെ കഴിയുന്നവരോട് നിങ്ങളുടെ മരണത്തിന് നിങ്ങൾ തന്നെ ആയിരിക്കും ഉത്തരവാദി എന്ന് ഫ്‌ളോറിഡ ഗവർണർ വ്യക്തമാക്കി.
മിയാമിയിലും തെക്കൻ ഫ്‌ളോറിഡയിലും കൊടുങ്കാറ്റ് വീശി തുടങ്ങിയിട്ടുണ്ട്. കാറ്റ് ഒന്ന് ശാന്തമായാൽ കൊടുങ്കാറ്റ് അടങ്ങിയെന്ന് ആരും കരുതരുതെന്നും എപ്പോൾ വേണമെങ്കിലും ആഞ്ഞ് വീശുമെന്നും അത് നിങ്ങളുടെ മരണത്തിന് കാരണമാകുമെന്നും ഗവർണർ വ്യക്തമാക്കി. 63 ലക്ഷം ജനങ്ങളോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 56 ലക്ഷം പേർ ഇർമയെ പേടിച്ച് ഇതിനകം ക്യാമ്പുകളിൽ അഭയം തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related Topics

Share this story