Times Kerala

വ്യാജ പാസ്‌പോര്‍ട്ട് ; യാത്രക്കാരന്‍ പിടിയില്‍

 
വ്യാജ പാസ്‌പോര്‍ട്ട് ; യാത്രക്കാരന്‍ പിടിയില്‍

വിമാനത്താവള അധികൃതരെ കബളിപ്പിച്ച് 2008 മുതല്‍ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഹോങ് കോംഗിലേക്ക് യാത്ര ചെയ്‌തിരുന്ന യാത്രക്കാരന്‍ പിടിയില്‍. ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 11 വര്‍ഷത്തോളം വ്യാജപേരിലാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്.

പഞ്ചാബിലെ മോഗ സ്വദേശി ഗുര്‍ദീപ് സിംഗ് ആണ് കര്‍ണെയില്‍ സിംഗ് എന്ന വ്യാജ പേരില്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് യാത്ര ചെയ്തിരുന്നത്. സ്വന്തം ഫോട്ടോയും ഉപയോഗിച്ചിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഗുര്‍ദീപ് സിംഗ് കള്ളപ്പേരില്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കിയത്.

1995-ല്‍ സ്വന്തം വീസയിലാണ് ഇയാള്‍ ആദ്യമായി ഹോങ്‌കോംഗില്‍ എത്തുന്നത്. അന്നു മുതല്‍ സ്ഥിരം യാത്രക്കാരനായ ഗുര്‍ദീപ് സിംഗിന് അവിടെ ഒരു സ്ഥിരം തിരിച്ചറിയാല്‍ കോര്‍ഡ് സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2006-ല്‍ ഒരു ഏജന്റിനെ സമീപിച്ച ഗുര്‍ദീപ് സിംഗ് കര്‍ണെയില്‍ സിംഗ് എന്ന വ്യാജപേരില്‍ ഒരു വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിക്കുകയും 2008 മുതല്‍ അതുപയോഗിച്ച് യാത്ര ചെയ്യുകയുമായിരുന്നു. ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഹോങ്‌കോംഗില്‍ തിരിച്ചറിയല്‍ കാര്‍ഡും നേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് 32 കാരനായ പഞ്ചാബി യുവാവിനെ 80കാരനായി ആള്‍മാറാട്ടം നടത്തി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹിയില്‍ സി.ഐ.എസ്.എഫ് പിടികൂടിയത്. മുടിയും താടിയും വെളുപ്പിച്ച് വീല്‍ ചെയറിലാണ് ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയത്. സംശയം തോന്നിയ അധികൃതരുടെ ചോദ്യം ചെയ്യലില്‍ ഇയാള്‍ സത്യം വെളിപ്പെടുത്തുകയായിരുന്നു.

Related Topics

Share this story