Times Kerala

ഹാദിയക്കെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനം; വനിതാ കമ്മീഷന്‍

 

കൊച്ചി: ഹാദിയക്കെതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. കൊച്ചിയില്‍ നടന്ന മെഗാ അദാലത്തിലാണ് വനിതാ കമ്മീഷന്റെ പ്രതികരണം. ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടി വരുന്ന ഹാദിയയുടെ അവസ്ഥ കമ്മീഷന് ബോധ്യപ്പെട്ടതാണ്. ഈ അവസ്ഥ സൃഷ്ടിച്ചത് കോടതിയാണ്. സുപ്രീംകോടതി വരെ എത്തിനില്‍ക്കുന്ന കേസില്‍ കൂടുതലൊന്നും പറയാനില്ല. പെണ്‍കുട്ടികള്‍ വീട്ടുതടങ്കലില്‍ അകപ്പെടുന്ന കേസുകളില്‍ പരാതി കിട്ടിയാല്‍ ഇടപെടുമെന്നും ജോസഫൈന്‍ പറഞ്ഞു.

വീട്ടു തടങ്കലില്‍ കഴിയുന്ന ഹാദിയയുടെ വീട്ടില്‍ പ്രതിഷേധമറിയിച്ച് എത്തിയതിനെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത സ്ത്രീകളെ ജാമ്യത്തില്‍ വിട്ടു. വൈക്കം പോലീസ് അറസ്റ്റ് ചെയ്ത ഏഴ് പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഹാദിയയുടെ അച്ഛന്റെ പരാതിയെത്തുടര്‍ന്നാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്. മലയാളി ഫെമിനിസ്റ്റ് റീഡിംങ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളാണ് ഇന്നലെ അറസ്റ്റിലായിരുന്നത്.

Related Topics

Share this story