Times Kerala

വയനാടിന്റെ കണ്ണീരൊപ്പാൻ ലോകപ്രശസ്‌ത ചിത്രകാരൻറെ ചിത്രങ്ങൾ വിൽപ്പനക്ക് !

 
വയനാടിന്റെ കണ്ണീരൊപ്പാൻ  ലോകപ്രശസ്‌ത ചിത്രകാരൻറെ ചിത്രങ്ങൾ വിൽപ്പനക്ക് !

കൽപ്പറ്റ : പ്രളയം പെയ്‌തിറങ്ങി ഉടുതുണിക്ക് മറുതുണിയില്ലാതെ സർവ്വതും നഷ്ടപ്പെട്ട വയനാട്ടിലെ നിർദ്ധന നകുടുംബങ്ങളായ കാട്ടുമക്കൾക്ക് താങ്ങും തളലുമായി ലോകപ്രശസ്‌ത ചിത്രകാരൻ പാരീസ് മോഹൻ കുമാർ രംഗത്ത് .
വരുന്ന ഏതാനും ദിവസങ്ങൾക്കകം ഇന്ത്യയിലെ പ്രമുഖ ആർട് ഗ്യാലറികളിൽ പ്രദർശനത്തിനായി ഒരുക്കിവെച്ച തൻറെ ചിത്രങ്ങളിൽ അറുപതെണ്ണം വയനാട്ടിലെ ഇടിയം വയലിലെ പ്രളയം നക്കിയെടുത്ത് ബാക്കിവെച്ച അറുപതോളം നിർദ്ധന കുടുംബങ്ങളുടെ ജീവിത

പുനരുദ്ധാരണത്തിനായിജീവകാരുണ്യപ്രവർത്തനമെന്നനിലയിൽ ഫണ്ട് സ്വരൂപിക്കുന്നതിനായാണ് ചിത്രകലാസ്വാദകർക്കുമുമ്പിൽ പാരീസ് മോഹൻകുമാർ ചിത്രസമർപ്പണം നടത്തുന്നത് .

ഡിസാസ്റ്റർ ഡി ഡെലൂഗ് ,ഡിസാസ്റ്റർ നൈറ്റ് എന്നിങ്ങനെ പ്രളയത്തിൻറെ ഭീകര പശ്ചാത്തലത്തിൽ നിറക്കൂട്ടൊരുക്കി രചിച്ച രണ്ടു പ്രമുഖ ചിത്രങ്ങളും വിൽപ്പനക്ക് വെച്ചവയിൽ എറെ ശ്രദ്ധേയം.

യൂറോപ്പിലെ പ്രശസ്‌തമായ ആർട് ഗ്യാലറികളിലും കലാസദസ്സുകളിലും നിറസാന്നിധ്യമായിരുന്ന മോഹൻകുമാർ ഫ്രഞ്ച് ആർട് ഗ്യാലറികൾ മുതൽ രാജ്യത്തെ പ്രമുഖ ആർട് ഗ്യാലറികളിലെല്ലാം നിരവധിതവണ അദ്ധേഹത്തിൻറെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

ആഗോളതലത്തിൽ മികച്ച സമകാലിക ചിത്രകാരന്മാരുടെ പട്ടിക തയ്യാറാക്കി യുനസ്കോ ദേശീയ അവാർഡ് നൽകി ആദരിച്ച വിശ്വപ്രസിദ്ധരായ 40 ചിത്രകാരന്മാരിൽ ഏറെ പ്രമുഖനായിരുന്നു ”പാരീസിലെ മയ്യഴിക്കാരനായിരുന്ന” മോഹൻകുമാർ എന്ന ചിത്രമെഴുത്തുകാരൻ ,പ്രകൃതിയും സ്ത്രീയും എന്ന ശീർഷകത്തിൽ മുന്നൂറിലധികം ക്യാൻവാസുകളിൽ നിറംചാലിച്ച

ലോകമറിയുന്ന നിറമെഴുത്തുകാരൻ ചിത്രകലയുടെ സ്വന്തം നാടായ ഫ്രാൻസിലായിരുന്നു ഏറെക്കാലം .ജനനം 1947 ൽ ഫ്രഞ്ച് കോളനിയായ മാഹിയിൽ . ചിത്രകലയുടെ ഹരിശ്രീകുറിച്ചത്‌ തെയ്യം കലാകാരനായ കുഞ്ഞിരാമനിൽ നിന്ന് .
സ്വന്തം കയ്യൊപ്പുള്ള ചിത്രത്തിന് ആവശ്യപ്പെടുന്ന വിലനൽകാൻ കലയുടെ സാമ്രാജ്യമായ പാരീസിൽ ആരാധകർ ഇപ്പോഴും മോഹൻകുമാറിനെ കാത്തിരിക്കുന്നുവെന്നത് മറ്റൊരു സത്യം .

ഈ നിലയിലും തൻറെ ചിത്രപ്രദർശനങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൻറെ വലിയൊരു വിഹിതം മാറ്റിവെയ്ക്കുന്നത് സമൂഹത്തിലെ അധഃകൃത വിഭാഗത്തിൻറെ നന്മക്കും നിലനിൽപ്പിനുമായി.

ചിത്രകാരൻ എന്ന നിലയിലുള്ള സൗഹൃദങ്ങളും ബന്ധങ്ങളും പരിചയങ്ങളും എല്ലാം ഇത്തരം സേവാപ്രവർത്തനങ്ങൾക്കായിമാറ്റിവെച്ച ചിത്രകാരൻ വയനാട്ടിലെ സാധാരണ കർഷകർക്കിടയിൽ ! കീടനാശിനിപ്രയോഗങ്ങളോ രാസവളപ്രയോഗങ്ങളോ ഇല്ലാതെ ജൈവകൃഷി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിൻറെ ഭാഗമായി ഏതാനും വർഷങ്ങളായി വയനാട്ടിൽ അവശവിഭാഗത്തിൻറെ കാവലാൾ എന്നനിലയിൽ അവരിലൊരാളായി കഴിഞ്ഞുകൂടുന്നു. തനി ഗ്രാമീണനായ നാട്ടുമ്പുറത്തുകാരൻ , ഖാദിയുടെ വെള്ള മുണ്ടും ഷർട്ടും ,നരവീണ് വെളുത്ത താടി, സന്യാസിയുടെ കെട്ടും മട്ടും , പ്രകൃതിയുടെ സമസ്ഥ ഭാവങ്ങളും അദ്ദേഹത്തിന്റെ ക്യാൻവാസുകളിലെ രചനാവിശേഷങ്ങൾ .

ചിത്രകലയോളംതന്നെ പ്രകൃതിയെ പ്രണയിക്കുന്ന പരിസ്ഥിതിസ്‌നേഹികൂടിയായ ഇദ്ദേഹം പ്രകൃതിയെ പരിക്കേൽപ്പിക്കുന്നവരോടും മരങ്ങൾ മുറിച്ചുതള്ളുന്നവരോടും ഭക്ഷണവസ്തുക്കളിൽ മായം ചേർക്കുന്നവരോടും സ്വീകരിക്കുന്ന വിമർശനാത്മകസമീപനങ്ങൾ ഒരു വിഭാഗം ആളുകളിൽശത്രുതാമനോഭാവം വളർത്താതെയുമല്ല.ഗ്രാമങ്ങളിലെ യുവതീയുവാക്കളുടെ നേതൃത്വ പാഠവശേഷി വികസനത്തിനൊപ്പം അവരെ മികച്ച വ്യക്തിത്വങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യവുമായി നടപ്പിലാക്കുന്ന ലീഡർഷിപ്പ് വില്ലേജ് പദ്ധതിയുടെ ഭാഗമായി ലോകോത്തര പുസ്തകങ്ങളടക്കമുള്ള ലൈബ്രറികളൂം സ്ഥാപിക്കുന്നതിലും ഇദ്ദേഹം മുൻകൈ എടുത്തുവരുന്നു .
വയനാട്ടിലെ ചെറുകര പഞ്ചായത്തിലെ പല വാർഡുകളിലും ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധി ക്കാനിടയായത് മാരകമായ കീടനാശിനി തളിച്ച് മണ്ണും ജലവും വിഷമയമാക്കിയതുകൊണ്ടാണെന്ന് അർത്ഥശങ്കക്കിടയില്ലാതെയാണ് മോഹൻകുമാർ വ്യക്തമാക്കുകയുണ്ടായി .

അഞ്ചുവര്ഷത്തേക്കെങ്കിലും വായനാട്ടിൽ നിന്നും മരങ്ങൾ കൂട്ടമായി വെട്ടിമാറ്റുന്നതും പാറ പൊട്ടിക്കുന്നതും നിർത്തലാക്കണമെന്നപോലെതന്നെ മീറ്റ് മാർക്കറ്റിങ്ങ് വയനാട്ടിൽ തുടങ്ങിയതിനോടും അശേഷം ഇദ്ദേഹം യോജിക്കുന്നില്ല ,കുടുംബശ്രീയുടെ പേരിൽ തൊഴിലുറപ്പുപദ്ധതിനട പ്പിലാക്കുന്നവർ കുറ്റി ച്ചെടികളും മറ്റ് ഔഷധച്ചെടികളും വള്ളിപ്പടർപ്പുകളും ശുചീകരണത്തിന് പേരിൽ തീയിട്ട് നശി പ്പിക്കുന്നതിനെതിരെയും പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്മായ മോഹൻകുമാർ പ്രതികരിക്കുന്നു ,വയനാട്ടിലെ സാധാരണക്കാരായ കർഷകർക്കിടയിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുമായാണ് മോഹൻകുമാർ വയനാട്ടിൽ താമസം തുടങ്ങിയത് ,കൃഷിയിലൂടെ ലഭിക്കുന്ന ഉത്പ്പന്നങ്ങൾക്കൊപ്പം അവർ ഉണ്ടാക്കുന്ന മറ്റു ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുകയും പകരം ചോമ്പാൽ ഹാർബറിൽ വണ്ടിയുമായിവന്ന് പുതിയ മത്സ്യങ്ങളും വടകര മാർക്കെറ്റിൽനിന്നു മറ്റുസാധനങ്ങളും വാങ്ങി വയനാട്ടിലെ അവശകുടുംബങ്ങൾക്ക് മുടങ്ങാതെ എത്തിക്കുക്കുന്നതും മോഹൻകുമാറിൻറെ ദിനചര്യയുടെ ഭാഗം എന്നുവേണം കരുതാൻ ,ദുരിത മേഖലയിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ ചിത്രസമർപ്പണം നടത്തുന്ന ഈ ചിത്രകാരനൊപ്പം കൈകോർക്കാൻ എല്ലാ സുമനസ്സുകളെയും അദ്ദേഹം സ്വാഗതം ചെയ്യുന്നു ചിത്രങ്ങൾ ആവശ്യമുള്ളവർ ബന്ധപ്പെടുക 9845661641

Related Topics

Share this story