Times Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂല വിഗ്രഹം സുരക്ഷിതമെന്ന് അമിക്കസ് ക്യൂറി

 

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന്റെ പരിശോധന സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. മൂലവിഗ്രഹത്തിന് ഗുരുതരമായ കേടുപാടുകള്‍ ഇല്ലെന്നും, പൂര്‍ണമായും സുരക്ഷിതമാണെന്നും പരിശോധനകള്‍ക്കുശേഷം ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു.

ബുധനാഴ്ച രാവിലെ ആരംഭിച്ച പരിശോധന വൈകുന്നേരത്തോടെയാണ് പൂര്‍ത്തിയാക്കിയത്. മൂലവിഗ്രഹത്തിന് കേടുപാട് സംഭവിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് സുപ്രീംകോടതിയുടെ അനുമതിയോടെ പരിശോധന നടത്തിയത്. പരിശോധനക്കായി ചൊവ്വാഴ്ചയാണ് ഗോപാല്‍ സുബ്രഹ്മണ്യം തിരുവനന്തപുരത്ത് എത്തിയത്. തന്ത്രിമാര്‍ വാസ്തുവിദഗ്ധര്‍, ക്ഷേത്ര പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗോപാല്‍ സുബ്രഹ്മണ്യം മൂലവിഗ്രഹത്തിന്റെ പരിശോധന പൂര്‍ത്തിയാക്കിയത്.

അമിക്കസ്‌ക്യൂറിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന പ്രിസര്‍വേഷന്‍ കമ്മിറ്റി യോഗത്തില്‍ ക്ഷേത്രത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഇന്ന് നടന്ന പരിശോധനകള്‍ക്കു ശേഷം ബി നിലവറ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ ഗോപാല്‍ സുബ്രഹ്മണ്യം രാജകുടുംബവുമായി ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്.

Related Topics

Share this story