Times Kerala

ബന്ധം വേര്‍പെടുത്തേണ്ടുന്ന സമയം !

 
ബന്ധം വേര്‍പെടുത്തേണ്ടുന്ന സമയം !

വൈവാഹിക ബന്ധം എന്നത് രണ്ട് വ്യക്തികള്‍ ഒരുമിച്ച് ചേരുന്ന, ഒരേ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ജീവിതമാണ്. ഇരുവരും പരസ്പരം യോജിക്കുന്നവരാണ് എന്ന കണ്ടെത്തലില്‍ നിന്നാണ് ഈ ബന്ധം രൂപം കൊള്ളുന്നത്. അതുപോലെ പരസ്പരം യോജിക്കില്ല എന്ന് കാണുന്നതോടെ ആ ബന്ധം തകരുകയും ചെയ്യും. ഇതിന്‍റെ രസകരമായ ഒരു വശമെന്നത് ഏറെക്കാലംകൊണ്ട് രൂപപ്പെടുന്ന ബന്ധം തകരാന്‍ വളരെ കുറഞ്ഞ സമയം മതിയാകും എന്നതാണ്. രണ്ട് ചോദ്യങ്ങളാണ് ഈ സാഹചര്യത്തില്‍ ഉയരുന്നത്. എങ്ങനെയാണ് യോജിക്കാത്ത ഒരാളെ പങ്കാളിയാക്കിയത്? ബന്ധത്തില്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പട്ടോ?. അതെന്തായാലും ബന്ധം ഒരു ഭീകരാവസ്ഥയായി തോന്നുന്ന അവസരത്തില്‍ അത് അവസാനിപ്പിക്കുന്നത് തന്നെയാണ് നല്ലത്.

ബന്ധം നിരാശയും പ്രശ്നങ്ങളും മാത്രമാണ് ഉണ്ടാക്കുന്നതെങ്കില്‍ അത് അവസാനിപ്പിക്കുന്നതാണുചിതം. ബന്ധങ്ങള്‍ കുഴപ്പത്തിലാകുമ്പോള്‍ എപ്പോഴാണ് ബന്ധം പിരിയേണ്ടത് എന്ന് മനസിലാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

1. ദുരുപയോഗവും പരിഗണനയില്ലായ്മയും – നിങ്ങള്‍ക്ക് പങ്കാളിയില്‍ നിന്ന് ഒരിക്കലും പരിഗണനയും ആദരവും ലഭിക്കുന്നില്ലെങ്കില്‍ ആ വ്യക്തിയില്‍ നിന്ന് ബന്ധം വേര്‍പെടുത്തുന്നതാണ് നല്ലത്. ബന്ധങ്ങളുടെ പ്രധാന ലക്ഷ്യമെന്നത് അവ സന്തോഷകരവും, സംതൃപ്തി നല്കുന്നതുമാകണമെന്നതാണ്. പങ്കാളികള്‍ പരസ്പരം പരമാവധി സംരക്ഷണവും പരിഗണനയും നല്കണം. വൈകാരികമായോ, ശാരീരികമായോ ഉള്ള ദുരുപയോഗം പങ്കാളി പിന്തുടരുന്നുവെങ്കില്‍ ബന്ധത്തിന് വിരാമമിടുന്നതാണ് നല്ലത്.

2. സ്നേഹം കുറയുന്നു – സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നവരാണ് മനുഷ്യര്‍. വൈവാഹിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ റൊമാന്‍റികായ ഒരു ബന്ധമാണ് ആഗ്രഹിക്കുക. പരസ്പരം മനസിലാക്കാനാവുന്നില്ലെങ്കില്‍ അത് അധികം മുന്നോട്ട് കൊണ്ടുപാകാനാകില്ല. നിങ്ങളോട് താല്പര്യമില്ലാത്ത, സ്നേഹമില്ലാതെ പെരുമാറുന്നയാളോട് നിങ്ങള്‍ സഹകരിക്കേണ്ടതില്ല. പ്രണയത്തിന്‍റെ അഭാവം ബന്ധത്തിലെ താല്‍പര്യമില്ലായ്മയെയാണ് കാണിക്കുന്നത്. പരസ്പരമുള്ള സ്നേഹം താഴേക്ക് താഴ്ന്ന് പോകുമ്പോള്‍ അത് വേര്‍പിരിയലിന്‍റെ സൂചനയായി കണക്കാക്കാം.

3. വിശ്വാസ നഷ്ടം – പരസ്പരമുള്ള വിശ്വാസം ബന്ധത്തെ നിലനിര്‍ത്തുന്ന ഘടകമാണ്. വിശ്വാസം, പ്രണയം വെളിവാക്കാനും, പങ്കാളിയോടുള്ള പരിഗണനയും പ്രകടമാക്കുന്നതാണ്. പങ്കാളികളിലൊരാള്‍ ബന്ധത്തില്‍ വിശ്വാസം നിലനിര്‍ത്തുന്നില്ലെങ്കില്‍ അത് ബന്ധം അവസാനിപ്പിക്കാനുള്ള അടയാളമാണ്.

4. എല്ലായ്പോഴും അസന്തുഷ്ടിയും മാനസിക സമ്മര്‍ദ്ദവും – ബന്ധം നിങ്ങള്‍ക്ക് നല്കുന്നത് മാനസിക സമ്മര്‍ദ്ധവും അസന്തുഷ്ടിയും സമാധാനക്കേടും മാത്രമാണെങ്കില്‍ ബന്ധത്തിന് അര്‍ത്ഥമില്ലെന്നാണ് പറയേണ്ടത്. കഴിയുന്നിടത്തോളം പെട്ടന്ന് തന്നെ അത് അവസാനിപ്പിക്കുക. ഈ സമ്മര്‍ദ്ദം നിങ്ങളുടെ തന്നെ സൃഷ്ടിയാണോ അതോ പരസ്പരബന്ധത്തിലെ പാകപ്പിഴകള്‍ മൂലമാണോ എന്ന് ആലോചിക്കുക. ബന്ധത്തിലെ പ്രശ്നങ്ങള്‍ മൂലമാണെങ്കില്‍ അത് കഴിയുന്നതും വേഗം അവസാനിപ്പിക്കുന്നതാണ് ഉചിതം.

Related Topics

Share this story