Times Kerala

മലയാളികളുടെ ദാമ്പത്യത്തിൽ വില്ലൻ സ്മാർട്ട് ഫോണോ.?

 
മലയാളികളുടെ ദാമ്പത്യത്തിൽ  വില്ലൻ സ്മാർട്ട് ഫോണോ.?

കൊച്ചി: മലയാളി കുടുംബങ്ങളിലെ ലൈംഗിക ജീവിതത്തിൽ സ്മാർട്ട് ഫോൺ വില്ലനാകുന്നുവോ?. ലൈംഗികതയിൽ പരീക്ഷണങ്ങൾ നടത്തുന്നതിനും പൂർണമായും ലൈംഗികത ആസ്വദിക്കുന്നതിനും സ്മാർട്ട്‌ഫോണുകൾ മലയാളി കുടുംബങ്ങളിൽ തടസം നിൽക്കുന്നതായാണ് പല പഠനങ്ങളും കണ്ടെത്തിയിരിക്കുന്നത്.

സംതൃപ്തമായ ലൈംഗിക ജീവിതം സ്വപ്നം കാണാത്തവരായി ആരാണുള്ളത്. കൗമാരംപ്രായം മുതലേ മനുഷ്യമനസിൽ തന്റെ ഭാവി ഇണയെപ്പറ്റിയുള്ള ചിന്തകൾ നിറയുന്നതായാണ് ശാസ്ത്രം പറയുന്നത്. യുവതീ യുവാക്കൾ കാണുന്ന സ്വപ്നങ്ങളിൽ അധികവും തന്റെ ഇണയുമൊത്തുള്ള സന്തോഷകരമായ ജീവിതമായിരിക്കും. ഇങ്ങനെ ആനന്ദകരമായ ദാമ്പത്യം സ്വപ്നം കണ്ട് കുടുംബജീവിതത്തിലേക്ക് കടക്കുന്നു മിക്ക യുവതീ യുവാക്കൾക്കും ഈ സന്തോഷം യഥാർഥ കുടുംബ ജീവിതത്തിൽ അനുഭവിക്കാനാവുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് അടുത്തിടെ നടന്ന പഠനങ്ങൾ കാണിക്കുന്നത്.

വേണ്ടത്ര മുന്നൊരുക്കമില്ലാതെയും ലൈംഗിക അറിവില്ലാതെയും വൈകാരിക പക്വതയില്ലാതെയും വിവാഹജീവിതത്തിലേക്ക് കടക്കുന്ന വ്യക്തികൾ ഊഷ്മളമായ സ്‌നേഹ ബന്ധംപോലും ഉണ്ടാക്കാൻ ആവാതെ പരാജയപ്പെടുന്നതായാണ് കണ്ടുവരുന്നത്. മലയാളിയുടെ സന്തതസഹചാരിയായി മാറിയിരിക്കുന്ന ഇന്റർനെറ്റും മൊബൈൽ ഫോണും വാട്‌സാപ്പുമെല്ലാം ഇതിന്റെ ഉത്തരവാദികൾ തന്നെ. ജീവിത തിരക്കുകളും ജോലിയുടെ സമ്മർദവും കൂടിയാകുമ്പോൾ ഒന്നിനും സമയമില്ല എന്ന അവസ്ഥയിലേക്ക് മലയാളി എത്തിയിരിക്കുന്നു. നമ്മുടെ ചില സാമൂഹിക നിലപാടുകളും ഇതിനെ സ്വാധീനിക്കുന്നുണ്ട്. അറേഞ്ചഡ് മാര്യേജിന് വലിയ പ്രാധാന്യം കൽപ്പിക്കുന്ന മലയാളി അവിടെയും നോക്കുന്നത് കുടുംബ മഹിമയും സാമ്പത്തികവും സുരക്ഷിതവുമായ ജോലിയുമാണ്. ഇങ്ങനെ ബാഹ്യമായ പൊരുത്തം നോക്കി വിവാഹജീവിതത്തിലേക്ക് കടന്നുവരുന്ന മലയാളിക്ക് ആഴമേറിയ സൗഹൃദ ബന്ധത്തിലേക്ക് എത്താനുള്ള സമയം പോലും സമൂഹം കൊടുക്കുന്നില്ല.

വിവാഹം കഴിഞ്ഞ് അധികം താമസിക്കാതെ കുഞ്ഞിക്കാൽ കാണണമെന്ന് സമൂഹം നിർബന്ധം പിടിക്കുന്നു. ഇല്ലെങ്കിൽ വിശേഷമായില്ലേ എന്ന ചോദ്യവുമായി ബന്ധുക്കളും അയൽക്കാരും പിന്നാലെ കൂടും. വിവാഹത്തിന്റെ ആദ്യനാളുകളിൽ പരസ്പരം മനസിലാക്കാനും അടുത്തറിയാനും ഉള്ള സമയമാണ്. ചിലർക്ക് അത് എളുപ്പം സാധിച്ചെന്നും വരാം. എന്നാൽ മറ്റു ചിലർക്ക് അതിന് സമയമെടുത്തേക്കാം. അതിനുള്ള സാവകാശം നാം അവർക്ക് കൊടുക്കണം. ഭാര്യാ ഭർത്താക്കന്മാർ നല്ല സൗഹൃദ ബന്ധത്തിൽ എത്തിയതിനു ശേഷം വേണം മക്കളുണ്ടാകാൻ. എന്നാൽ ഒരു കുഞ്ഞ് ഉണ്ടായാൽ ഇവർ തമ്മിലുള്ള പ്രശ്‌നങ്ങൾ എല്ലാം തീരും എന്ന ധാരണ ശരിയല്ല. ആഴമേറിയ സ്‌നേഹ ബന്ധത്തിലെത്തിയതിനുശേഷമേ ലൈംഗിക ബന്ധത്തിലേർപ്പെടാവൂ എന്ന അടിസ്ഥാന തത്വം നാം വിസ്മരിക്കരുത്.

മലയാളിക്ക് ഇന്ന് തിരക്കൊഴിഞ്ഞിട്ട് നേരമില്ലാതായിരിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന കുടുംബ വ്യവസ്ഥിതിയും ജീവിത തിരക്കുകളും ജോലിയുടെ സമ്മർദവും മലയാളിയെ കാര്യമായിത്തന്നെ സ്വാധീനിച്ചിരിക്കുന്നു. അതിന്റെ പ്രതിഫലനമാകട്ടെ കാണുന്നത് അവന്റെ ലൈംഗിക ജീവിതത്തിലും.

ഇന്നത്തെ ന്യൂജനറേഷൻ മലയാളികൾ പലരും ജോലിത്തിരക്കിലാണ്. ഓഫീസ് പ്രശ്‌നങ്ങൾ ലാപ്‌ടോപ്പിനോടൊപ്പം വീട്ടിലേക്ക് കൊണ്ടുവരുന്നവർ ഏറെ. ജീവിതത്തിരക്കുകൾ കഴിഞ്ഞ് കിടപ്പറയിലെത്തുമ്പോഴേക്കും പലരും ക്ഷീണിച്ച് അവശരായിരിക്കും. ജോലിത്തിരക്കും ജോലിയുടെ സമ്മർദങ്ങളും കാർന്നു തിന്നുന്നത് തന്റെ ദാമ്പത്യ ബന്ധത്തിലെ ഊഷ്മളതയും അതിലുപരി തന്റെ ലൈംഗിക ജീവിതവുമാണെന്ന് പലരും അറിയുന്നില്ല. സ്ട്രസ് ഏതു തരത്തിലുള്ളതായാലും അത് ലൈംഗിക താൽപര്യവും ഉത്തേജനവും കുറയ്ക്കുക തന്നെചെയ്യും.

ഉറക്കസമയം തന്നെ തിരക്കുകൾ കവരുമ്പോൾ ഉറക്കസമയത്തു നിന്ന് അൽപം എടുത്ത് ലൈംഗികത ആസ്വദിക്കാൻ പിന്നെ എവിടെ നേരവും മനസും. ജോലിത്തിരക്കെല്ലാം മാറ്റിവച്ച് ആഴ്ചാവസാനമെങ്കിലും അൽപനേരം കുടുംബത്തോടൊപ്പം ചെലവഴിക്കാനും ജീവിതം ആസ്വദിക്കാനും മലയാളി പഠിക്കേണ്ടിയിരിക്കുന്നു. ജോലിത്തിരക്കുകളേയും മാനസിക സമ്മർദങ്ങെളയും നേരിടാനും ലൈംഗിക താൽപര്യം വീണ്ടെടുക്കാനും ലൈംഗിക ആസ്വദിക്കാനും അത് പഠിപ്പിക്കുന്നു.

Related Topics

Share this story