ചണ്ഡിഗഢ്: ബലാത്സംഗ കേസിൽ വിധി പുറപ്പെടുവിക്കാനിരിക്കെ ദേര സച്ചാ സൗധ സ്ഥാപകൻ ഗുർമീത് റാം റഹീം സിങ് ഹരിയാനയിലെ സി.ബി.െഎ പ്രത്യേക കോടതിയിലേക്ക് പുറപ്പെട്ടു. 200ലധികം വാഹനങ്ങളുടെ അകമ്പടിയിലാണ് ഗുർമീത് റാം റഹീം സിങ് കോടതിയിലേക്ക് എത്തുന്നത്. ഇതിനിടെ പ്രതിഷേധം ഉയർത്തുന്നവർ ഗുർമീതിന്റെ വാഹനവ്യൂഹം തടഞ്ഞു. എന്നാൽ, ഗുർമീതിനെ കാണാൻ വഴിയരികിൽ നിൽക്കുന്ന അനുയായികൾ കരയുകയും പിന്തുണ അറിയിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നുണ്ട്. 1999ൽ അനുയായിയായ സ്ത്രീയെ ഗുർമീത് റാം റഹീം സിങ് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
കോടതി വിധിയെ വിധിയെ തുടർന്നുണ്ടായേക്കാവുന്ന സംഘർഷസാധ്യത കണക്കിലെടുത്ത് അസാധാരണ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സി.ബി.െഎ പ്രത്യേക കോടതിയുടെ ബെഞ്ച് സ്ഥിതി ചെയ്യുന്ന പഞ്ച്കുളയിലേക്ക് ഗുർമീതിന്റെ അനുയായികളുടെ ഒഴുക്ക് തടയാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ചണ്ഡിഗഢിലേക്ക് വരുന്ന എല്ലാ പാസഞ്ചർ ട്രെയിനുകളും വ്യാഴാഴ്ച മുതൽ നാലു ദിവസത്തേക്ക് റദ്ദാക്കി. മൊത്തം 29 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ചണ്ഡിഗഢിലേക്കും പഞ്ച്കുളയിലേക്കും ഹരിയാനയിൽ നിന്ന് വരുന്ന ബസുകളും രണ്ട് ദിവസത്തേക്ക് നിരോധിച്ചു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിലും 72 മണിക്കൂർ നേരത്തേക്ക് ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കി. പൊലീസിെൻറ വലിയ സന്നാഹങ്ങൾക്ക് പുറമെ 150 കമ്പനി സേനയെ കേന്ദ്രസർക്കാർ അയച്ചിട്ടുണ്ട്. ചണ്ഡീഗഢിലുള്ള എല്ലാ സർക്കാർ ഒാഫിസുകളും ഇന്ന് അടച്ചിടുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. എന്നാൽ, കടുത്ത നിയന്ത്രണങ്ങൾക്കിടയിലും പഞ്ച്കുളയിലേക്ക് ദേര സച്ചാ സൗധ അനുയായികളുടെ ഒഴുക്ക് തുടരുകയാണ്. ക്രമസമാധാനത്തിന് വെല്ലുവിളിയെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിൽ പാർപ്പിക്കുന്നതിന് ചണ്ഡിഗഢിലെ സെക്ടർ 16 ക്രിക്കറ്റ് സ്റ്റേഡിയം താൽക്കാലിക ജയിലായി പ്രഖ്യാപിച്ചു
Comments are closed.