Times Kerala

അവള്‍ക്കു നിങ്ങളെ മടുത്തുവോ?

 
അവള്‍ക്കു നിങ്ങളെ മടുത്തുവോ?

നിങ്ങളുടെ പ്രണയബന്ധം തകര്‍ച്ചയുടെ വക്കിലാണോ എന്ന്‌ സംശയം തോന്നുന്നുണ്ടോ? പ്രണയിനി ഉപേക്ഷിച്ച്‌ പോകുമെന്ന ചിന്ത നിങ്ങളെ ഭ്രാന്ത്‌ പിടിപ്പിക്കുന്നുണ്ടോ? എങ്കില്‍ ഒരു വീണ്ടുവിചാരത്തിന്‌ സമയമായിരിക്കുന്നുവെന്ന്‌ നിസ്സംശയം പറയാം.

ഇനി പറയുന്ന സൂചനകള്‍ നിങ്ങള്‍ക്ക്‌ അനുഭവപ്പെട്ടിട്ടുണ്ടോ എന്ന്‌ പരിശോധിക്കുക.

വിരസമായി മാറുന്ന സല്ലാപം
നിങ്ങള്‍ സംസാരിക്കുമ്പോള്‍ പഴയ താത്‌പര്യം കാണിക്കാതെ അവള്‍ ഒഴിഞ്ഞുമാറുന്നു. വഴക്കടിക്കുയോ കളിയാക്കുകയോ ചെയ്യാതെ എല്ലാം വെറുതേ കേട്ടിരിക്കുകയും നിങ്ങളുടെ സംഭാഷണം അവഗണിക്കുകയും ചെയ്യുന്നു. നിങ്ങള്‍ വിളിക്കാന്‍ മറന്നുപോയാല്‍ അവള്‍ പരിഭവപ്പെടുന്നില്ല. ഒരു ബന്ധത്തിലെ ഊഷ്‌മളതയും താത്‌പര്യക്കുറവും മുഖഭാവങ്ങളില്‍ നിന്നും കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും. എല്ലായ്‌പ്പോഴും അവള്‍ ഈ രീതിയില്‍ താത്‌പര്യക്കുറവ്‌ കാണിക്കുന്നുണ്ടെങ്കില്‍, ഉറപ്പിച്ചോളൂ അവളുടെ ഹൃദയത്തില്‍ നിങ്ങളുടെ സ്ഥാനത്തിന്‌ ഇളക്കം തട്ടിയിരിക്കുന്നു.

അകാരണമായി നിങ്ങളെ വിമര്‍ശിക്കുന്നു
അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്‌. അതുകൊണ്ട്‌ തന്നെ ചിലപ്പോള്‍ അവള്‍ നിങ്ങളുടെ മുഖത്ത്‌ നോക്കി അഭിപ്രായവ്യത്യാസം തുറന്ന്‌ പറഞ്ഞിട്ടുണ്ടാകാം. എന്നാല്‍ നിങ്ങളെ കാണുമ്പോള്‍ അവള്‍ അസ്വസ്ഥയാകുകയും തൊട്ടതിനും പിടിച്ചതിനുമൊക്കെ വിമര്‍ശിക്കുകയും ചെയ്യുന്നു എന്നിരിക്കട്ടെ. ചെറിയ തര്‍ക്കങ്ങള്‍ സ്‌നേഹത്തിന്റെ ശക്തി കൂട്ടുകയേ ഉള്ളൂ. എന്നാല്‍ അനവസരത്തിലുള്ള വിമര്‍ശനങ്ങളും ശകാരവും സ്‌നേഹത്തകര്‍ച്ചയുടെ ലക്ഷണമാണ്‌.

നിങ്ങളുടെ സുഹൃത്തുക്കളെ കാണാന്‍ തയ്യാറാകുന്നില്ല
പെട്ടെന്ന്‌ അവള്‍ക്ക്‌ നിങ്ങളുടെ സുഹൃത്തുക്കളോട്‌ അനിഷ്ടം തോന്നുന്നു. നിങ്ങളുടെ സുഹൃത്തുക്കളെ കാണാന്‍ പോലും തയ്യാറാകുന്നില്ല. നിങ്ങള്‍ മോശം കൂട്ടുകെട്ടിലാണെന്ന്‌ വിമര്‍ശിക്കുകയും നിങ്ങളെ അപമാനിക്കുകയും ചെയ്യുന്നു. നിങ്ങളുടെ മാന്യതയെ പോലും അവള്‍ ചോദ്യം ചെയ്യുന്ന ഘട്ടമെത്തിയാല്‍ ഉറപ്പിക്കാം, ഈ ബന്ധം അധികനാള്‍ നീണ്ടുനില്‍ക്കില്ലെന്ന്‌.

കിടക്കറയിലും എല്ലാം യാന്ത്രികമായി മാറുക
കിടപ്പുമുറിയിലും തികച്ചും യാന്ത്രികമായി പെരുമാറുക. സ്‌നേഹത്തോടെയുള്ള ആലിംഗനങ്ങള്‍ ഇല്ലാതാവുക, ലാളനകളും ചുംബനങ്ങളും അപ്രത്യക്ഷമാവുക എന്നിവ യാന്ത്രികമായ പെരുമാറ്റത്തിന്‌ ഉദാഹരണങ്ങളാണ്‌. നിങ്ങള്‍ ഇത്തരം സ്‌നേഹപ്രകടനങ്ങള്‍ക്ക്‌ തുനിഞ്ഞാലും അവള്‍ എതിര്‍ക്കുക. നിങ്ങള്‍ക്കിടയിലുള്ള ബന്ധം ഇനി ഒരിക്കലും പഴയപടി ആകില്ലെന്നതിന്റെ സൂചനകളാണ്‌ ഇവയെല്ലാം.

ഭാവിയെ കുറിച്ച്‌ സംസാരിക്കാതിരിക്കുക
നേരത്തേ അവള്‍ എപ്പോഴും ഭാവിയെ കുറിച്ച്‌ സംസാരിക്കുമായിരുന്നു. നിങ്ങളെ പോലൊരാളെ വിവാഹം കഴിക്കുന്നതിനെ കുറിച്ചും ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുന്നതിനെ കുറിച്ചും വാചാലയാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവളുടെ സംഭാഷണത്തില്‍ ഭാവിയെ കുറിച്ചുള്ള കാര്യങ്ങള്‍ കാണുന്നില്ല. എങ്കില്‍ ഈ ബന്ധത്തില്‍ അവള്‍ക്ക്‌ താത്‌പര്യം കുറഞ്ഞുവരുന്നു എന്നു തന്നെയാണ്‌ അര്‍ത്ഥം.

ഒരുക്കം കുറയ്‌ക്കുക
നിങ്ങളോടുള്ള ഓരോ നിമിഷവും ആഘോഷമാക്കിയിരുന്നു നിങ്ങളുടെ പ്രിയതമ എന്ന്‌ കരുതുക. സുന്ദരിയായി പ്രത്യക്ഷപ്പെടാന്‍ ഒരുപാട്‌ സമയം ചെലവഴിച്ചിരുന്ന അവള്‍ പെട്ടെന്ന്‌ ഇതിലൊക്കെ താത്‌പര്യം നഷ്ടപ്പെട്ട പോലെ കാണപ്പെടുക. ഊര്‍ജ്ജസ്വലതയൊക്കെ നഷ്ടപ്പെട്ട്‌ അലസയായി കാണപ്പെടുക. നിങ്ങളുടെ ബന്ധത്തിന്റെ തീവ്രത കുറയുന്നതിന്റെ ലക്ഷണമായി വേണം ഇതിനെ കാണാന്‍.

Related Topics

Share this story