Times Kerala

പ്രണയനൊമ്പരങ്ങള്‍ മറക്കൂ

 
പ്രണയനൊമ്പരങ്ങള്‍ മറക്കൂ

പ്രണയിക്കുന്നവര്‍ ധാരാളം. ഇതുപോലെ തന്നെ പ്രണയം നഷ്ടപ്പെട്ടു പോയവരും ധാരാളമുണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ തകര്‍ന്നടിഞ്ഞു പോകുന്നവരുണ്ട്. പ്രണയനൈരാശ്യങ്ങളെ കണക്കിലെടുക്കാത്തവരുണ്ട്. ഇത്തരം വേദനകളില്‍ നിന്നും കര കയറുന്നവരുമുണ്ട്.

പ്രണയം നഷ്ടപ്പെട്ടു പോയെങ്കില്‍ ജീവിതം തന്നെ നഷ്ടപ്പെടുമെന്നു കരുതുന്നവരുണ്ട്. എന്നാല്‍ നീണ്ടു കിടക്കുന്ന ജീവിതത്തില്‍ ഇത്തരം തോന്നലുകള്‍ക്കും ഇതു കൊണ്ടു ചെയ്തു കൂട്ടുന്ന പ്രവൃത്തികള്‍ക്കും കാര്യമായ സ്ഥാനമില്ല എന്നതാണു വാസ്തവം.

നഷ്ടപ്പെട്ടു പോയ പ്രണയത്തിന്റെ വേദനകളില്‍ നിന്നും കര കയറാന്‍ കൂട്ടു പിടിക്കാവുന്ന ചിലരുണ്ട്, ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ആശ്രയിക്കാവുന്ന ചിലരുണ്ട്.

പ്രണയനൈരാശ്യത്തില്‍ നിന്നും കര കയറാനുള്ള പ്രധാന കൂട്ടുകളിലൊന്ന് കൂട്ടുകാര്‍ തന്നെയാണ്. മനസിലെ ഭാരവും വിഷമവും മനസിലാക്കാന്‍ സാധിയ്ക്കുന്ന കൂട്ടുകാരുണ്ടെങ്കില്‍ ഇത് മനസിന് വല്ലാത്ത ആശ്വാസം നല്‍കും.

പ്രണയനൊമ്പരങ്ങള്‍ മറക്കൂ
ഇത്തരം സാഹചര്യങ്ങളില്‍ കുടുംബാംഗങ്ങളേയും ആശ്രയിക്കാം. എന്തും കുടുംബത്തില്‍ തുറന്നു ചര്‍ച്ച ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള അച്ഛനമ്മമാരെങ്കില്‍, സഹോദരീസഹോദരന്മാരെങ്കില്‍ ഇവര്‍ നല്ലൊരു സുഹൃത്തിന്റെ ഗുണം ചെയ്യും.

ചിലരുണ്ട്, ഒരു കമിതാവിനെ ഉപേക്ഷിച്ച് മറ്റൊരാളിനെ തെരഞ്ഞെടുക്കുന്നവര്‍. ചിലപ്പോള്‍ ആദ്യം വേണ്ടെന്നു വച്ചയാള്‍ ഇപ്പോഴും നിങ്ങളെ സ്‌നേഹിക്കുന്നുണ്ടാകും. തെറ്റുകള്‍ പൊറുത്ത് വീണ്ടും സ്‌നേഹിക്കാന്‍ മനസു കാണിക്കുന്നുണ്ടാകും. ചിലര്‍ക്കെങ്കിലും ചിലപ്പോഴെങ്കിലും ഇവരും ആശ്രയമാകാറുണ്ട്.

നിങ്ങളോട് അകന്നു പോയ കാമുകനെ, അല്ലെങ്കില്‍ കാമുകിയെ വെറുക്കുന്ന ചിലരെങ്കിലുമുണ്ടാകും. ഇവരോട് സംസാരിച്ചു നോക്കൂ. പോയ ആളെക്കാറും നല്ലൊരാളെ കിട്ടാന്‍ നിങ്ങള്‍ക്ക് യോഗ്യതയുണ്ടെന്ന രീതിയിലുള്ള ഇത്തരം സംസാരങ്ങളും ഒരു പരിധി വരെ ആശ്വാസം നല്‍കും.

ചിലപ്പോള്‍ അത്രയൊന്നും പരിചയമില്ലാത്ത ഒരു വ്യക്തിക്കും ഇത്തരം സാഹചര്യത്തില്‍ നിങ്ങളെ സഹായിക്കാന്‍ സാധിക്കും. ചിലപ്പോള്‍ പാര്‍ക്കില്‍ നടക്കാന്‍ പോകുമ്പോള്‍ കണ്ടെത്തുന്ന ഒരു വ്യക്തിയായിരിക്കാം, അല്ലെങ്കില്‍ ജിമ്മില്‍ ഒപ്പം വര്‍ക്കൗട്ട് ചെയ്യുന്നയാളായിരിക്കാം. നേരായ സംസാരത്തിലൂടെയും ഇത്തരം വിഷമങ്ങളെ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ സാധിയ്ക്കും.

Related Topics

Share this story