Times Kerala

സൗഹൃദം വിവാഹശേഷം

 
സൗഹൃദം വിവാഹശേഷം

സൗഹൃദങ്ങള്‍ പ്രണയത്തിലും വിവാഹത്തിലുമെത്തി കഥ ഇപ്പോള്‍ പുതുമയൊന്നുമല്ല. സുഹൃത്തിനെ മാത്രമേ വിവാഹം കഴിയ്ക്കൂ എന്നു പറയുന്നവരും കുറവല്ല. എന്നാല്‍ ഈ സൗഹൃദം ജീവിതകാലം മുഴുവന്‍ കൊണ്ടു നടക്കാനാണ് ബുദ്ധിമുട്ട്. വിവാഹത്തോടെ പലരുടേയും ജീവിതത്തില്‍ നിന്നും സൗഹൃദവും പ്രണയവും ഒരേ പോലെ പടിയിറങ്ങിയ ചരിത്രവും കുറവല്ല.
ഇതൊക്കെയാണെങ്കിലും വിവാഹശേഷവും സൗഹൃദം അതേ തീക്ഷ്ണതയോടെ കൊണ്ടുപോകുന്ന പല ദമ്പതിമാരുമുണ്ട്. കാഴ്ചക്കാരില്‍ അസൂയയുണ്ടാക്കുന്ന ഒരു കാഴ്ച. വിവാഹശേഷവും സൗഹൃദം കൊണ്ടുപോകാം, ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നേയുള്ളൂ.

വിവാഹശേഷം വെറും ഭര്‍ത്താവും ഭാര്യയുമായി മാറിയാല്‍ ഇത് സൗഹൃദത്തിന് നേരെയുള്ള ഒരു ഈര്‍ച്ചവാളായിരിക്കും. ഉദാഹരണത്തിന് ഭര്‍ത്താവിനെ എപ്പോഴും ചോദ്യം ചെയ്യുന്ന ഭാര്യയും ഭാര്യയെ സംശയിക്കുന്ന ഭര്‍ത്താവുമായാല്‍ തീര്‍ന്നു കഥ. ഭാര്യക്കും ഭര്‍ത്താവിനും സമൂഹം എഴുതി വിധിച്ച ചിട്ടകളില്‍ നിന്നും മാറി സഞ്ചരിക്കുക. അതും നല്ല വഴിയില്‍. ഇത് സൗഹൃദം തുടരാന്‍ മാത്രമല്ലാ, നല്ല ദമ്പതിമാരായിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

സൗഹൃദത്തില്‍ പറയുന്ന പല കാര്യങ്ങളും വിവാഹശേഷം പിന്‍തുടരാന്‍ കഴിയാത്തത് മറ്റൊരു പ്രശ്‌നം. സുഹൃത്തുക്കളായിരിക്കെ ഫോണ്‍ ചെയ്യുമ്പോള്‍ ഞാന്‍ തിരക്കിലാണ് എന്ന് ഒരാള്‍ പറയുമ്പോള്‍ മറ്റൊരാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നാല്‍ വിവാഹശേഷം ഇങ്ങിനെ പറഞ്ഞാല്‍ പരാതിപ്പെട്ടി തുറന്നിടുന്ന ധാരാളം പേരുണ്ട്. വിവാഹത്തിനു മുന്‍പ് എങ്ങനെയായിരുന്നോ, അതേ രീതി പരസ്പരം മനസിലാക്കുന്നതില്‍ പിന്തുടരാന്‍ സാധിക്കണം.

സൗഹൃദങ്ങള്‍ക്ക് കൂടുതല്‍ ഭംഗി വരുന്നത് കൊച്ചു കൊച്ചു തമാശകളിലൂടെയും സന്തോഷത്തിലൂടെയുമായിരിക്കും. എന്നാല്‍ ഇത് വിവാഹത്തിലേക്കു കടക്കുമ്പോള്‍ തമാശ പറയാനും കേള്‍ക്കാനും ഇരുവര്‍ക്കും സമയമുണ്ടാകില്ല. ഏതു കാര്യവും ഗൗരവത്തോടെ കാണുന്നത് സൗഹൃദത്തെ തകര്‍ക്കുന്ന ഒന്നു തന്നെ. പരസ്പരം സമയം ചെലവാക്കാനും സംസാരിക്കാനും തമാശകള്‍ പറഞ്ഞു ചിരിക്കാനും ശ്രദ്ധിക്കണം. മുന്‍പുണ്ടായിരുന്ന സന്തോഷം വിവാഹശേഷം നഷ്ടപ്പെടുത്തില്ലെന്ന് ഉറച്ചു തീരുമാനിക്കുക.

നീയെന്റെ ഭര്‍ത്താവ് അല്ലെങ്കില്‍ നീയെന്റെ ഭാര്യ തുടങ്ങിയ ചിന്ത മനസില്‍ ഉറപ്പിക്കാതെ ആദ്യം നല്ല സുഹൃത്തുക്കള്‍ എന്നു കരുതുക. ഇത് സന്തോഷം നല്‍കും.

വിവാഹശേഷം സൗഹൃദത്തേക്കാള്‍ ഉത്തരവാദിത്വങ്ങള്‍ കൂടും. ഇത് സ്വാഭാവികമാണ്. ഇത് ടെന്‍ഷനായിട്ടെടുക്കാതെ എല്ലാ ഉത്തരവാദിത്വങ്ങളും പങ്കു വച്ചു കൂടെ. അടുക്കള ഭാര്യക്കും വീട്ടിലെ ബില്ലുകള്‍ അടക്കുന്ന ഉത്തരവാദിത്വം ഭര്‍ത്താവിനും എന്ന് വേര്‍തിരിച്ചെടുക്കാതെ ഒരുമിച്ച് പങ്കു വയ്ക്കുക. ഭാര്യയും ഭര്‍ത്താവും കൊച്ചു വര്‍ത്തമാനങ്ങളും തമാശകളും പറഞ്ഞ് അടുക്കളയില്‍ ഒരുമിച്ചു പണിയെടുക്കുന്നതിന്റെ സന്തോഷം ആലോചിച്ചു നോക്കൂ. ഇത്തരം അവസങ്ങളായിരിക്കും പലപ്പോഴും ബന്ധങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ട സൗഹൃദങ്ങളെ തിരിച്ചെത്തിക്കുന്നത്.

Related Topics

Share this story