chem

ആയുര്‍വ്വേദത്തിലൂടെ നിത്യയൌവനം

പ്രായത്തെ തടുക്കാന്‍ ബ്രഹ്മാ വിനും പറ്റില്ല. പക്ഷേ, യൌവന ത്തിന്റെ ദൈര്‍ഘ്യം കൂട്ടാന്‍ വഴികളുണ്ട്. കൊഴിയാത്ത മുടിയും, വെണ്മയുള്ള പല്ലുകളും, പ്രസരിപ്പാര്‍ന്ന മുഖവും, തിളങ്ങുന്ന കണ്ണുകളും സ്വന്തമാക്കാനുള്ള രഹസ്യം ആയുര്‍വേദത്തിന്റെ വഴികളിലുണ്ട്. ഒന്നോ രണ്ടോ സിറ്റിങ്ങില്‍ സ്വന്തമാക്കാവുന്ന മാജിക് അല്ലെങ്കിലും ആയുര്‍വേദത്തിന്റെ വഴികളിലൂടെ അല്‍പമെങ്കിലും സഞ്ചരിക്കാന്‍ സമയം കണ്ടെത്തിയാല്‍ നീണ്ടു നില്‍ക്കുന്ന സ്വാഭാവികമായ സൌന്ദര്യവും യൌവനവും നിങ്ങളില്‍ തിളങ്ങി നില്‍ക്കും. ഊര്‍ജസ്വലതയും പ്രസരിപ്പും നിങ്ങളുടെ കൂടെപ്പിറപ്പാകും.

സൌന്ദര്യം ആരോഗ്യത്തോടു ചേര്‍ന്നു മാത്രം നില്‍ക്കുന്ന ശാസ്ത്രമാണ് ആയുര്‍വേദം. മനസും ശരീരവും ആത്മാവും കൊണ്ട് സൌന്ദര്യം നേടിയെടുക്കുകയാണ് ആയുര്‍വേദത്തിന്റെ രീതി. സൌന്ദര്യത്തിനായി ചികിത്സ എന്നതിനെക്കാള്‍ ശരിയായ ചര്യകളിലൂടെ സൌന്ദര്യത്തെ സമ്പാദിക്കുവാനാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. ചികിത്സാ സമ്പ്രദായമാണെങ്കിലും രോഗ ചികിത്സയ്ക്കും സ്വാസ്ഥ്യം നിലനിര്‍ത്തുന്നതിനും ആയുര്‍വേദം ചിട്ടകള്‍ കല്‍പിച്ചിരിക്കുന്നു. സ്വാസ്ഥ്യം കൃത്യമായി നിലനിര്‍ത്തുന്നവന് രോഗചികിത്സയെക്കുറിച്ച് ചിന്തിക്കേണ്ടി തന്നെ വരുന്നില്ല. സ്വാസ്ഥ്യം തെറ്റുന്നതിന്റെയും രോഗബാധയുടെയും കാരണത്തെയാണ് പരിഹരിക്കുന്നത് എന്നതിനാല്‍ ആരോഗ്യവും സൌന്ദര്യവും സമ്പൂര്‍ണമായ അര്‍ഥത്തിലാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്.

നൂറ് ശതമാനം എന്ന നിലയില്‍ സാധിക്കുന്നില്ലെങ്കില്‍ പോലും ആയുര്‍വേദത്തിന്റെ ചിട്ടവട്ടങ്ങളിലൂടെയുള്ള ഓരോ ശ്രമവും അതിന്റേതായ ഫലപ്രാപ്തി നേടിത്തരും എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

ചിട്ടയുള്ള ദിനചര്യം

ഉറക്കം, ഉണര്‍ച്ച, ദഹനം, ദാഹം, വിശപ്പ് എന്നിങ്ങനെ ശരീരത്തിനു കൃത്യമായ ഒരു താളമുണ്ട്. ഈ താളം കൃത്യമായി പാലിക്കപ്പെടുന്ന ഒരാളില്‍ ആരോഗ്യവും സൌന്ദര്യവും പ്രതിഫലിക്കും. മനുഷ്യപ്രകൃതിയിലും ഭൂപ്രകൃതിയിലും ഈ താളം തെറ്റിക്കുന്ന അവസ്ഥയുണ്ടാകുമ്പോള്‍ ആരോഗ്യവും സൌന്ദര്യവും അപകടത്തിലായെന്ന് വരും. മാറുന്ന ദിനരാത്രങ്ങള്‍ക്കും കാലാവസ്ഥയ്ക്കനുസരിച്ച് ജീവിതം ക്രമീകരിക്കുന്നതിലൂടെയാണ് ആയുര്‍വേദം ആരോഗ്യവും സൌന്ദര്യവും നേടാന്‍ ഉപദേശിക്കുന്നത്. ദിനചര്യകളിലും ഋതുചര്യകളിലും പാലിക്കേണ്ടതായ ചിട്ടകളിലൂടെ ആരോഗ്യവും സൌന്ദര്യവും നിലനിര്‍ത്താനാകും.

ഉണരുന്ന സമയം മുതല്‍ ഊര്‍ജസ്വലമായ ഒരു ദിനം തുടങ്ങുകയായി. എന്നാല്‍, ദിനചര്യകള്‍ വേണ്ടവിധം തുടങ്ങാനും തുടരാനും നല്ല ഉറക്കം ലഭിക്കുകയാണ് ആദ്യം വേണ്ടത്. രാത്രി പത്തുമണിക്ക് ഉറങ്ങാന്‍ ശീലിക്കുകയും ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരുകയും ചെയ്യുകയാണ് ദിനചര്യയുടെ തുടക്കം.

ദിനചര്യ എങ്ങനെ തുടങ്ങണം?

ആരോഗ്യമുള്ള വ്യക്തികള്‍ സൂര്യോദയത്തിനു മുമ്പ് എഴുന്നേല്‍ക്കണം എന്നാണ് ആയുര്‍വേദം നിഷ്കര്‍ഷിക്കുന്നത്. അത്യധികമായ ക്ഷീണം, അസുഖങ്ങള്‍ എന്നിവയുള്ളപ്പോള്‍ അല്‍പം കൂടുതല്‍ ഉറങ്ങുന്നതില്‍ തെറ്റില്ല. ഉണര്‍ന്നയുടന്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കരുത്. അല്‍പസമയം കിടന്ന് തലേദിവസത്തെ കാര്യങ്ങള്‍ അവലോകനം ചെയ്ത ശേഷം ഇടതുവശം ചരിഞ്ഞ് എഴുന്നേല്‍ക്കുക.

എഴുന്നേറ്റാല്‍ ശുദ്ധജലത്തില്‍ മുഖം കഴുകണം. ദിനചര്യകള്‍ കൃത്യമായി പാലിക്കുന്ന വ്യക്തികള്‍ക്ക് പ്രഭാതകൃത്യങ്ങള്‍ ചെയ്യാനുള്ള തോന്നല്‍ ഇതിനോടകം ഉണ്ടാകും. അതിനുശേഷം പല്ല് തേച്ച്, കൈകാല്‍ കഴുകി അല്‍പം ശുദ്ധജലം കുടിക്കുക. ത്രിഫല (കടുക്ക, നെല്ലിക്ക, താന്നിക്ക), കൊട്ടം, ഏലത്തരി, ഇലവങ്കം, പച്ചില എന്നിവ ഉണക്കി പൊടിച്ച് തേനില്‍ ചാലിച്ച് പല്ലു തേക്കുന്നത് പല്ലിലെ പ്ളാക്ക് ഇല്ലാതാകുന്നതിനും വായ് ശുചിയാകുന്നതിനും സഹായിക്കും.

പല്ലു തേപ്പ് കഴിഞ്ഞാല്‍ കണ്ണെഴുതുകയാണ് അടുത്തപടി. കണ്ണുകള്‍ക്ക് കറുപ്പും തണുപ്പും കണ്‍പീലികള്‍ക്ക് കട്ടിയും ലഭിക്കാനും കാഴ്ച ശക്തി കൂടാനും കണ്ണെഴുത്ത് സഹായിക്കും. ആയുര്‍വേദ വിധി പ്രകാരം തയാറാക്കിയ കണ്മഷിയാണ് വേണ്ടത്. അതിനുശേഷം നസ്യം ചെയ്യണം.

നസ്യം

പുരികങ്ങള്‍ക്കു മുകളില്‍ കഫം കെട്ടി നിന്ന് തിണര്‍ത്തിരിക്കുന്നത് മുഖത്തിന്റെ സൌന്ദര്യം നഷ്ടപ്പെടുത്തും. ഇത് ഒഴിവാക്കാനും കഫസംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കാനും നസ്യം ചെയ്യുന്നത് നല്ലതാണ്. എള്ളെണ്ണയോ അണുതൈലമോ രണ്ട് തുള്ളി ഉപയോഗിച്ച് നസ്യം ചെയ്യാം. കഫ സംബന്ധമായ അസുഖം മാറ്റാന്‍ അണുതൈലം 6-8 തുള്ളി ഉപയോഗിച്ച് നസ്യം ചെയ്യണം.

കബളം

വായ്നാറ്റം, വായില്‍ വരാവുന്ന അണുബാധകള്‍ എന്നിവയെ തടയാന്‍ കുലുക്കുഴിയലിന് ആയുര്‍വേദം പ്രാധാന്യം നല്‍കുന്നു. മരുന്നുകള്‍ ഇട്ട് തിളപ്പിച്ച് പ്രത്യേകമായി തയാറാക്കിയ ജലം കൊണ്ട് രണ്ടു വിധത്തില്‍ കുലുക്കുഴിയാം. വായില്‍ വെള്ളം എടുത്ത് നന്നായി കുലുക്കുഴിഞ്ഞ് തുപ്പിക്കളയുക (കബളം), അല്ലെങ്കില്‍ വായില്‍ നിറയെ വെള്ളം നിറച്ച് കുറച്ചുനേരം വച്ച ശേഷം തുപ്പിക്കളയുക (ഗണ്ഡൂഷം). കഫം കുറയുന്നതിനും വായ്ക്കുള്ളില്‍ അണുബാധകള്‍ മാറാനും ഗണ്ഡൂഷം ചെയ്യുന്നതാണ് നല്ലത്.

നാല്‍പാമരം (അത്തി, ഇത്തി, അരയാല്‍, പേരാല്‍) ഇട്ടു തിളപ്പിച്ച വെള്ളം കുലുക്കുഴിയാന്‍ ഉപയോഗിക്കാം. സുഗന്ധം കൂടി ലഭിക്കുന്നതിന് നാല്‍പാമരപ്പട്ട, കരിങ്ങാലി, കരിവേലം, രാമച്ചം എന്നിവയിട്ട് തിളപ്പിച്ച വെള്ളം നല്ലതാണ്. ഇവ വായ്ക്ക് മൃദുത്വം നല്‍കും. വായില്‍ വരള്‍ച്ചയുള്ളവര്‍ കുലുക്കുഴിയല്‍ തൈലം കൊണ്ട് ചെയ്യുക. തൈലമാകുമ്പോള്‍ വെള്ളത്തിന്റെയത്ര അളവു വേണ്ട. മുപ്പതു മില്ലി എള്ളെണ്ണയോ, അരിമേദാദി തൈലമോ ഉപയോഗിക്കാം.

ധൂമപാനം

ഔഷധപ്പുക വലിക്കുന്നതിലൂടെ ശരീരത്തെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ധൂമപാനം. കഫരോഗങ്ങള്‍ അലട്ടാതിരിക്കാനുള്ള പ്രതിരോധമാര്‍ഗമാണ് ഇത്. മരുന്ന് അരച്ച് പുരട്ടി തിരി തെറുത്ത് അത് നെയ്യില്‍ മുക്കി കത്തിച്ച് വലിക്കുകയാണ് ചെയ്യേണ്ടത്.

അഭ്യംഗം

സൌന്ദര്യ സംരക്ഷണത്തില്‍ പ്രധാനമാണ് അഭ്യംഗം. നിത്യവും ശരീരം മുഴുവന്‍ എണ്ണതേച്ചു കുളിക്കാനാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. ഇത് സാധിക്കാത്ത പക്ഷം തല, ചെവി, കാല്‍പാദങ്ങള്‍, കാല്‍ വിരലുകള്‍ എന്നിവിടങ്ങളില്‍ മാത്രമെങ്കിലും എണ്ണതേച്ചു കുളിക്കേണ്ടതാണ്.

എള്ളെണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണയാണ് നല്ലത്. തലയിലും ദേഹത്തും തേക്കാന്‍ കറുകയിട്ട് എണ്ണ കാച്ചിയെടുക്കുകയോ ദുര്‍വാദി കേരം ഉപയോഗിക്കുകയോ ചെയ്യാം. ആയുര്‍വേദപ്രകാരം തയാറാക്കിയ എണ്ണകള്‍ തേക്കുന്നതും നല്ലതാണ്. ഓരോ കാലാവസ്ഥയ്ക്കനുസരിച്ച് വ്യത്യസ്ത എണ്ണകള്‍ തേക്കാം. എണ്ണയാണ് (കുഴമ്പല്ല) നിത്യവും തേച്ചു കുളിക്കാനായി നിര്‍ദേശിച്ചിരിക്കുന്നത്. തലയിലും ദേഹത്തും തേക്കാവുന്ന എണ്ണകളും പ്രത്യേകമായി തേക്കാവുന്ന എണ്ണകളും ഉണ്ട്.

മുടി വളരുന്നതിനും താരന്‍ വരാതിരിക്കുന്നതിനും നീലിഭൃംഗാദി അല്ലെങ്കില്‍ കയ്യുണ്യാദി എണ്ണ തലയില്‍ തേക്കാം. ശരീരത്തില്‍ തേക്കാന്‍ ധാന്വന്തരം തൈലം, കര്‍പ്പൂരാദി തൈലം എന്നിവ ഉപയോഗിക്കാം. ഉലുവ അരച്ച് തേന്‍ ചേര്‍ത്ത് കുഴച്ച് തലയില്‍ പുരട്ടി കുളിക്കുന്നത് താരന്‍ അകറ്റും. കടുത്ത താരന്‍ ഉള്ളവര്‍ക്ക് വയറിളക്കുക കൂടി ചെയ്താലേ താരന്‍ ശമിപ്പിക്കാനാകൂ.

വ്യായാമം

എണ്ണ തേച്ച ശേഷമാണ് വ്യായാമം ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശരീരത്തിന്റെ കഴിവിന്റെ പകുതി വ്യായാമം ചെയ്യുകയാണ് വേണ്ടത്.

നെറ്റി, മൂക്ക്, കക്ഷങ്ങള്‍ എന്നിവിടങ്ങളില്‍ വിയര്‍പ്പ് വരുന്നത്ര മാത്രം വ്യായാമം ചെയ്യുക. ശരീരം ക്ഷീണിക്കുവോളം കഠിനമായി വ്യായാമം ചെയ്യരുത്.

ഉദ്വര്‍ത്തനം

ചര്‍മത്തിന്റെ ആരോഗ്യത്തിലും സൌന്ദര്യത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കുന്നവര്‍ക്ക് ഉദ്വര്‍ത്തനം ചെയ്യാം. അമിതവണ്ണത്തിനായോ മറ്റു രോഗാവസ്ഥകളിലോ ചെയ്യുന്ന ഉദ്വര്‍ത്തനത്തിന് വ്യത്യാസമുണ്ട്. ആരോഗ്യവാനായ ഒരാള്‍ക്ക് സ്വയം ചെയ്യാവുന്ന ഉദ്വര്‍ത്തനം ചര്‍മസംരക്ഷണത്തെയും സൌന്ദര്യത്തെയും ഉദ്ദേശിച്ചുള്ളതാണ്.

ത്രിഫല പൊടി, ഏലാദി ചൂര്‍ണം, അല്ലെങ്കില്‍ ചന്ദനം, രാമച്ചം എന്നിവ പൊടിച്ചത് വെള്ളത്തില്‍ കുഴച്ചു ശരീരത്തില്‍ നന്നായി പുരട്ടി മുകളില്‍ നിന്നും താഴേക്ക് തിരുമ്മുകയാണ് വേണ്ടത്. ഇതു ചര്‍മരോഗങ്ങള്‍ കുറയ്ക്കുകയും ചര്‍മത്തിന് മൃദുത്വമേകുകയും ചെയ്യും. പൊടിയിലെ ഈര്‍പ്പം ഉണങ്ങുന്നതു വരെ തിരുമ്മിയാല്‍ മതിയാകും.

കുളി

ചൂടുകാലത്ത് തണുത്ത വെള്ളത്തിലും തണുപ്പു കാലത്ത് ഇളം ചൂട് വെള്ളത്തിലുമാണ് കുളിക്കേണ്ടത്. തല കുളിക്കാതെയുള്ള കുളി കുളിയല്ല. ചൂടു കാലത്തു മുല്ലപ്പൂ, പിച്ചിപ്പൂ, ചെമ്പകപ്പൂ, താമരയല്ലി എന്നിവ തലേന്ന് വെള്ളത്തില്‍ ഇട്ടു വച്ചശേഷം ആ വെള്ളം കൊണ്ട് കുളിക്കുന്നത് ഉത്തമമാണ്. അല്ലെങ്കില്‍ ചന്ദനം, രാമച്ചം, കര്‍പ്പൂരം എന്നിവയിട്ട് തിളപ്പിച്ച വെള്ളം നന്നായി തണുത്തശേഷം അതില്‍ കുളിക്കാം. ശരീരത്തിന് തണുപ്പും മൃദുത്വവും ചര്‍മത്തിന് സൌന്ദര്യവും നല്‍കുന്നതാണ് ഈ കുളി.

വിയര്‍പ്പു ഗന്ധം കുറയാനും സഹായിക്കും. തണുപ്പ് കാലത്ത് പുളിയില, ആവണക്കില, ഉങ്ങിന്റെ ഇല എന്നിവയിട്ട് തിളപ്പിച്ച വെള്ളം സുഖകരമായ ചൂടിലേക്ക് ആവുമ്പോള്‍ കുളിക്കാം. മഴക്കാലത്തും തണുപ്പുകാലത്തും ശരീരവേദനയുള്ളവര്‍ ദേവദാരം ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ വേദന ശമിക്കും. ഇത്തരം മരുന്നുകളെല്ലാം തന്നെ ആയുര്‍വേദ പച്ചമരുന്നു കടകളില്‍ ലഭിക്കും.

ശരീരത്തിലെയും തലയിലെയും മെഴുക്ക് പോകാന്‍ ചെമ്പരത്തി, ഇഞ്ച എന്നിവ ചേര്‍ന്ന താളി തലയിലും ശരീരത്തിലും തേച്ചു കുളിക്കാം. പയറുപൊടി, കടലപ്പൊടി, ഏലാദിചൂര്‍ണം എന്നിവയും ഉപയോഗിക്കാം.

ഭക്ഷണം

സൌന്ദര്യത്തില്‍ ഭക്ഷണത്തിനു വളരെയധികം പ്രാധാന്യം ഉണ്ട്. പ്രാതല്‍ ലളിതവും പ്രോട്ടീന്‍ ഉള്ളതുമാകണം. ആവിയില്‍ പുഴുങ്ങിയ ആഹാരം അല്ലെങ്കില്‍ കഞ്ഞിയും പയറും കഴിക്കാം. ഉച്ചയ്ക്കാണ് വയറ്റിലെ ദഹനരസം ഏറ്റവും കൂടിയ നിലയിലാകുന്നത് എന്നതിനാല്‍ ഉച്ചയ്ക്ക് നന്നായി ആഹാരം കഴിക്കണം. വയറിന്റെ പകുതി ഭാഗം കട്ടിയാഹാരവും കാല്‍ഭാഗം വെള്ളവും ബാക്കി പാതി ഭാഗം ഒഴിഞ്ഞും കിടക്കുന്ന വിധത്തിലാകണം ആഹാരം.

അമിതമായി ഭക്ഷണം കഴിക്കരുത് എന്നതുപോലെ തീരെ കുറഞ്ഞ അളവിലും ഭക്ഷണം കഴിക്കരുത്. മിതാഹാരമാണ് ആയുര്‍വേദം വിധിക്കുന്നത്. മാംസാഹാരം ആയുര്‍വേദചര്യ പ്രകാരം നിഷിദ്ധമല്ല. കോഴി, കാട, ആട്, മത്സ്യം തുടങ്ങിയവയെല്ലാം മിതമായി ഉപയോഗിക്കാം. കഫ ശല്യമുള്ളവര്‍ മത്സ്യം, പോത്ത്, പന്നി എന്നിവയുടെ മാംസം കഴിക്കരുത്.

പകലുറക്കവും ആരോഗ്യത്തെയും സൌന്ദര്യത്തെയും ബാധിക്കുന്ന ഘടകമാണ്. തീരെ മെലിഞ്ഞവര്‍ക്കും ക്ഷീണിതര്‍ക്കും പകല്‍ അര മണിക്കൂര്‍ ഉറങ്ങാം. രാത്രി ഭക്ഷണം 7.30-8 മണിക്കകം കഴിക്കുന്നതാണ് നല്ലത്. ഭക്ഷണശേഷം 48 മിനിറ്റ് (ഒരു മുഹൂര്‍ത്തം) കഴിഞ്ഞേ ഉറങ്ങാവൂ.

ദിനചര്യകള്‍ കഴിയുന്നത്ര കൃത്യമായി പാലിക്കാന്‍ ശീലിക്കുന്നത് സൌന്ദര്യത്തെയും ആരോഗ്യത്തെയും കാര്യമായ കേടുപാടുകളില്ലാതെ നിലനിര്‍ത്താന്‍ സഹായിക്കും. എന്നിരുന്നാലും കാലാവസ്ഥയിലെ മാറ്റങ്ങള്‍ ശരീരത്തിന്റെ തൃദോഷങ്ങള്‍ (വാതം, പിത്തം, കഫം) കോപിക്കാന്‍ കാരണമാകുന്ന കാലഘട്ടമുണ്ട്. ആറ് ഋതുക്കളില്‍ വര്‍ഷം, ശരത്, വസന്ത കാലങ്ങളിലാണ് ദോഷങ്ങള്‍ കോപിക്കുന്നത്. ഇത് അറിഞ്ഞ് നേരത്തെതന്നെ പ്രതിരോധമാര്‍ഗങ്ങള്‍ കൈക്കൊള്ളുകയാണ് വേണ്ടത്. കര്‍ക്കടക ചികിത്സ ഇത്തരത്തിലുള്ള പ്രതിരോധങ്ങളിലൊന്നാണ്. വര്‍ഷകാലത്ത് വാതവും ശരത്കാലത്ത് പിത്തവും വസന്തകാലത്ത് കഫവുമാണ് കോപിക്കാന്‍ ഇടയാകുന്നത്. വര്‍ഷകാലത്ത് വസ്തിയും ശരത്തില്‍ വിരേചനവും വസന്തകാലത്ത് വമനവും വൈദ്യനിര്‍ദേശപ്രകാരം ചെയ്യുന്നത് കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന ആരോഗ്യം സൌന്ദര്യപ്രശ്നങ്ങളെ അകറ്റാന്‍ സഹായകമാകും.

ഋതുചര്യകള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് അതിനു ശേഷം ശരീരത്തെ ഓജസുള്ളതാക്കാനും സൌന്ദര്യത്തിനു രസായന ചികിത്സ സ്വീകരിക്കാം. ചിലര്‍ ആരോഗ്യത്തിനും സൌന്ദര്യത്തിനുമായി ച്യവനപ്രാശം സ്ഥിരമായി കഴിക്കാറുണ്ട്. കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും ച്യവനപ്രാശം സ്ഥിരമായി കഴിക്കേണ്ടതില്ല. ദിനചര്യകള്‍ പാലിക്കുകയും ഋതുചര്യകള്‍ വൈദ്യനിര്‍ദേശപ്രകാരം സ്വീകരിക്കുകയും ചെയ്താല്‍ ആരോഗ്യം മാത്രമല്ല സൌന്ദര്യവും നിങ്ങളെ തേടി വരും.

ബ്രാഹ്മമുഹൂര്‍ത്തം എത്ര മണിക്കാണ്?

മുപ്പതു മുഹൂര്‍ത്തങ്ങളാണ് ഒരു രാപ്പകല്‍. പതിനഞ്ചു മുഹൂര്‍ത്തങ്ങള്‍ ഒരു രാത്രിയും പതിനഞ്ചു മുഹൂര്‍ത്തങ്ങള്‍ ഒരു പകലും. രാത്രിയുടെ പതിനാലാമത്തെ മുഹൂര്‍ത്തമാണ് ബ്രാഹ്മമുഹൂര്‍ത്തം. ഒരു മുഹൂര്‍ത്തം എന്നാല്‍, 48 മിനിറ്റാണ്. രാത്രിയുടെ പതിനഞ്ചാം മുഹൂര്‍ത്തം തീരുന്നതാണ് സൂര്യോദയം. സൂര്യോദയം ആറുമണിക്കാണെങ്കില്‍ 5.12-6 മണി വരെയായിരിക്കും പതിനഞ്ചാം മുഹൂര്‍ത്തം. 4.24-5.12 വരെയായിരിക്കും ബ്രാഹ്മമുഹൂര്‍ത്തം.

അമിതവണ്ണം കുറയ്ക്കാന്‍ ആയുര്‍വേദ മാര്‍ഗമുണ്ടോ

അമിതവണ്ണം കുറയ്ക്കാന്‍ ആയുര്‍വേദത്തില്‍ മികച്ച ചികിത്സാ മാര്‍ഗങ്ങളുണ്ട്. ആയുര്‍വേദം നിര്‍ദേശിക്കുന്ന ഡയറ്റിനൊപ്പം തിരുമ്മല്‍, ഔഷധസേവ എന്നിവയിലൂടെ അമിതവണ്ണം കുറയ്ക്കാനാകും. ഉദ്വര്‍ത്തനം ആണ് അമിതവണ്ണം കുറയ്ക്കാനായി ഉപയോഗിക്കുന്ന തിരുമ്മല്‍ രീതി. മറ്റു രോഗങ്ങള്‍ക്കു ഉദ്വര്‍ത്തനം ചെയ്യാറുണ്ട്. ഔഷധങ്ങള്‍ ചേര്‍ന്ന പൊടി അതുപടിയോ വെള്ളത്തില്‍ കുഴച്ചോ രോമകൂപങ്ങള്‍ക്കെതിരെ തിരുമ്മുന്നതാണ് ഉദ്വര്‍ത്തനം. ചികിത്സാര്‍ഥമുള്ള തിരുമ്മല്‍ 20-45 മിനിറ്റ് വരെ ചെയ്യും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.