Times Kerala

കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാന്‍ പോകില്ലെന്ന് പി.സി.ജോര്‍ജ്

 

തൃശൂര്‍: കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയാന്‍ പോകില്ലെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. സ്ത്രീസമത്വം പറയാനോ ചന്തപ്പണിക്കോ അത്തരം സ്ത്രീകള്‍ പോകില്ല. ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി.ജോര്‍ജ്. സ്ത്രീ പുരുഷന്റെ ചങ്കാണ്. ഹൃദയത്തിലാണു സ്ഥാനം. അല്ലാതെ തലയില്‍ അല്ല. കുരങ്ങ് വേണോ മനുഷ്യന്‍ വേണോ എന്നു ചോദിച്ചാല്‍ കുരങ്ങ് മതി എന്നു പറയുന്നവരാണ് അതിരപ്പിള്ളി പദ്ധതിക്ക് എതിരു നില്‍ക്കുന്നത്. പദ്ധതി നടപ്പാക്കണം. കാനത്തെ പിണറായി പറഞ്ഞു മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പല വട്ടം പി.സി.ജോര്‍ജ് സംസാരിച്ചിരുന്നു. പി.സി.ജോര്‍ജിന്റെ പ്രസ്താവനയില്‍ ദുഃഖവും അമര്‍ഷവുമുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി വനിത കമ്മീഷന് മുമ്പാകെ അറിയിച്ചിരുന്നു. ജനപ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും നടി പറഞ്ഞിരുന്നു.

നടിക്കെതിരായി നിരന്തരം അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്ന പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരായ പരാതി നിയമസഭാ എത്തിക്‌സ് കമ്മിറ്റി വിടാന്‍ തീരുമാനിച്ചതായി സ്പീക്കര്‍ പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പി.സി.ജോര്‍ജ് എംഎല്‍എയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ക്കെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പിസി ജോര്‍ജിന്റെ നിലപാട് മനുഷ്യത്വവിരുദ്ധമാണെന്നാണ് സ്പീക്കര്‍ പറഞ്ഞത്. ജോര്‍ജിനെതിരെ സ്പീക്കര്‍ എന്ന നിലയില്‍ സാധ്യമായ എല്ലാ നടപടികള്‍ സ്വീകരിക്കും. ഉന്നത പദവി വഹിക്കുന്നവര്‍ നിരുത്തരവാദപരമായി പെരുമാറരുതെന്നും അദ്ദേഹം പറഞ്ഞു. നടിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ പി.സി.ജോര്‍ജ് ആവര്‍ത്തിച്ചതിനോടാണ് സ്പീക്കറുടെ പ്രതികരണം.

Related Topics

Share this story