Nature

യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമം; കുത്തേറ്റ അഖില്‍ ആശുപത്രിവിട്ടു

തിരുവനന്തപുരം: എസ്.എഫ്.ഐ. നേതാക്കളുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥി അഖില്‍ ചന്ദ്രന്‍ ആശുപത്രിവിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഖില്‍ ചന്ദ്രന്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് ആശുപത്രിവിട്ടത്. ആരോ​ഗ്യനിലയില്‍ പുരോ​ഗതിയുണ്ടെങ്കിലും രണ്ട് മാസത്തേക്ക് വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ​ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അഖില്‍ പത്ത് ദിവസത്തിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങുന്നത്.

നെഞ്ചില്‍ കുത്തേറ്റ അഖിലിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ നാലുദിവസങ്ങളിലായി അഖില്‍ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നു. മരണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് അഖില്‍ രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. വീട്ടിലേക്ക് മടങ്ങിയെങ്കിലും അഖിലിന് സംസാരിക്കുന്നതിനും സന്ദര്‍ശകരെ അനുവദിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ മാസം 12ന് യൂണിവേഴ്‌സിറ്റി കോളജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് അഖിലിന് നെഞ്ചില്‍ കുത്തേറ്റത്. സ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്തും സെക്രട്ടറി നസീമും ചേര്‍ന്നാണ് അഖിലിനെ കുത്തിപരിക്കേല്‍പ്പിച്ചത്.

Comments are closed.