Times Kerala

കേരളത്തില്‍ ബ്ലൂവെയില്‍ ഗെയിം ആത്മഹത്യകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ്

 

തിരുവനന്തപുരം: കേരളത്തില്‍ ബ്ലൂ വെയില്‍ ആത്മഹത്യകള്‍ക്ക് സ്ഥിരീകരണമില്ലെന്ന് ഐജി മനോജ് എബ്രഹാം. കേരളത്തില്‍ ആരും ബ്ലുവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തതായി സ്ഥിരീകരിക്കാനായിട്ടില്ല. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതുവരെ ഇതിന്റെ ലിങ്ക് കിട്ടിയെന്നോ, ഡൗണ്‍ലോഡ് ചെയ്‌തെന്നോയുളള ഒരു സംഭവം പോലും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പൊലീസ് വളരെ കാര്യക്ഷമമായി ഇതിനെ നിരീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ അതിന്റെ ഒരു ലിങ്ക് പോലും കാണാന്‍ സാധിച്ചിട്ടില്ല. സൈബര്‍ ഡോം, സൈബര്‍ സെല്‍ എന്നിവയും നിരീക്ഷിക്കുകയും ഇതുമായി ബന്ധപ്പെട്ടുളള കൗണ്‍സലിങ് നല്‍കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ രണ്ട് ബ്ലൂവെയില്‍ ആത്മഹത്യകള്‍ നടന്നതായാണ് സംശയങ്ങള്‍ ഉയര്‍ന്നത്. മേയ് മാസം കണ്ണൂരില്‍ മരിച്ച ഐ.ടി.ഐ.വിദ്യാര്‍ഥി സാവന്ത് ബ്ലൂവെയ്ല്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് അമ്മ പറഞ്ഞു. കൈയിലും നെഞ്ചിലും മുറിവുണ്ടാക്കി അക്ഷരങ്ങള്‍ കോറിയിട്ട ചിത്രങ്ങള്‍ സാവന്തിന്റെ കുടുംബം കൈമാറിയിരുന്നു.രാത്രി മുഴുവന്‍ ഫോണില്‍ ഗെയിം കളിച്ചിരുന്ന സാവന്തിന്റെ ഉറക്കവും ആഹാരവും പുലര്‍ച്ചെയായിരുന്നു. രാത്രി ഒറ്റയ്ക്ക് പുറത്തുപോയാല്‍ പുലര്‍ച്ചെയാണ് മടങ്ങി വന്നിരുന്നത്. ഏകമകന്റെ അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് പലതവണ കൗണ്‍സിലിങ്ങിന് വിധേയനാക്കിയെന്ന് സാവന്തിന്റെ മാതാപിതാക്കള്‍ പറയുന്നു.

തിരുവനന്തപുരത്ത് ആത്മഹത്യചെയ്ത പതിനാറുകാരനെ മരണത്തിലേക്ക് തള്ളിവിട്ടത് ബ്ലൂ വെയ്ല്‍ ഗെയിം ആണെന്ന് അമ്മ വെളിപ്പെടുത്തിയിരുന്നു. ജൂലൈ ഇരുപത്താറിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഒന്‍പതുമാസം മുന്‍പ് മനോജ് ബ്ലൂ വെയ്ല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മനോജിന്റെ ജീവിതംതന്നെ ബ്ലൂ വെയ്ല്‍ ടാസ്‌കുകളോട് സാമ്യമുള്ള രീതിയിലായെന്നും മാതാപിതാക്കള്‍ പറഞ്ഞു. ആത്മഹത്യയ്ക്കുമുന്‍പ് ഫോണില്‍ നിന്ന് ഗെയിം പൂര്‍ണമായി ഡിലീറ്റ് ചെയ്തിരുന്നു. ഫോണ്‍ ഇപ്പോള്‍ പൊലീസിന്റെ പക്കലാണ്. സൈബര്‍ പൊലീസ് ഇത് പരിശോധിക്കുകയാണ്.

Related Topics

Share this story