Times Kerala

ആർത്തവവും സ്ത്രീകളും..ജോമോൾ ജോസഫ് പറയുന്നു

 
ആർത്തവവും സ്ത്രീകളും..ജോമോൾ ജോസഫ് പറയുന്നു

സോഷ്യൽ മീഡിയയിലെ തുറന്നെഴുത്തിലൂടെ ശ്രദ്ധനേടിയ ജോമോൾ ജോസഫ്. താരത്തിന്റെ പുതിയ കുറിപ്പും വൈറലായിരിക്കുകയാണ്. ആർത്തവത്തെ കുറിച്ചാണ് ജോമോൾ പുതിയ പോസ്റ്റിൽ പറയുന്നത്.

ജോമോളുടെ പോസ്റ്റ് വായിക്കാം…

ആർത്തവവും സ്ത്രീകളും..

സ്ത്രീയെ സ്ത്രീയാക്കി മാറ്റുന്നത് അവളുടെ മാത്രം പ്രത്യേകതയായ ആർത്തവം തന്നെയാണ്. ആർത്തവം എന്ന് കേൾക്കുമ്പോൾ പലരും മുഖം ചുളിക്കുകയും, ഇതൊക്കെ പൊതുസമൂഹത്തിൽ സംസാരിക്കാമോ എന്ന ചിന്ത പലരിലും ഉണ്ടാകുകയും ചെയ്യാറുണ്ട്. ആർത്തവം എന്നത് എന്തോ മോശം സംഗതി ആണെന്നുള്ള പൊതുധാരണയോ, ആർത്തവകാലം ഒരു സ്ത്രീയെ ശുദ്ധിയില്ലാത്തവളാക്കുന്നു എന്ന ചിന്തയോ പലരിലും ഇന്നും നിലനിൽക്കുന്നുണ്ട്. ഈ സമയത്ത് അവളെ അകറ്റി നിർത്തണമെന്നും, അവൾ ആളുകൾക്കിടയിൽ പ്രത്യക്ഷപ്പെടരുതെന്നും ചിന്തിക്കുന്ന സ്ത്രീകളും കുറവല്ല. എന്നാൽ ഞാനിവിടെ പങ്കുവെക്കാനായി ഉദ്ദേശിക്കുന്നത് സ്ത്രീകൾ നേരിടുന്ന ആർത്തവകാലത്തിന് തൊട്ടുമുമ്പുളള പ്രശ്നങ്ങളെകുറിച്ചും പ്രീമെനുസ്ട്രൽ സിൻട്രംസ് എന്നറിയപ്പെടുന്ന PMS നെകുറിച്ചും ആണ്.

എന്താണ് പിഎംഎസ്?

PMS എന്നത് ഒരു കൂട്ടം ലക്ഷണങ്ങളാണ്, ചിലപ്പോൾ പീരിയഡ്സ് തുടങ്ങുന്നതിനും ദിവസങ്ങളോ രണ്ടാഴ്ചയോ മുമ്പ് മുതൽ ആരംഭിച്ച് പീരിയഡ്സ് ആരംഭിക്കുന്നതോടു കൂടി ഇല്ലാതാകുന്ന അവളുടെ ശാരീരീക ബുദ്ധിമുട്ടികളാണ് PMS എന്ന പേരിൽ അറിയപ്പെടുന്നത്. എല്ലാ മാസങ്ങളിലും പിഎംഎസ് ഒരേപോലെ ആയിരിക്കണമെന്നില്ല, ഒരോ മാസങ്ങളിലേയും പിഎംഎസ് പലവിധ വ്യത്യസ്തങ്ങളായ ബുദ്ധിമുട്ടുകളാകും ഓരോരുത്തർക്കും സമ്മാനിക്കുക. ആർത്തവത്തോട് അടുത്ത ദിവസങ്ങളിൽ ഈ ബുദ്ധിമുട്ടുകൾ വളരെ കൂടുതലായി അനുഭവവേദ്യമാകും.

പിഎംഎസ് മിക്ക സ്ത്രീകൾക്കും നൽകുക ശാരീരികമായോ മാനസീകമായോ ഉള്ള നിരവധി ബുദ്ധിമുട്ടുകളും, പേശികൾക്കും മസിലുകൾക്കും ഉണ്ടാകുന്ന വേദനയോ, കടച്ചിലുകളും, ലോവർ ബോഡിയിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒക്കെയാണ്. ഓരോ സ്ത്രീയും അവർക്കുണ്ടാകുന്ന പിഎംഎസ് ഏതൊക്കെയെന്നും എന്തൊക്കെയെന്നും മനസ്സിലാക്കിയാൽ ഒരു പരിധിവരെ ഓരോരുത്തർക്കും ഈ അവസ്ഥയെ തരണം ചെയ്യാൻ അത് വളരെ സഹായകമാകും. സാധാരണയായി കണ്ടു വരുന്ന ചില PMS ഇഷ്യൂസ് ഞാനിവിടെ പറയാം.

മുഖക്കുരു – ചില സ്ത്രീകളിൽ സാധാരണ മുഖക്കുരുവിൽ നിന്നും വ്യത്യസ്ഥമായി കുറച്ചു കൂടി വലുപ്പമുള്ള മുഖക്കുരു പ്രത്യക്ഷമാകും. ഇത് പൊട്ടിക്കേണ്ടതില്ല, ആർത്തവം ആരംഭിക്കുന്നതോട് കൂടി തനിയെ പോയ്ക്കോളും.

വയറ് വീർത്തുവരുന്ന അവസ്ഥ – ഗ്യാസ് നിറഞ്ഞ ഫീലോ, ഫ്ലൂയിഡ് നിറഞ്ഞ ഫീലോ നൽകുന്ന തരത്തിൽ സാധാരണയിൽ നിന്നും വ്യത്യസ്തമായി വയറ് വീർത്തു വരുന്ന അവസ്ഥ. അവളുടെ വയറ് കണ്ടോ, അവളുടെ തീറ്റയുടേതാ എന്നൊന്നും കുറ്റപ്പെടുത്തണ്ട, പീരിയഡ്സ് ആകുന്നതോടെ കാറ്റ് പോയ ബലൂൺ പോലെ ആയിക്കോളും ആ വയർ.

മുലകളിലും നിപ്പിളുകളിലും ഉണ്ടാകുന്ന വേദന – മാറിടങ്ങൾ വിങ്ങുകയോ, വേദനയെടുക്കുകയോ ചെയ്യുകയും, നിപ്പിളുകളിൽ കടുത്ത വേദന അനുഭവപ്പെടുകയോ ചെയ്യാം. മുലയൂട്ടുന്നവർക്കും, ലൈംഗീക ബന്ധത്തിലേർപ്പെടുന്നവർക്കും വലിയ ബുദ്ധിമുട്ടുകളാണ് ഈ PMS നൽകുക. ബ്രാ ധരിച്ചാലും പ്രശ്നം ധരിച്ചില്ലേലും പ്രശ്നം എന്ന അവസ്ഥയാകും മിക്കവർക്കും.

ശരീരഭാരം കൂടുന്ന അവസ്ഥ – ആർത്തവ കാലത്തോട് അടുത്ത ദിവസങ്ങളിൽ ചില സ്ത്രീകൾക്ക് ശരീര ഭാരം കൂടിയ അവസ്ഥയുണ്ടാകും, ആർത്തവം കഴിയുന്നതോടു കൂടി ഇത് സാധാരണനിലയിലേക്ക് മാറുകയും ചെയ്യാം. നീ തടിച്ചല്ലോ, ചീക്കപ്പോത്തായല്ലോ എന്നൊന്നും പറയേണ്ട, ആർത്തവം ആരംഭിക്കുന്നതോടെ സാധാരണ നിലയിലേക്ക് അവളുടെ ശരീരം മാറിക്കോളും.

ഒന്നിലും ശ്രദ്ധ കിട്ടാത്ത അവസ്ഥ – ചിന്തകൾ ഒന്നിലേക്കും കൃത്യമായി കേന്ദ്രീകരിക്കാനോ മറ്റുള്ളവർ പറയുന്നതോ വിളിക്കുന്നതോ പോലും കേൾക്കാത്ത അവസ്ഥയോ, പലതും മറന്നു പോകുന്ന അവസ്ഥയോ ഓർമ്മക്കുറവോ സംഭവിക്കാം. അവളെ ചീത്ത വിളിക്കേണ്ടതില്ല, ആ അവസ്ഥയിലും ആർത്തവം തുടങ്ങുന്നതോടെ മാറ്റം വന്നിരിക്കും

തലവേദനയും പുറം വേദനയും – മിക്ക സ്ത്രീകളും നേരിടുന്ന വിഷയമാണ് അതി കഠിനമായ തലവേദയോ പുറം വേദനോ ഉണ്ടാകുകയെന്നത്. ചിലർക്ക് വേദന സഹിക്കാനാകാതെ തളർന്ന് കിടക്കുന്ന അവസ്ഥ വരെ ഉണ്ടാകും. നിനക്കെപ്പാഴാ വേദയില്ലാത്തത് എന്നചോദ്യം വേണ്ട, അതവൾക്ക് വലിയ സങ്കടം ഉണ്ടാക്കും. അവൾക്ക് തീരെ വയ്യാഞ്ഞിട്ട് തന്നെയാണ്; സഹിക്കാനാകാത്ത വേദന കൊണ്ടാണ് കേട്ടോ അവൾ വേദനയാണെന്ന് പറയുന്നത്..

ഭക്ഷണത്തോടുളള ആർത്തിയും, അമിത ഭക്ഷണം കഴിക്കലും – ചില സ്ത്രീകൾ PMS ന്റെ ഭാഗമായി അമിതമായി ഭക്ഷണം കഴിക്കുകയോ, ഭക്ഷണത്തോട് ആർത്തി കാണിക്കുകയോ ചെയ്യുന്നതും സാധാരണയാണ്. ഇത് വല്ലാത്ത കോമഡിയായിരിക്കും, നീ കുടുംബം തിന്ന് മുടിപ്പിക്കുവോ എന്ന ചോദ്യംചോദിക്കല്ലേ, അവളുടെ PMS ഇഷ്യൂ മാത്രമാണ് ഇത്.

ക്ഷീണം – മിക്ക സ്ത്രീകളിലും സംഭവിക്കുന്ന വിഷയമാണ് അമിതമായ ക്ഷീണം PMS ന്റെ ഭാഗമായി വരുന്നു എന്നത്. ഒന്നിനും കഴിയാതെ ക്ഷീണിച്ചു കിടക്കുന്ന അവസ്ഥ സാധാരണയായി കണ്ടുവരുന്ന പ്രശ്നമാണ്. അവക്കെപ്പഴും ക്ഷീണമാണ് എന്ന് പുച്ഛിക്കരുതേ, മാനസീകമാസും ശാരീരികമായും അവൾ ക്ഷീണിച്ച് കിടക്കുകയാകും. പീരിയഡ്സ് കഴിയുന്നതോടെ അവൾ ഉൻമേഷവതിയായി തിരിച്ചെത്തും.

കരയുന്ന അവസ്ഥ – നിസാര കാര്യങ്ങൾക്കുപോലും ചില സ്ത്രീകൾ കരയുന്നത് PMS കാലത്ത് സാധാരണമാണ്. അവർക്ക് സംഭവിക്കുന്ന ശാരീരീക മാനസീക ബുദ്ധിമുട്ടുകൾ തന്നെയാണ് അവരെ കരച്ചിലേക്ക് നയിക്കുന്നത്. ആകെ ശരീരവും മനസ്സും തളർന്നിരിക്കുന്ന അവസ്ഥയിൽ, അവർക്ക് ചെറിയ കാര്യങ്ങളിൽ പോലും സങ്കടം വരിക സ്വാഭാവികം, പക്ഷെ ഇത് കാണുന്നവർക്ക് വട്ടാകുകയും ചെയ്യും, ഇവിടിപ്പോൾ കരയാനെന്തുണ്ടായി എന്നതായിരിക്കും കരച്ചിൽ കണ്ട് വട്ടായി നിൽക്കുന്നവരുടെ അവസ്ഥ. വട്ടാകേണ്ടതില്ല, അവളുടെ കുടെയിരുന്ന് ഒന്ന് മുടിയിഴകളിൽ തഴുകിയാൽ, ഒന്ന് കെട്ടിപിടിച്ച് കിടന്നാൽ, നെറ്റിയിലൊരു ചുംബനം നൽകിയാൽ അവളുടെ കണ്ണുകളിൽ പ്രകാശം നിറയും.

ദേഷ്യപ്പെടുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യുന്ന അവസ്ഥ – ഒരു കാര്യവുമില്ലാതെ പങ്കാളിയോടോ, സുഹൃത്തുക്കളോടോ, വീട്ടിലുള്ളവരോടോ അമിതമായി ദേഷ്യപ്പെടുകയോ, പൊട്ടിത്തെറിക്കുകയോ ഇറിറ്റേറ്റഡാകുകയോ ഒക്കെ മിക്കവരും ചെയ്യാം. ഈ PMS അവസ്ഥ മനസ്സിലാക്കാൻ കൂടെയുള്ളവർക്ക് സാധിച്ചില്ല എങ്കിൽ ഒരു വഴക്കിനും തല്ലുകൂടലിനും ഇത് ധാരാണമായേക്കാം. ഗംഗയെ മാനേജ് ചെയ്ത നകുലന്റെ അവസ്ഥയാകും ഇത്തരം PMS അവസ്ഥയുള്ളവരുടെ പങ്കാളികൾക്ക്..

അമിതമായ ഉത്കണ്ഠ – തൊട്ടതിനും പിടിച്ചതിനും ഒക്കെ ആകുലപ്പെടുകയോ ഉത്കണ്ഠപെടുകയോ ഒക്കെ ചിലർ ചെയ്തേക്കാം. അതിന്റെ ഭാഗമായി മറ്റുള്ളവർക്ക് വട്ടാകുകയോ, പലരെയും വട്ടാക്കുകയോ ചെയ്യാൻ ഈ അവസ്ഥക്ക് കഴിയും. ഈ സമയത്തെ അമിതമായ ടെൻഷനുകൾ PMS ന്റെ ഭാഗമാണെന്ന് മനസ്സിലാക്കാനായി ഭിത്തിയിൽ കിടക്കുന്ന കലണ്ടറിലേക്കൊന്ന് നോക്കിയാൽ മതിയാകും.

മൂഡ് സ്വിങും ഡിപ്രഷനും – ഈ അവസ്ഥ വല്ലാത്ത ബുദ്ധിമുട്ടുകൾ ഓരോ സ്ത്രീക്കും സമ്മാനിക്കും, കൂടാതെ അവളോടൊപ്പമുള്ളവർക്കും വലിയ സുഖകരമാകില്ല ഈ അവസ്ഥ. നിരന്തരം മാറിമറിയുന്ന അവളുടെ മൂഡും, ഡിപ്രസ്സ്ഡായി ഇരിക്കുന്ന പെരുമാറുന്ന അവസ്ഥയും അവൾക്കും അവളുമായി ഇടപെടുന്നവർക്കും സഹിക്കാനാകാത്ത ഉൾക്കൊള്ളാനാകാത്ത അവസ്ഥ സൃഷ്ടിക്കാം. പലപ്പോഴും പൊട്ടിത്തെറികളിലേക്കും നീണ്ടുനിൽക്കുന്ന വഴക്കുകളിലേക്കും വരെ ഇത് പങ്കാളികളെ കൊണ്ടുചെന്നിത്തിക്കാം.

ഇതൊക്കെയാണ് പ്രധാനപ്പെട്ട PMS അവസ്ഥകൾ. ഇത്തരം അവസ്ഥകൾ കൊണ്ട് പല പങ്കാളികളുടേയും ഇടയിൽ പരിഹരിക്കാനാകാത്തതോ അഡ്ജസ്റ്റ് ചെയ്യാനാകത്തോതോ ആയ അവസ്ഥകൾ സംഭവിക്കുകയോ, പിണക്കങ്ങളുടെ ആരംഭമാകുകയോ, തമ്മിൽ തല്ലലുകൾക്ക് തുടക്കമാകുകയോ ഒക്കെ ചെയ്യാം. ഇവിടെ അവളെ മനസ്സിലാക്കുക, അവളുടെ അവസ്ഥ മനസ്സിലാക്കുക എന്നതാണ് പ്രധാനം. അവളോടൊപ്പം ആ ദിവസങ്ങൾ നിന്നാൽ, അവളെ മനസ്സിലാക്കി അവളെ ചേർത്ത് നിർത്തിയാൽ നിങ്ങളുടെ ജീവിതം ആനന്ദ പൂർണ്ണമാകും.

ഇതൊക്കെയാണ് ലൈംഗീക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം. പല പങ്കാളികളും തമ്മിൽ വഴക്ക് തുടങ്ങുന്നതും പല കുടുംബങ്ങളിലും സ്വരച്ചേർകൾ ഇല്ലാതാകുന്നതിനും PMS നിസാര പങ്കല്ല വഹിക്കുന്നത്. ഇവിടെ കൃത്യമായ ലൈംഗീക വിദ്യാഭ്യാസം നേടാതെ അവൾക്ക് കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട് എന്നും, അവളിപ്പോൾ പഴയ അവളല്ല എന്നുമൊക്കെ വിധിയെഴുതി അവളുമായി അകന്നുമാറി ബന്ധങ്ങൾ പിരിയുന്നതിലേക്ക് വരെ പോകാതെ, അവളെ, അവളുടെ ശരീരത്തെ, അവളുടെ ശാരീരികാവസ്ഥകളെ, അവളുടെ മനസ്സിനെ, അവളുടെ മാനസീക ബുദ്ധിമുട്ടുകളെ മനസ്സിലാക്കിയാൽ PMS കാലം ഈസിയായി നമുക്ക് തരണം ചെയ്യാനാകും, അല്ലാത്തപക്ഷം PMS കാലം നീണ്ടു നിൽക്കുന്ന അടികളിലേക്കും വഴക്കുകളിലേക്കും പിണക്കങ്ങളിലേക്കും പങ്കാളികളെ നയിച്ചെന്നുവരാം. കുടുംബമെന്നത് കൂടുമ്പോൾ ഇമ്പമുള്ളതാകണം, ആ ഇമ്പം ലഭിക്കാനായി പരസ്പരമുള്ള മനസ്സിലാക്കലുകളും പിന്തുണകളും ആവശ്യമാണ്.

നബി 1 – ലൈംഗീക വിദ്യാഭ്യാസം എന്നത് എങ്ങനെ ലൈംഗീക ബന്ധത്തിലേർപ്പെടാം എന്നതിന് മാത്രമുള്ളതല്ല, മറിച്ച് സ്ത്രീ പുരുഷ ഇതരലിംഗങ്ങളിൽ പെട്ടവരുടെ ശാരീരിക, മാനസീക, ലൈംഗീകതകളെ കുറിച്ചുള്ള കൃത്യമായ അറിവ് നൽകാനാണ് ലൈംഗീക വിദ്യാഭ്യാസം. ഒരറിവും നിസ്സാരമല്ല, അറിവില്ലായ്മ അലങ്കാരവുമല്ല.

നബി 2- ലൈംഗീകത പാപമെന്ന് പഠിപ്പിക്കുന്ന മതങ്ങളുടെ നാട്ടിൽ, ലൈംഗീക വിദ്യാഭ്യാസത്തെ കുറിച്ചും ലൈംഗീകതയെ കുറിച്ചും തുറന്ന് എഴുതുന്നതും സംസാരിക്കുന്നതും വലിയ തെറ്റാകുമെന്നറിയാം. പക്ഷെ സാമൂഹ്യജീവിയെന്ന നിലയിൽ ആ ഉത്തരവാദിത്തത്തിൽ നിന്നും എനിക്ക് ഒഴിഞ്ഞുമാറാനാകില്ല, അതുകൊണ്ടുതന്നെ ഇനിയുമിനിയും എഴുതിക്കൊണ്ടേയിരിക്കും.

Related Topics

Share this story