Nature

കാറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു; ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. ഞായറാഴ്ചവരെ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ ജില്ലകളിലാണ് മഴ ശക്തം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കേരളതീരത്ത് 50 കിലോമീറ്റര്‍ വേഗമുളള കാറ്റിനും സാധ്യതയുളളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശമുണ്ട്.

കൊച്ചി – ധനുഷ്കോടി ദേശീയപാതയില്‍ ചീയപ്പാറക്ക് സമീപം കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. നിസാര പരിക്കുകളോടെ ഡ്രൈവര്‍ രക്ഷപ്പെട്ടു. വൈകുന്നേരം പെയ്ത ശക്തമായ മഴയിലും കാറ്റിലുമാണ് സംഭവം. ഇതിനെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകള്‍ ഗതാഗതം തടസ്സപെട്ടു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തില്‍ മരം വെട്ടി മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യത. ഈ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അതിജാഗ്രതാനിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചു. ശനിയാഴ്ച ഇടുക്കിയിലും ഞായറാഴ്ച കണ്ണൂരിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 204 മില്ലീമീറ്ററില്‍ കൂടുതല്‍ മഴയാണ് ഈ ദിവസങ്ങളില്‍ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്.

Comments are closed.