Times Kerala

കർക്കടകമെത്തി…ഇനി പത്തിലക്കറി ഉണ്ടാക്കാം …..!!!

 
കർക്കടകമെത്തി…ഇനി പത്തിലക്കറി ഉണ്ടാക്കാം …..!!!

“കായേം ചേനേം മുമ്മാസം.. ചക്കേം മാങ്ങേം മുമ്മാസം.. താളും തകരേം മുമ്മാസം..” മലയാളികളുടെ ഭക്ഷണരീതികൾ കുറിച്ചുള്ള പൊതുവെയുള്ള ഒരു നാട്ടുചൊല്ലാണ് ഇത്. അങ്ങനേം ഇങ്ങനേം മുമ്മാസം’…കർക്കട മാസം ഇങ്ങ് എത്തി. കർക്കിട മാസത്തിൽ പൊതുവെ മലയാളികൾക്കിടയിലുള്ള ഭക്ഷണരീതി വളരെ പ്രാധാന്യമേറിയതാണ്.ഔഷധങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്ന സമയം കൂടിയാണിത്. പണ്ടുള്ളവർ ഇക്കാലത്തു പ്രത്യേക ഭക്ഷണരീതി തന്നെയാണ് മലയാളികൾ ശീലിച്ചിരിക്കുന്നത്. ഇല കറികളാണ് കർക്കിട മാസത്തിൽ കൂടുതൽ കഴിക്കുന്നത്. വളരെ ഉർജ്ജസ്വലമാവാനുള്ള ഒരു കാരണം കുടിയാണ് ഇത്. പത്തിലക്കറികളാണ് മലയാളികളാ കഴിക്കുന്നത്.

1 താള്

താളും തകരയുമൊക്കെ പഴയ കാലത്തിന്റെ മാത്രം കറികളാവുകയാണ്. മനസു വച്ചാല്‍ ഇവയൊക്കെ നമുക്ക് നമ്മുടെ കാലത്തിന്റെ കറികളുമാക്കാം.കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം എന്നിവയാൽ സമ്പന്നം. തൊലി നീക്കിയ ഇളം ഇലത്തണ്ടുകളും വിടരാത്ത ഇലകളും പത്തിലക്കറിക്ക് ഉപയോഗിക്കാം. നുറുക്കി പുളിവെള്ളത്തിൽ തിളപ്പിച്ചോ രാത്രി മുഴുവൻ വെള്ളത്തിലിട്ടോ മഞ്ഞൾപ്പൊടിതൂകി വച്ചോ ചൊറിച്ചിൽ മാറ്റി വേണം ഉപയോഗിക്കാൻ.

ചേരുവകള്‍

ചേമ്പിന്‍ തണ്ട് ചെറുതായി അരിഞ്ഞത് -ഒരു തണ്ട്
അരച്ച തേങ്ങ -ഒരു മുറി
ജീരകം- ഒരു നുള്ള്
വെളുത്തുള്ളി- അഞ്ചോ ആറോ അല്ലി
മുളകു പൊടി- അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
കുടമ്പുളി – പുളിയ്ക്കനുസരിച്ച് (കുറവാണ് രുചി)
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ചേമ്പിന്‍ തണ്ട് നന്നായരിഞ്ഞ് ഉപ്പിട്ട് വേവിച്ച് വെള്ളം ഊറ്റുക. ഇതിലേക്ക് ഒരു കഷ്ണം കുടമ്പുളിയിടുക.
ജീരകം, വെളുത്തുള്ളി, മുളകു പൊടി, മഞ്ഞള്‍ പൊടി ബാക്കി ചേരുവകള്‍ അരച്ചത് ചേര്‍ത്ത് തിളപ്പിക്കുക. ശേഷം കടുക് വറുത്തിട്ട് വാങ്ങിവെക്കാം.

2. ചേമ്പ്

കാൽസ്യം, ഫോസ്ഫറസ്, ധാതുക്കൾ അടങ്ങിയിരിക്കുന്നു. തണ്ടുകളും വിടരാത്ത ഇലകളുമാണ് (ചിലയിടങ്ങളിൽ വിടർന്ന ഇലയും) കറിയിൽ ഉപയോഗിക്കേണ്ടത്. ഇവയുടെ ഭൂകാണ്ഡത്തിൽ അന്നജം ഏറെയുണ്ടെന്നും ഓർക്കാം.

ചേമ്പ് കറി

ആവശ്യമുള്ളചേരുവകള്‍
ചേമ്പ്
മുളകുപൊടി
മഞ്ഞള്‍പ്പൊടി
തേങ്ങ
പുളി
ഉപ്പ്
വെളിച്ചെണ്ണ
ചെറിയ ഉള്ളി
കടുക്

തയ്യാറാക്കുന്ന വിധം

ഒരു ചട്ടിയില്‍ തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കിയ ചേമ്പ്,ആവശ്യത്തിന് മുളകുപൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ് എന്നിവ പുളിവെള്ളത്തില്‍ വേവിക്കുക. ചേമ്പ് നന്നായി വെന്തതിനു ശേഷം അരച്ച തേങ്ങ ചേര്‍ത്ത് തിളപ്പിക്കുക.കറിവേപ്പില ചേര്‍ത്ത് ഇറക്കിവെക്കുക. അല്‍പം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.കടുക്പൊട്ടിയതിനുശേഷംചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന ചെറിയ ഉള്ളി ചേര്‍ത്ത് വഴറ്റുക.ഈ വറവ് കറിയിലൊഴിക്കുക.

3. ചേന

ധാതുക്കൾ, വൈറ്റമിനുകൾ, പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, ഭക്ഷ്യനാരുകൾ എന്നിവ ഇതിലുണ്ട്. ഭൂകാണ്ഡത്തിലെ ഏക അഗ്രമുകുളത്തിൽ നിന്നുണ്ടാകുന്ന പച്ചനിറമുള്ള ഒറ്റത്തണ്ടും അതിന്റെയറ്റത്തു വിടർന്നുവരുന്ന തളിരിലയുമാണു കറിവയ്ക്കേണ്ടത്.

ചേരുവകൾ

2കപ്പ് ചേന ചെറുതായി അരിഞ്ഞത്
3 പച്ചമുളകുകൾ ചെറുതായി അരിഞ്ഞത്
1 ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്
1 ചെറുനാരങ്ങ
അര കപ്പ് തേങ്ങ ചിരകിയത്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചേന, മഞ്ഞൾ പ്പൊടി, ഉപ്പ്, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വേവിക്കുക. വെന്തു കഴിഞ്ഞാൽ തേങ്ങ ചേർത്ത് തിളപ്പിക്കുക.വെളിച്ചെണ്ണ ഒരു സ്പൂൺ ചേർത്ത്, നാരങ്ങാനീരും കറിവേപ്പിലയും ചേർത്ത് വാങ്ങുക.

4 . തകര കറി

തകര പണ്ടുകാലത്ത് തൊടികളിലും നിരത്തുവക്കിലുമെല്ലാം കാടായി കിടക്കുന്ന കുറ്റിച്ചെടിയാണ്. ഇന്ന് കുറഞ്ഞുവരുന്നു. ഇതിന്റെ ഇല, പ്രത്യേകിച്ചും കിളിര്‍പ്പുഭാഗം നുള്ളിയെടുത്ത് കറിവയ്ക്കാം. വൈറ്റമിന്‍ എ, സി എന്നിവയും മറ്റു ധാതുക്കളും ധാരാളമുണ്ട്. ഹനശേഷി കൂട്ടും. ത്വക് രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, അലർജി എന്നിവ നിയന്ത്രിക്കും. അധികം മൂക്കാത്ത ഇലകളാണു കറിക്ക് എടുക്കേണ്ടത്.

ആവശ്യമുള്ള സാധനകൾ

തകര ഒരു പിടി
ചെറിയഉള്ളി വട്ടത്തതില്‍ അരിഞ്ഞത്- 3 എണ്ണം
മുളക് പൊടി- അല്പം
മഞ്ഞള്‍ പൊടി- ഒരു നുള്ള്
ഉപ്പ് – പാകത്തിന്
തേങ്ങ ചുരണ്ടിയത്- 2 സ്പൂണ്‍
കരിവേപ്പില- ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

ചീന ചട്ടി ചൂടായല്‍ എണ്ണ ഒഴിക്കുക മുളക് പൊടി , മഞ്ഞള്‍ പൊടി, തേങ്ങ, ഉപ്പ്, കറിവേപ്പില എന്നിവ ഇട്ടു ചെറുതായി വഴറ്റുക. വെള്ളം ഒഴിച്ച് വേവിയ്ക്കുക.

5 .ആനക്കൊടിത്തൂവ (ചൊറിതണം, ചൊറിതനം)

ഇരുമ്പ്, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, വൈറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. മൂക്കാത്ത ഇലകൾ പറിച്ച്, ഗ്ലൗസിട്ട കൈകൾ കൊണ്ടു കശക്കി ഇതിലെ രോമങ്ങൾ കുടഞ്ഞുകളഞ്ഞ ശേഷമാണ് ഉപയോഗിക്കേണ്ടത്. ഈ രോമങ്ങളാണ് അസഹ്യമായ ചൊറിച്ചിലുണ്ടാക്കുന്നത്.

6 .കുമ്പളം

ഭക്ഷ്യനാരുകൾ, ധാതുലവണങ്ങൾ എന്നിവ ധാരാളമുള്ള കുമ്പളത്തില ദഹനവ്യൂഹം ശുദ്ധമാക്കും. മൂപ്പെത്താത്ത ഇലകൾ പറിച്ചെടുത്തു കൈപ്പത്തികൾക്കിടയിൽ വച്ചു തിരുമ്മി, ഇലയിലെ രോമങ്ങൾ കുടഞ്ഞുകളഞ്ഞ് കറിവയ്‌ക്കാം.

7. മത്തൻ ഇല കറി

കാത്സ്യം, ഫോസ്ഫറസ്, ധാതുക്കൾ, വൈറ്റമിനുകൾ എന്നിവ അടങ്ങിയിരിക്കുന്ന മത്തനില ദഹനം വേഗത്തിലാക്കും. വാത–കഫ–പിത്ത ദോഷങ്ങൾ നിയന്ത്രിക്കും.

ആവശ്യമുള്ള സാധനങ്ങൾ

മത്തൻ ഇല – ഒരു പിടി
കുഞ്ഞുള്ളി -3-4 എണ്ണം
പച്ചമുളക് -2 എണ്ണം
വറ്റൽ മുളക് -2 എണ്ണം
തേങ്ങ -ഒരു പിടി
വെളുത്തുള്ളി -2 അല്ലി
എണ്ണ -ആവശ്യത്തിനു
കുറുവ അരി -ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ചൂടാക്കി ഒരു നുള്ള് അരിയും ചേർത്തു മൊരിഞ്ഞ ശേഷം വറ്റൽ മുളക് ചേര്‍ത്ത് കുഞ്ഞുള്ളി ചേർത്തു വഴറ്റി അരിഞ്ഞു വച്ച ഇലയും പച്ചമുളകും ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് ഇളക്കി ചെറു തീയിൽ അടച്ചു ഒരു 5 മിനിറ്റു ശേഷം ചിരവിയ തേങ്ങ ചതച്ച വെളുത്തുള്ളി ചേർത്ത് ഇളക്കി 2 മിനിറ്റ് ശേഷം തീ അണച്ച് ചോറിനൊപ്പം കഴിക്കാം .

8 .വെള്ളരി ഇല കറി

ധാരാളം വൈറ്റമിനുകളും ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു. ഇലകളിലെ രോമം കളഞ്ഞശേഷം കറിവയ്ക്കാം.

9. നെയ്യുണ്ണി

ശിവലിംഗക്കായ, നെയ്യുർണി എന്നും പേരുകൾ. ദുർമേദസ്സ്, നീര്, പനി, ചുമ, ത്വക്‌രോഗങ്ങൾ എന്നിവ നിയന്ത്രിക്കുന്നു. മൂക്കാത്ത ഇലകൾ കറിക്ക് എടുക്കാം.

10. ചീര കറി

കറിവയ്ക്കേണ്ടത് മൂക്കാത്ത തണ്ടുകളും ഇലകളും. കാത്സ്യം, ഇരുമ്പ്, വൈറ്റമിനുകൾ എന്നിവ ധാരാളം. നേത്രരോഗങ്ങൾ, വാത–കഫ–പിത്ത ദോഷങ്ങൾ എന്നിവ ശമിപ്പിക്കും. ക്ഷീണം, വിളർച്ച അകറ്റും.

ചീര തോരൻ

ആവശ്യമായ സാധനങ്ങൾ

ചീര -1 കെട്ട്
തേങ്ങാ -1/4കപ്പ്
കറിവേപ്പില
കടുക്-1സ്പൂൺ
ഉപ്പ് -പാകത്തിന്
ഉണക്കമുളക് -2എണ്ണം
വെളിച്ചെണ്ണ -1Tbs

ഉണ്ടാക്കുന്ന വിധം

ചീര നല്ലതുപോലെ ചെറുതായി അരിഞ്ഞെടുക്കുക.ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉണക്കമുളകും കറിവേപ്പിലയും ഇട്ടതിനു ശേഷം ഇതിലേക്ക് കഴുകി അരിഞ്ഞു വെച്ചിരിക്കുന്ന ചീര ചേർത്തു പാകത്തിന് ഉപ്പു ചേർത്ത് വേവിച്ചെടുക്കുക. വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. ചീര വെന്തുകഴിയുമ്പോൾ കുറച്ചേ ഉണ്ടാകു. അത്കൊണ്ട് ഉപ്പു കുറച്ചു ചേർക്കുക. അടുപ്പിൽ വാങ്ങുന്നതിന് മുൻപ് തേങ്ങ കൈ കൊണ്ട് നന്നായി തിരുമ്മി ചേർത്ത് ഇളക്കി രണ്ടു മിനിട്ട് വേവിക്കുക.

Related Topics

Share this story