Times Kerala

കുട്ടികളുടെ ചുമയകറ്റാന്‍ തേന്‍

 
കുട്ടികളുടെ ചുമയകറ്റാന്‍ തേന്‍

തേന്‍ തന്നെയാണ്‌ കുട്ടികളുടെ ചുമയകറ്റാന്‍ ഉത്തമം. നമ്മുടെ മുത്തശ്ശിമാര്‍ എത്രയോ കാലമായി പറയാറുള്ള ഈ കാര്യം വെറും പാഴ്വാക്കല്ലെന്നും ശാസ്ത്രീയം തന്നെയെന്നും ഒരുകൂട്ടം അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു . മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന്‌ ഡോക്ടറുടെ നിര്‍ദേശമില്ലാതെ വാങ്ങാവുന്ന കഫ് സിറപ്പുകളെ അപേക്ഷിച്ച്‌ സുരക്ഷിതവും ഫലപ്രദവുമാണ്‌ തേന്‍ എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

കുട്ടികള്‍ക്ക്‌ രാത്രിയിലുണ്ടാകുന്ന ചുമയകറ്റാന്‍ തേന്‍ നല്‍കുന്നത്‌ ഫലം ചെയ്യുമോ എന്നാണ്‌ ഗവേഷകര്‍ പരിശോധിച്ചത്‌. രാത്രി കിടക്കും മുമ്പ്‌ തേന്‍ നല്‍കിയപ്പോള്‍, കുട്ടികള്‍ക്ക്‌ ഡിക്‌സ്‌ത്രോമെഥോര്‍ഫാന്‍ (dextromethorphan-DM) അടങ്ങിയ കഫ്‌ സിറപ്പുകള്‍ നല്‍കുന്നതിലും, വളരെ ആശ്വാസം ഉണ്ടായതായി കണ്ടു. ചുമയുടെ കാഠിന്യം കുറഞ്ഞു എന്നു മാത്രമല്ല, നല്ല ഉറക്കം ലഭിക്കാനും തേന്‍ സഹായിച്ചു.

ഫലപ്രദമല്ലാത്തതിനാല്‍ ആറ്‌ വയസിന്‌ താഴെയുള്ള കുട്ടികള്‍ക്ക്‌ ഇത്തരം ചുമ മരുന്നുകള്‍ നല്‍കുന്നത്‌ ഒഴിവാക്കാന്‍ അമേരിക്കയിലെ ‘ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌സ്‌ ആഡ്‌മിനിസ്‌ട്രേഷന്‍’ (FDA) ഉപദേശക സമിതി അടുത്തയിടെ ശുപാര്‍ശ ചെയ്‌തിരുന്നു. ആ ശുപാര്‍ശ അധികൃതര്‍ പരിശോധിക്കുന്നതിനിടെയാണ്‌ പുതിയ ഗവേഷണഫലം പുറത്തു വന്നിരിക്കുന്നത്‌.

ഇന്ത്യയുള്‍പ്പടെയുള്ള ഒട്ടേറെ രാജ്യങ്ങളില്‍ നാട്ടുചികിത്സയിലെ ഒഴിച്ചു കൂട്ടാനാകാത്ത ഘടകമാണ്‌ തേന്‍. 12 മാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക്‌ ചുമ ഭേദമാക്കാന്‍ തേന്‍ നല്‍കുന്നത്‌ സുരക്ഷിതമാണെന്നത്‌ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ചുമയ്‌ക്കു മാത്രമല്ല, നിരോക്‌സീകാരിയായും രോഗാണു നാശിനിയായും തേനിനുള്ള അപൂര്‍വ സിദ്ധികള്‍ വളരെ പ്രസിദ്ധമാണ്‌. മുറിവുണക്കാനും പൊള്ളല്‍ ചികിത്സിക്കാനും തേനിന്‌ കഴിയുമെന്ന്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ നമ്മുടെ പൂര്‍വികര്‍ തെളിയിച്ചിരുന്നു.

Related Topics

Share this story