chem

സാലഡ് ശീലമാക്കാം

നിറയെ പോഷണം , കുറഞ്ഞ കലോറി ഇതാണ് സാലഡിന്റെ സവിശേഷത . തടികുറയ്ക്കണം എന്നുള്ളവർ സാലഡ് ശീലമാക്കണം . അപ്പോൾ മറ്റു ഭക്ഷണങ്ങളുടെ അളവ് താനേ കുറയും . ഭക്ഷണ രീതിയിൽ ഒരു ചെയ്ഞ്ച് ആയാലോ . ചെറിയ മാറ്റം . ഒരു കൂട്ടിച്ചെർക്കൽ . ഭക്ഷണത്തോടൊപ്പം ഒരു എക്സ്ട്രാ പ്ലേറ്റ് കൂടി . പച്ചക്കറികൾ അരിഞ്ഞു വച്ച ഒരു പ്ലേറ്റ് . പറഞ്ഞുവരുന്നത് സാലഡിനെ കുറിച്ചാണ് . ഭക്ഷണത്തിൽ സാലഡ് ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് . സാലഡ് പുതിയ കണ്ടുപിടിത്തമൊന്നുമല്ല . കാലങ്ങളായി പല ഭക്ഷണ രീതികളുടെയും അവിഭാജ്യഘടകമാണിത് . സാലഡിന്റെ പ്രാധാന്യം ഇപ്പോൾ കൂടുതൽ തിരിച്ചറിയപ്പെടുകയാണ് . നിറയെ പോഷണം , കുറഞ്ഞ കലോറി എന്നതാണ് സാലഡിന്റെ പ്രത്യേകത .

 നിങ്ങൾ സാലഡ് കഴിക്കാറുണ്ടോ ? ഇല്ലെങ്കിൽ കഴിച്ചുതുടങ്ങാം ഇന്നു മുതൽ തന്നെ . ദിവസവും ഒരു നേരമെങ്കിലും സാലഡ് കഴിക്കണം . ഇലക്കറികളും പച്ചക്കറികളും പഴങ്ങളും ചേർത്ത സാലഡ് ആഹാര ശീലമാക്കി മാറ്റി നോക്കൂ . അതിന്റെ മേന്മ തിരിച്ചറിയാനാവും . ആരോഗ്യത്തിന് അത്‌ മുതൽക്കൂട്ടാവും .

പോഷകങ്ങളുടെ സ്രോതസ്സാണ് ഇലക്കറികളും പച്ചക്കറികളും . അതിൽ പലതരം വൈറ്റമിനുകൾ ഉണ്ട് . വൈറ്റമിൻ എ , സി ,കെ , ഫോളിക് ആസിഡ് , ചില ബി വൈറ്റമിനുകൾ എന്നിവ . ഇരുമ്പ് , സിങ്ക് , കോപ്പർ , ഫോസ്‌ഫറസ്‌ , അയഡിൻ ,മഗ്നീഷ്യം , പൊട്ടാസ്യം , തുടങ്ങിയ ധാതുക്കൾ ഉണ്ട് . ആന്റി ഓക്സിഡന്റുകളുടെ സാന്നിധ്യമാണ് മറ്റൊരു മേന്മ . വൈറ്റമിൻ സി , വൈറ്റമിൻ ഇ , ലൈക്കോപീൻ , ലൂട്ടിൻ , ആൽഫാ , ബീറ്റാ കരോട്ടിൻ , ക്രിപ്റ്റോ സാന്തീൻ തുടങ്ങിയവ ഇതിലൂടെ ലഭ്യമവുന്നു . ഇതിനു പുറമെ നാരുകളും . രോഗങ്ങൾ അകറ്റാനും ആരോഗ്യം നിലനിർത്താനും പ്രതിരോധശേഷി കൂട്ടാനും ഈ പോഷകങ്ങൾ സഹായിക്കുന്നു .

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് ശരീരത്തിൽ നല്ലതാണെന്നതിൽ തർക്കമില്ല . അതിനുള്ള ഏറ്റവും ഉചിതമായ വഴിയാണ് സാലഡ് . പച്ചക്കറികൾ വേവിക്കാതെ കഴിക്കുന്നതിനാൽ പൂർണപ്രയോജനവും ലഭിക്കുന്നു . ഇതിലെ ആന്റി ഓക്‌സിഡന്റുകൾ ശരീരത്തിന് വലിയ സുരക്ഷയാണ് ഒരുക്കുന്നത് . ഫ്രീറാഡിക്കലുകൾ എന്ന അപകടകാരികൾ പല ക്ഷതങ്ങളും ഉണ്ടാക്കാം . ഈ ഫ്രീറാഡിക്കലുകളെ നിർവീര്യമാക്കുന്നത് ആന്റി ഓക്സിഡന്റുകളാണ് . പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുന്നവരിൽ ചിലതരം കാൻസറുകൾ വളരെ കുറഞ്ഞ തോതിലെ കാണാറുള്ളൂ .

പച്ചക്കറികളിലെ നാരുകളും ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നുണ്ട് . നാരിന് പോഷണമൂല്യമൊന്നുമില്ല . പക്ഷെ , അവ ഗുണകരമാണ് . രക്തത്തിലെ കൊളസ്‌ട്രോൾ കുറയ്ക്കാൻ നാരുകൾക്കാവും . രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താനും നാരുകൾ ഒരു പരിധിവരെ സഹായിക്കും . നാരുകൾ ഭക്ഷണത്തിൽ ഉണ്ടെങ്കിൽ ദഹനം സാവധാനത്തിലാകും . ഗ്ലൂക്കോസ് രക്തത്തിൽ എത്താൻ സമയമെടുക്കും .

മലബന്ധം ഇല്ലാതാക്കാനും നാരുകൾക്കാവും . പ്രമേഹമുള്ളവർക്കും ഹൃദ്രോഹികൾക്കും സാലഡ് ഉത്തമ ഭക്ഷണമാണ് .

ഭാരം കുറയ്ക്കാം:

തടിയും തൂക്കവും കുറയ്ക്കണമെന്നുണ്ടോ . എങ്കിൽ സാലഡ് ശീലമാക്കിക്കൊള്ളൂ . ഭക്ഷണത്തോടൊപ്പം സാലഡ് എന്നത് വിജയകരമായ ഫോര്‍മുലയാണ് . പ്രധാന ഭക്ഷണത്തിന് മുമ്പ് ഒരു പ്ലേറ്റ് സാലഡ് ആവാം . വയറ് നിറയും . പ്രധാന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനാകും . നാരുകൾ അടങ്ങിയതിനാൽ ഇവ പെട്ടെന്ന് ദഹിച്ചുപോകില്ല . അതിനാൽ ഭക്ഷണാസക്തി കുറയുന്നു . വിശക്കുമ്പോൾ ഇടനേരങ്ങളിലും സാലഡ് കഴിക്കാം . കൊഴുപ്പ് ഇല്ലാത്ത ഭക്ഷണമാണ് പച്ചക്കറികളും പഴങ്ങളും . കലോറിയും കുറവ് . അതിനാൽ അമിത കലോറി ഇതിലൂടെ അകത്തെത്തുന്നില്ല . എന്നാലോ പോഷണങ്ങൾ ആവശ്യത്തിന് കിട്ടുന്നു . ഒരേ സമയം ആരോഗ്യം നിലനിർത്താനും ഭാരം കുറയാനും ഇതിലൂടെ സാധിക്കുന്നു.

സാലഡ് ഉണ്ടാക്കാൻ എളുപ്പമാണ്:

സാലഡ് ഉണ്ടാക്കാൻ പ്രയാസമില്ല സിംപിളാണ് . കുറച്ചു പച്ചക്കറികൾ അരിഞ്ഞെടുക്കണം . വേണമെങ്കിൽ പഴങ്ങളും . അത് വേവിക്കുകയും വേണ്ട . കാരറ്റ് , കക്കിരിക്ക , തക്കാളി , സവാള , കാബേജ് എന്നിവ കനം കുറച്ച് അരിയുക . ഇത് പ്ലേറ്റിൽ ഭംഗിയായി അലങ്കരിച്ച് വയ്ക്കുക . ഇതോടൊപ്പം പച്ചമുളക് നീളത്തിലരിഞ്ഞു വെക്കുക . സാലഡിൽ ഒരു നുള്ള് ഉപ്പ് , കുരുമുളക് എന്നിവ വിതറാം . ഒരുകഷ്ണം ചെറുനാരങ്ങയുടെ നീരും . പിഴിഞ്ഞ് ചേർക്കുക . വെറും അഞ്ചു മിനിറ്റ് സാലഡ് റെഡി .!
ബ്രോക്കോളി , ബീൻസ് , ബീറ്റ്‌റൂട്ട് , കാപ്‌സിക്കം , സ്പിനാഷ് , എന്നിവയും സാലഡുണ്ടാക്കാൻ ഉപയോഗിക്കാം . രുചി കൂറ്റൻ അണ്ടിപ്പരിപ്പ് , ബദാം , എന്നിവ നുറുക്കി സാലഡിൽ ചേർക്കാം . മാറ്റത്തിന് വേണ്ടി ആപ്പിൾ , പപ്പായ , പൈനാപ്പിൾ , തുടങ്ങിയ പഴങ്ങളുമാവാം . മുളപ്പിച്ച ചെറുപയർ , കടല എന്നിവ ചേർത്തും സാലഡ് ഉണ്ടാക്കാറുണ്ട് .
അപൂർവ്വം ചിലർക്ക് സാലഡ് കഴിച്ചാൽ ഗ്യാസ് ട്രബിൾ ഉണ്ടാകാം . ഉപ്പു ചേർത്താൽ ഈ പ്രശ്നം ഒഴിവായിക്കിട്ടും . ചേരുവകൾ ഇടക്കിടെ മാറ്റിയാൽ സ്ഥിരമായി കഴിക്കുമ്പോഴുണ്ടാകുന്ന മടുപ്പ് ഇല്ലാതാക്കാം . കാരറ്റും , ബീറ്റ്‌റൂട്ടും മറ്റും മാറി ഉപയോഗിക്കുമ്പോൾ നിറത്തിലും മാറ്റമുണ്ടാകാം . പല ആകൃതിയിലും വലുപ്പത്തിലും പച്ചക്കറികൾ അരിഞ്ഞെടുത്താൽ കാഴ്ചയിലും നന്നാവും . വീട്ടിലായാലും പുറത്തായാലും ഭക്ഷണത്തോടൊപ്പം സാലഡ് കഴിക്കുന്നത് ശീലമാക്കിക്കൊള്ളൂ . നല്ലൊരു മാറ്റമാകട്ടെ അത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.