Nature

യൂണിവേഴ്സിറ്റി കോളേജ് സംഘർഷം: എട്ട് പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ്,

തിരുവനന്തപുരം: യൂണിവേഴ്സി‌റ്റി കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ എസ്.എഫ്.ഐ പ്രവർത്തകരായ എട്ട് പേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നേരത്തെ കോളേജിലെ ഏഴ് പ്രവർത്തകരെയാണ് കേസിൽ പ്രതിയാക്കിയിരുന്നത്. ഇതിന് പുറമെ അമർ എന്നയാളുടെ പേര് കൂടി നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്‌റ്റഡിയിലെടുത്ത ഒരാളുടെ അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ പ്രതിചേർക്കപ്പെട്ട കണ്ടാലറിയാവുന്ന മുപ്പത് പേരിൽ ഒരാളായ നേമം സ്വദേശി ഇജാബിനെ ഇന്ന് രാവിലെയാണ് കസ്‌റ്റഡിയിൽ എടുത്തത്. എസ്.എഫ്.ഐ ലോക്കൽ യൂണിറ്റ് കമ്മിറ്റി അംഗമായ ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.

എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്ത്, യൂണിറ്റ് സെക്രട്ടറി ആയിരുന്ന നസീം, യൂണിറ്റ് അംഗങ്ങളായിരുന്ന അദ്വൈത്, അമര്‍, ഇബ്രാഹീം, ആരോമല്‍, ആദില്‍, രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.

You might also like

Comments are closed.