Nature

മദ്യം വാങ്ങാന്‍ കാശില്ലാത്തതിനാല്‍ ആറ് മാസം മുന്‍പ് മരിച്ച യുവാവിന്റെ പേരില്‍ ചികിത്സാ സഹായ പിരിവ് നടത്തി യുവാക്കൾ

മദ്യം വാങ്ങാന്‍ കാശില്ലാത്തതിനാല്‍ ആറ് മാസം മുന്‍പ് മരിച്ച യുവാവിന്റെ പേരില്‍ ചികിത്സാ സഹായ പിരിവ്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ചാമംപതാലിലെ വീടുകളില്‍ കങ്ങഴ സ്വദേശികളായ ഒരു സംഘം ആളുകള്‍ പണപ്പിരിവിന് ഇറങ്ങിയത്. ഇവരെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി

ആറ് മാസം മുന്‍പ് മരിച്ചു പോയ ഭിന്നശേഷിക്കാരനായ യുവാവിന്റെ ശസ്ത്രക്രിയയ്ക്കായിട്ടാണ് പണപ്പിരിവ് നടത്താനിറങ്ങിയത്. പരേതന്റെ സഹോദരന്റെ നേതൃത്വത്തിലായിരുന്നു മദ്യപസംഘത്തിന്റെ കള്ളപ്പിരിവ്. എറണാകുളത്തെ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയുണ്ടെന്നും സഹായിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. യുവാവ് കട്ടിലില്‍ കിടക്കുന്ന പടം വരെ കാണിച്ചാണ് സംഘം പിരിവ് നടത്തിയത്.

എന്നാല്‍, ചാമംപതാലില്‍ വീടുകള്‍ കയറി പിരിവ് നടത്തുന്നതിനിടയില്‍ ഒരു വീട്ടില്‍ നിന്നു നല്‍കിയ തുക കുറഞ്ഞു പോയത് സംഘം കൂട്ടി ചോദിച്ചതാണ് സംശയത്തിനിടയാക്കി. വീട്ടുടമ വാഴൂര്‍ പഞ്ചായത്തംഗം റംഷാദ് റഹ്മാനെ ഫോണില്‍ വിവരം അറിയിച്ചു. പഞ്ചായത്തംഗം എത്തി ചോദ്യം ചെയ്തപ്പോഴാണ് കങ്ങഴ സ്വദേശികളാണെന്ന് അവര്‍ വെളിപ്പെടുത്തിയത്. മാപ്പ് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മദ്യ ലഹരിയിലായിരുന്ന സംഘത്തെ നാട്ടുകാര്‍ തടഞ്ഞു വച്ചു. പള്ളിക്കത്തോട് പൊലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ചു. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ല.

You might also like

Comments are closed.