Nature

തമിഴ്‌നാട്ടിൽ ബീഫ് സൂപ്പിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിന് മര്‍ദ്ദനം

നാഗപട്ടണം: ബീഫ് സൂപ്പിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിന് മര്‍ദ്ദനം. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

നാഗപട്ടണം കില്‍വേലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പോറവച്ചേരി ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. മുഹമ്മദ് ഫിസന്‍ ഖാന്‍ (24) എന്ന യുവാവാണ് ഫേസ്ബുക്കില്‍ ബീഫ് സൂപ്പിന്റെ ചിത്രം പോസ്റ്റുചെയ്യുകയും അതിന്റെ സ്വാദിനെപ്പറ്റി വിവരിക്കുകയും ചെയ്തത്. ഇതിനു പിന്നാലെ ഗ്രാമത്തില്‍ നിന്നുള്ള ഒരു കൂട്ടം ആളുകള്‍ വ്യാഴാഴ്ച രാത്രി യുവാവിന്റെ വീട്ടിലെത്തുകയും എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ഗ്രാമത്തില്‍ ഒരു ഫോട്ടോകോപ്പി ഷോപ്പ് നടത്തുകയാണ് ഫിസന്‍. പരിക്കേറ്റ ഫിസനെ നാഗപട്ടണത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജില്ലാ പോലീസ് സൂപ്രണ്ട് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്‍.ദിനേശ് കുമാര്‍(28), ആര്‍ അഗൈതന്‍(29), എ. ഗണേഷ് കുമാര്‍(27), എം.മോഹന്‍ കുമാര്‍(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ദിനേശ് കുമാര്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം പാര്‍ട്ടി അംഗം കൂടിയാണ്. വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.

You might also like

Comments are closed.