Nature

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകത്തില്‍ എച്ച്‌ഡി കുമാരസ്വാമി വിശ്വാസവോട്ടെടുപ്പിന് അനുമതി തേടിയതോടെ തിരക്കിട്ട നീക്കങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത്

ബെം​ഗളൂരു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകത്തില്‍ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി വിശ്വാസവോട്ടെടുപ്പിന് അനുമതി തേടിയതോടെ തിരക്കിട്ട നീക്കങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നത്. രാജിവെച്ചവരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുന്നു. കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ രാജിവെച്ച മന്ത്രിയും എം.എല്‍.എയുമായ എം.ടി.ബി. നാഗരാജുമായി കൂടിക്കാഴ്ച നടത്തി. നാഗരാജിന്റെ വസതിയിലെത്തിയാണ് ശിവകുമാര്‍ അദ്ദേഹത്തെ കണ്ടത്. രാജിവച്ച തീരുമാനം പുന:പരിശോധിക്കണമെന്ന് ശിവകുമാര്‍ എം.ടി.ബി. നാഗരാജിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ നാഗരാജ് എന്തു തീരുമാനമെടുത്തുവെന്ന് വ്യക്തമല്ല.

കോണ്‍ഗ്രസ്, ജെഡിഎസ്, ബിജെപി എംഎല്‍എമാര്‍ ബെംഗളൂരുവിലെ റിസോര്‍ട്ടുകളിലും ഹോട്ടലിലും തുടരുകയാണ്. വിമത ക്യാമ്ബില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. വിശ്വാസവോട്ടെടുപ്പ് തീയ്യതിയില്‍ തിങ്കളാഴ്ച തീരുമാനമാകും. സുപ്രീംകോടതി ഉത്തരവോടെ കിട്ടിയ സമയം കൊണ്ട് എല്ലാ വഴികളും തേടാനാണ് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന്‍റെ തീരുമാനം. ഇന്നലെ രാത്രി വൈകിയും മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളും യോഗം ചേര്‍ന്നിരുന്നു. നിലവില്‍ വിശ്വാസവോട്ടിന് മുംബൈയിലുളള വിമത എംഎല്‍എമാര്‍ എത്തില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ബെംഗളൂരുവില്‍ തുടരുന്നവരില്‍ സഖ്യം പ്രതീക്ഷ വെക്കുന്നുണ്ട്.

വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ മുഴുവന്‍ എം.എല്‍.എമാരെയും ബെംഗളൂരുവിലെ താജ് ഹോട്ടലിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് എം.എല്‍.എമാരെ യശ്വന്തപുരയിലെ ഹോട്ടലിലേക്ക് മാറ്റിയത്.

You might also like

Comments are closed.