Nature

സ്റ്റേഷന്‍ പരിധിയില്‍ ആക്രമണങ്ങളും അപകടങ്ങളും കുറയാന്‍ ആടുകളെ ബലിയര്‍പ്പിച്ചു പൊലീസുകാര്‍

കോയമ്ബത്തൂര്‍ : സ്റ്റേഷന്‍ പരിധിയില്‍ ആക്രമണങ്ങളും അപകടങ്ങളും കുറയാന്‍ ആടുകളെ ബലിയര്‍പ്പിച്ചു പൊലീസുകാര്‍. കോവില്‍പാളയം പൊലീസ് സ്റ്റേഷനിലാണു കഴിഞ്ഞ ബുധനാഴ്ച രാവിലെ നാലോടെ 2 ആടുകളെ ബലിയര്‍പ്പിച്ചത്. മാംസം പാചകം ചെയ്തു പൊലീസുകാര്‍ക്കും ഏതാനും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും വിളമ്ബിയതായും ആരോപണമുണ്ട്.

കരുമത്തംപട്ടി ഡിവിഷന്റെ കീഴിലെ കോവില്‍പാളയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍‌ മോഷണം അടക്കം കുറ്റകൃത്യങ്ങള്‍ പതിവാണ്. മുന്‍ ഇന്‍സ്പെക്ടര്‍ ശേഖരനെ കൈക്കൂലി കേസില്‍ ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റു ചെയ്തിരുന്നു. അടുത്തിടെ പൊലീസ് കോണ്‍സ്റ്റബിള്‍ തിരുമൂര്‍ത്തി ആരോഗ്യ പ്രശ്നങ്ങളാല്‍ മരിച്ചു.

രണ്ടാഴ്ച മുന്‍പു സ്റ്റേഷന്‍ പരിധിയിലെ കീരനത്തു പന്നി വളര്‍ത്തു കേന്ദ്രത്തില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്നു തൊഴിലാളികള്‍ വിഷവായു ശ്വസിച്ചു മരിച്ചിരുന്നു. മോഷണം, കവര്‍ച്ചാ കേസുകളും ദുരന്തങ്ങളും തുടര്‍ക്കഥയായ സ്റ്റേഷന്‍ പരിധിയില്‍ ആഴ്ചയില്‍ ഒരാളെങ്കിലും അപകടത്തില്‍ കൊല്ലപ്പെടുന്നുണ്ട്. ആടിനെ ബലിയര്‍പ്പിച്ചു(കിടാ വെട്ട്) അതിന്റെ രക്തം സ്റ്റേഷന്‍ പരിസരത്തു തളിച്ചാല്‍ പ്രശ്നങ്ങള്‍ നീങ്ങുമെന്നു നാട്ടുകാരില്‍ ചിലരാണത്രെ നിര്‍ദേശിച്ചത്.

You might also like

Comments are closed.