പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം; ലൈവില്‍ ഇനി ഒരു അതിഥിയെ കൂടി ചേര്‍ക്കാം
സോഷ്യല്‍ മീഡിയയിലെ ഒരു ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറികഴിഞ്ഞിട്ടുണ്ട് ലൈവ് സ്ട്രീമിങ് സംവിധാനം. ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ഫെയ്സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ ലൈവ് സ്ട്രീമിങ് സംവിധാനം സജീവമാണ്. നിലവില്‍ എല്ലാത്തിലും ലൈവ് സ്ട്രീമിങ് സംവിധാനത്തിന്റെ പ്രവര്‍ത്തനം സമാനമായ രീതിയിലാണ്.
എന്നാല്‍, ഇതില്‍ നിന്നെല്ലാം ലൈവ് സ്ട്രീമിങ് സംവിധാനത്തില്‍ പുതിയ ആശയം അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം. ഇന്‍സ്റ്റാഗ്രാമിലെ പുതിയ ഫീച്ചര്‍ അനുസരിച്ച് ലൈവ് വീഡിയോകളില്‍ ഒരു അതിഥിയെ കൂടി ചേര്‍ക്കാന്‍ കഴിയും. അതായത് ഓരേസമയം വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും രണ്ട് പേര്‍ക്ക് ഇന്‍സ്റ്റാഗ്രാം ലൈവ് സ്ട്രീമിങില്‍ പങ്കെടുക്കാം.
ഇരുവര്‍ക്കും തമ്മില്‍ ആശയവിനിമയം നടത്താനും കഴിയും. സുഹൃത്തുക്കളെ എപ്പോള്‍ വേണമെങ്കിലും വീഡിയോയില്‍ നിന്നും ഒഴിവാക്കാനും മറ്റൊരാളെ ലൈവ് പ്രക്ഷേപണത്തിലേക്ക് ക്ഷണിക്കാനും നിങ്ങള്‍ക്ക് സാധിക്കും. ലൈവ് സ്ട്രീം വിന്‍ഡോയുടെ മുകളിലും താഴെയുമായാണ് നിങ്ങളും നിങ്ങളുടെ സുഹൃത്തും തത്സമയം ബ്രോഡ്കാസ്റ്റ് ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുക. നിലവില്‍ ഒരാളെ മാത്രമേ അതിഥിയായി ചേര്‍ക്കാന്‍ കഴിയൂ.