Times Kerala

സന ഫാത്തിമക്കായി സ്‌കൂബ് ക്യാമറയുമായി വിദഗ്ധസംഘം തെരച്ചില്‍ തുടങ്ങി

 

കാസര്‍കോട്: പാണത്തൂരില്‍ നിന്നും കാണാതായ സന ഫാത്തിമ എന്ന മൂന്നരവയസുകാരിയെ കണ്ടെത്താന്‍ സംസ്ഥാന ദുരന്തനിവാരണ സേനയിലെ വിദഗ്ധരെത്തി. ഇന്നു രാവിലെയാണ്  ദുരന്തനിവാരണസേന ഓഫീസര്‍ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം  തെരച്ചിലിനെത്തിയത്. ഓവുചാലില്‍ കൂടി കുട്ടി ഒഴുകിപ്പോയി എന്നു പറയുന്ന ബാപ്പുങ്കയം പുഴയില്‍ സംഘം സ്‌കൂബ് ക്യാമറ ഉപയോഗിച്ച് പരിശോധന ആരംഭിച്ചു. വെള്ളത്തിലിറക്കുന്ന ക്യാമറയില്‍ നൂറു മീറ്റര്‍ ദൂരത്തിലുള്ള വസ്തുക്കള്‍ പതിയും എന്നതാണ് സ്‌കൂബ് ക്യാമറയുടെ പ്രത്യേകത .  സംഘത്തില്‍ ഒരു  ശാസ്ത്രഞ്ജനും ഉള്‍പെടും.

പുഴയുടെ അടിത്തട്ടില്‍ പരിശോധന നടത്തി എവിടെയെങ്കിലും കുട്ടി തങ്ങി നില്‍ക്കുന്നുണ്ടോ എന്നറിയാനാണ് തെരച്ചില്‍ നടത്തുന്നത്. ഇത്തരം പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് സ്‌കൂബ് ക്യാമറയുടെ സഹായം തേടേണ്ടിവരുന്നത്. അന്വേഷണത്തിന് വെള്ളരിക്കുണ്ട് സിഐ എം. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

അതിനിടെ നാടോടികളെ സംഭവസ്ഥലത്ത് കണ്ടതായി നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എല്ലാ പോലീസ് സ്‌റ്റേഷനുകളിലും കുട്ടിയെ കുറിച്ചുള്ള വിവരം നല്‍കിയിട്ടുണ്ട്. സന ഫാത്തിമയുടെ വീടിന് സമീപത്തുള്ള മറ്റു ചില വീടുകളിലും പോലീസ് പരിശോധന തുടരുകയാണ്.

കഴിഞ്ഞ ദിവസം നീലേശ്വരത്തെ തീരരക്ഷാ സേനയും തെരച്ചില്‍ നടത്തിയിരുന്നു. ഇതുകൊണ്ടൊന്നും പ്രയോജനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് അത്യാധുനിക സംവിധാനങ്ങളോടെ സംസ്ഥാന ദുരന്തനിവാരണ സേനയിലെ വിദഗ്ധരെത്തിയത്.

Related Topics

Share this story