Times Kerala

‘സമൂഹത്തിന് ഒരു ഉപയോഗവും ഇല്ലാത്തവരെയാണ് താന്‍ മരണത്തിലേയ്ക്ക് നയിച്ചത്.’ ഫിലിപ്പ് ബുഡികിന്‍,ഞെട്ടലോടെ ലോകം

 

ഭീതിയോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ബ്ലൂവെയില്‍ ഗെയിമിനെ പറ്റിയുള്ള ഉറക്കം കെടുത്തുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വരുന്നത്.അതില്‍ ഏറ്റവും കൂടുതല്‍ ഭീതിപ്പെടുത്തിയ വാര്‍ത്ത ബ്ലൂവെയില്‍ ഗെയിം ഇന്ത്യയിലും എത്തിയെന്നതാണ്.കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് മുംബൈയില്‍ ഒരു വിദ്യാര്‍ഥി കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.ഈ സംഭവത്തോടെയാണ് ബ്ലൂവെയില്‍ ഗെയിം ഇന്ത്യയിലും എത്തി എന്ന് നാം അറിഞ്ഞത്.ഇപ്പോള്‍ ഇന്ത്യയൊട്ടാകെ ഈ ഗെയിമിന് പ്രചാരം ലഭിച്ചതായാണ് അറിയുന്നത്.

കളിയുടെ അവസാനഘട്ടത്തില്‍ ആത്മഹത്യ ചെയ്യാന്‍ വെല്ലുവിളിക്കുന്ന ബ്ലൂ വെയില്‍ എന്ന ഗെയിം തുടങ്ങിയെന്ന് കരുതുന്ന റഷ്യയില്‍ ഇത്തരത്തില്‍ ഏകദേശം 100 കൗമാരക്കാരുടെ മരണത്തിന് ഈ ഗെയിം കാരണമായിട്ടുണ്ടെന്നാണ് വിവരം.


രാത്രി ഒറ്റയ്ക്ക് ഇരുന്ന് ഹൊറര്‍ സിനിമകള്‍ കാണുക, കൈയിലും കാലിലും പ്രത്യേക രീതിയില്‍ മുറിവുണ്ടാക്കുക, രാത്രിയിലെ ചില പ്രത്യേക സമയങ്ങളില്‍ ഉണരുക എന്നിങ്ങനെയുള്ള ചലഞ്ചുകള്‍ ദിവസവും ഗെയിം കളിക്കുന്നയാളിനെത്തും. ഈ ചലഞ്ചുകള്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവായി ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും വേണം. ഇങ്ങനെ മുന്നേറുന്ന ചലഞ്ചിന്റെ അമ്പതാം ദിവസം ഗെയിമറോട് വെല്ലുവിളിക്കുന്നത് ആത്മഹത്യ ചെയ്യാനാണ്.

ഈ ആപ്ലിക്കേഷന്‍ ഒരിക്കല്‍ സ്വന്തം ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ പിന്നീടൊരിക്കലും ഡിലീറ്റ് ചെയ്യാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗെയിം ഡവലപ്പേഴ്‌സ് മൊബൈലിലെ എല്ലാ വിവരങ്ങളും ഹാക്ക് ചെയ്യുന്നതോടെ പൂര്‍ണ്ണമായി ഗൈമര്‍ ഇവരുടെ വലയിലാവും.

ഇത്രയും ഭീകരമാണ് കാര്യങ്ങള്‍ എങ്കിലും ഇങ്ങനൊരു ഗെയിം കണ്ടെത്തിയതിനു പിന്നിലെ തല ആരുടെതാകും എന്ന് ചിന്തിക്കാത്തവര്‍ അധികം കാണില്ല.ഈ ഗെയിം കണ്ടെത്തിയ ആള്‍ ഇന്ന് അഴിക്കുള്ളിലാണ്.റഷ്യന്‍ യുവാവ് ഫിലിപ്പ് ബുഡികിന്‍ എന്ന 22 വയസ്സുകാരനാണ് കളിയ്ക്കുന്നവരെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന കൊലയാളി ഗെയിമിന് പിന്നിലുള്ളത്.2013ലാണ് ബ്ലൂവെയില്‍ ഗെയിം ബുഡികിന്‍ അവതരിപ്പിക്കുന്നത്. ഒറ്റപ്പെട്ട് കഴിയുന്നവരും, സൗഹൃദങ്ങള്‍ കുറവുള്ളവരുമായ കൗമാരപ്രായക്കാരെയാണ് ഇയാള്‍ ഗെയിമിന്റെ വലയില്‍ കുരുക്കിയിരുന്നത്.

സെര്‍ബിയന്‍ കോടതിയാണ് ഇദ്ദേഹത്തെ മൂന്ന് വര്‍ഷ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. സ്വയം വെടിവെച്ച് കൊല്ലാന്‍ റഷ്യന്‍ യുവാക്കളെ പ്രേരിപ്പിച്ചതിനാണ് സൈബീരിയന്‍ കോടതി ഈ 22 വയസ്സുകാരനെ ശിക്ഷിച്ചത്. കൊലയാളി ഗെയിമിന് പിന്നിലെ രഹസ്യങ്ങള്‍ പ്രചരിച്ചതോടൊപ്പം ഫിലിപ്പ് ബുഡികിന്‍ റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.കൗമാരപ്രായക്കാരായവരെ മനഃപൂര്‍വ്വം ആത്മഹത്യയിലേയ്ക്ക് തള്ളിയിട്ടില്ലേയെന്ന ചോദ്യത്തിന് തീര്‍ച്ചയായും ഞാന്‍ അത് ചെയ്യുകയാണ്, വൈകാതെ നിങ്ങള്‍ക്ക് എല്ലാ മനസ്സിലാകും, എല്ലാവരും മനസ്സിലാക്കും എന്ന് ഒട്ടുതന്നെ കുറ്റബോധമില്ലാതെയാണ് ബുഡികിന്‍ മറുപടി നല്‍കുന്നത്.

ബ്ലൂ വെയല്‍ എന്ന ഗെയിം കളിക്കുന്നയാളുകള്‍ ഒരോ സ്‌റ്റേജുകള്‍ പിന്നിടുമ്പോളും സമനിലയില്‍ നിന്നും വഴുതി മാറുകയും അവസാന സ്‌റ്റേജില്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരകമാകുന്നു എന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെന്നു. ഗെയിം തുടങ്ങിയെന്ന് കരുതപ്പെടുന്ന റഷ്യയില്‍ ഇത്തരത്തില്‍ എതാണ്ട് 100 കൗമാരക്കാരുടെ മരണത്തിന് ഈ ഗെയിം കാരണമായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പാതിരാത്രിയില്‍ ഭീതിപ്പെടുത്തുന്ന പ്രേത സിനിമകള്‍ കാണാനാണ് ആദ്യഘട്ടത്തില്‍ ഗെയിം ആവശ്യപ്പെടുന്നത്. പിന്നീടുള്ള ലെവലിലേക്ക് പുരോഗമിക്കുമ്പോള്‍ സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കാനും ആവശ്യപ്പെടുന്നു. ഇതിന് തെളിവുകളായി ഫോട്ടോകള്‍ അയച്ച്‌കൊടുക്കാനും ഗെയിമില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ഗെയിം നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഭീഷണി സന്ദേശമായിരിക്കും ലഭിക്കുക. അമ്പതു സ്റ്റേജുള്ള ഗെയിമിന്റെ അവസാന ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യ ചെയ്യാനാണ് വെല്ലുവിളിക്കുന്നത്.

സമൂഹത്തിന് ഒരു ഉപയോഗവും ഇല്ലാത്തവരെയാണ് താന്‍ മരണത്തിലേയ്ക്ക് നയിക്കുന്നത്. 50 ദിവസംകൊണ്ട് മരണം ആഗ്രഹിക്കുന്നവര്‍ തികച്ചും ബയോളജിക്കല്‍ മാലിന്യങ്ങളാണ്. അവരെ ഒഴിവാക്കി സമൂഹത്തെ വൃത്തിയാക്കുകയാണ് താന്‍ ചെയ്യുന്നതെന്നും ബുഡികിന്‍ പറയുന്നു. ബ്ലൂവെയില്‍ ഗെയിമിലൂടെ 130ലധികം മരണം സംഭവിച്ചതായും 17 മരണങ്ങളില്‍ നേരിട്ട് സ്വാധീനം ചെലുത്തിയതായും ബുഡികിന്‍ സമ്മതിച്ചിരുന്നു.

Related Topics

Share this story