Times Kerala

വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കിയാല്‍ ഇനി എട്ടിന്റെ പണി.!!

 
വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കിയാല്‍ ഇനി എട്ടിന്റെ പണി.!!

അബുദാബിയില്‍ ശിശുസംരക്ഷണ നിയമം കനക്കുന്നു. കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പുറത്തുപോയാല്‍ ഇനി കനത്ത വില നല്‍കേണ്ടി വരും. പുതിയ നിയമ പ്രകാരം ഇത്തരം കുറ്റങ്ങള്‍ക്ക് പത്ത് ലക്ഷം ദിര്‍ഹം പിഴയും(1.87 കോടി രൂപ) പത്തു വര്‍ഷം തടവും ലഭിച്ചേക്കാം. യു.എ.ഇ. ശിശുസംരക്ഷണ നിയമത്തിന്റെ ഭാഗമായാണ് കുട്ടികളുടെ സുരക്ഷയുറപ്പാക്കുന്ന പുതിയ ശിക്ഷാവിധികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അബുദാബിയില്‍ കടുത്ത ചൂടില്‍ കാറില്‍ തനിച്ചായ കുട്ടികള്‍ മരിക്കുകയോ അവശരാവുകയോ ചെയ്ത സംഭവങ്ങള്‍ അടുത്ത കാലത്തായി കൂടുകയാണ്. ഈ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്. കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ സംരക്ഷണം ഉറപ്പാക്കണമെന്നും ഈ ലക്ഷ്യത്തോടെയാണ് നിയമങ്ങള്‍ പരിഷ്‌കരിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

കുട്ടി അഭിമുഖീകരിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളുടെ തോതനുസരിച്ച് ശിക്ഷയിലും മാറ്റമുണ്ടാകും. ഇത് പത്തു ലക്ഷം ദിര്‍ഹം വരെ പിഴയും പത്ത് വര്‍ഷം വരെ തടവുമാവാം. കുട്ടിയെ ആ സമയത്ത് പരിപാലിക്കാന്‍ ചുമതലയുള്ളവര്‍ക്കാണ് ശിക്ഷ ലഭിക്കുക.

ശിശുസംരക്ഷണ നിയമപ്രകാരം കുട്ടികളെ അശ്രദ്ധമായി കൈകാര്യം ചെയ്യുകയോ, അവഗണിക്കുകയോ, അവര്‍ക്ക് ശാരീരികവും മാനസികവും വൈകാരികവും ധാര്‍മികവുമായ പരിഗണന ലഭിക്കാത്തവിധം തടവിലാക്കപ്പെടുകയോ ചെയ്താല്‍ 5000 ദിര്‍ഹം(93,860 രൂപ) പിഴയും തടവും ശിക്ഷയായി ലഭിക്കും.

Related Topics

Share this story