Times Kerala

ബാറ്റിംഗിലെ മെല്ലെപ്പോക്ക്; ധോണിക്കും ജാദവിനുമെതിരെ ആഞ്ഞടിച്ചു മുൻ താരങ്ങൾ

 
ബാറ്റിംഗിലെ മെല്ലെപ്പോക്ക്; ധോണിക്കും ജാദവിനുമെതിരെ ആഞ്ഞടിച്ചു മുൻ താരങ്ങൾ

ഇംഗ്ലണ്ടിനെതിരെ എംഎസ് ധോണിയുടെയും കേദാർ ജാദവിൻ്റെയും ബാറ്റിങ്ങിലെ മെല്ലെപ്പോക്കിനെതിരെ സഞ്ജയ് മഞ്ജരേക്കറും സൗരവ് ഗാംഗുലിയും നാസർ ഹുസൈനുമടക്കമുള്ള മുൻ താരങ്ങൾ രംഗത്ത്. കുറച്ചു കൂടി ആക്രമണ സ്വഭാവം കാണിക്കാമായിരുന്നുവെന്നും സിംഗിളുകൾക്ക് പകരം കൂറ്റൻ ഷോട്ടുകളടിച്ച് വിജയിക്കാൻ ശ്രമിക്കണമായിരുന്നുവെന്നും ഇല്ലെങ്കിൽ ഔട്ട് ആകുന്നതായിരുന്നു ഭേദമെന്നും അവർ പറഞ്ഞു.

ഇന്ത്യൻ ഇന്നിംഗ്സിൻ്റെ അവസാന ഓവറുകളിൽ കമൻ്ററി ബോക്സിലിരുന്ന നാസർ ഹുസൈനും സൗരവ് ഗാംഗുലിയും ധോണിയുടെയും ജാദവിൻ്റെയും ഇന്നിംഗ്സിനെ വിമർശിച്ചിരുന്നു. “ഇതെന്നെ അമ്പരപ്പിക്കുകയാണ്. എന്താണ് സംഭവിക്കുന്നത്? ഇതല്ല ഇന്ത്യക്കാവശ്യം. അവർക്ക് റൺസ് വേണം. ഇവരെന്താണ് ചെയ്യുന്നത്? ഇന്ത്യൻ ആരാധകരൊക്കെ സ്റ്റേഡിയത്തിൽ നിന്നും മടങ്ങുകയാണ്. അന്തരെക്ഷത്തിൽ ഉയർന്നു പൊങ്ങുന്നതാണെങ്കിൽ പോലും ധോണി ഷോട്ടുകൾ കളിക്കണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. ഇതൊരു ലോകകപ്പ് മത്സരമാണ്. മികച്ച രണ്ട് ടീമുകൾ. ഒന്ന് ശ്രമിച്ച് നോക്കാമല്ലോ. തങ്ങളുടെ ടീം അല്പം കൂടി നല്ല പ്രകടനം കാഴ്ച വെക്കണമെന്ന് ഇന്ത്യൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്. തങ്ങളുടെ ടീമിൽ നിന്നും അവർ പോരാട്ട വീര്യം ആഗ്രഹിക്കുന്നു. ജയിക്കാനായി റിസ്കെടുക്കൂ”- നാസർ ഹുസൈൻ കമൻ്ററിക്കിടെ പറഞ്ഞു.

കുറച്ചു കൂടി ശക്തമായിരുന്നു ഗാംഗുലിയുടെ വിമർശനം. “എനിക്കിതിൽ ഒന്നും പറയാനില്ല. ഈ സിംഗിളുകൾ വിശദീകരിക്കാൻ എനിക്കറിയില്ല. ബൗൺസും ലെംഗ്തും ഇന്ത്യൻ ബാറ്റ്സ്മാന്മാരെ കുഴയ്ക്കുന്നുണ്ട്. പക്ഷേ, നിങ്ങൾക്ക് 338 പിന്തുടർന്ന് അഞ്ച് വിക്കറ്റ് അവശേഷിപ്പിച്ച് പരാജയപ്പെട്ടവരാവാൻ കഴിയില്ല. നിങ്ങൾ എങ്ങനെ മത്സരത്തെ കാണുന്നു എന്നതിനനുസരിച്ചാണിത്. എന്തൊക്കെ വന്നാലും ബൗണ്ടറിക്കാണ് ശ്രമിക്കേണ്ടത്”- ഗാംഗുലി അഭിപ്രായപ്പെട്ടു.

മത്സരത്തിനു ശേഷവും ഗാംഗുലി തൻ്റെ നിരാശ പ്രകടിപ്പിച്ചു. 300 റൺസിന് ഇന്ത്യ ഓളൗട്ടായിരുന്നെങ്കിലും അല്പം കൂടി വിജയത്വര കാണിച്ചിരുന്നെങ്കിൽ താൻ തൃപ്തനായേനെ എന്ന് അദ്ദേഹം പറഞ്ഞു. ധോണിയുടെ സമീപനം അമ്പരപ്പിച്ചതായി ഇന്ത്യന്‍ മുന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും അഭിപ്രായപ്പെട്ടിരുന്നു. ഒപ്പം, ഹർഷ ഭോഗ്ലെ, ദീപ്ദാസ് ഗുപ്ത തുടങ്ങിയവരും മെല്ലെപ്പോക്കിനെതിരെ പ്രതികരിച്ച് രംഗത്തു വന്നു. മത്സരത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തിൽ രോഹിത് ശർമ്മയും ആ ഇന്നിംഗ്സുകളെപ്പറ്റി ചോദ്യം നേരിട്ടിരുന്നു.

Related Topics

Share this story