Times Kerala

തൊഴിലാളി സംഘര്‍ഷം;കസാഖ്സ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെയുള്ള 150 ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം

 
തൊഴിലാളി സംഘര്‍ഷം;കസാഖ്സ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെയുള്ള 150 ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം

നൂര്‍സുല്‍ത്താന്‍: തൊഴിലാളി സംഘര്‍ഷത്തെ തുടര്‍ന്ന് കസാഖ്സ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെയുള്ള 150 ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ശനിയാഴ്ച ഉച്ചയോടെ വിദേശി തൊഴിലാളികളും സ്വദേശി തൊഴിലാളികളും തമ്മിലായിരുന്നു സംഘര്‍ഷം ഉണ്ടായത്. പ്ര‌ാദേശിക വനിതാതൊഴിലാളിക്കൊപ്പം നില്‍ക്കുന്ന ചിത്രം ലിബിയയില്‍ നിന്നുള്ള തൊഴിലാളി സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതാണ് സംഘര്‍ഷത്തിനു കാരണം. സംഭവത്തില്‍ ലിബിയന്‍ തൊഴിലാളി മാപ്പു പറഞ്ഞെങ്കിലും പ്രശ്നം തീര്‍ന്നില്ല. എണ്ണപ്പാടത്തില്‍ തൊഴിലെടുക്കുന്ന 80 ശതമാനത്തോളം വരുന്ന തദ്ദേശീയരായവര്‍ വിദേശ തൊഴിലാളികളെ ലക്ഷ്യം വച്ച്‌ ആക്രമണം തുടങ്ങുകയായിരുന്നു. തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് ഇന്ത്യക്കാര്‍ എണ്ണപ്പാടത്ത് അകപ്പെട്ടത്.

പ്രാദേശിക തൊഴിലാളികള്‍ വിദേശികളെ ആക്രമിക്കുകയായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ രക്ഷാപ്രവര്‍ത്തനത്തിനു സഹായം തേടി സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യന്‍ എംബസിയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം നോര്‍ക്ക അധികൃതരാണ് എംബസിയുമായി ബന്ധപ്പെട്ടത്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കണമെന്നും നോര്‍ക്ക ആവശ്യപ്പെട്ടിരുന്നു.

Related Topics

Share this story