Times Kerala

‘വിശ്വമാനവികതയുടെ ലോകഓണപ്പൂക്കളം’ മത്സര ജേതാക്കളെ പ്രഖ്യാപിച്ചു

 
‘വിശ്വമാനവികതയുടെ ലോകഓണപ്പൂക്കളം’ മത്സര ജേതാക്കളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ‘വിശ്വമാനവികതയുടെ ലോകഓണപ്പൂക്കളം’ എന്ന പ്രമേയത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണപ്പൂക്കള മത്സരത്തിലെ ജേതാക്കളെ പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരി മൂലം ഓണാഘോഷങ്ങള്‍ വീടുകളില്‍ ഒതുക്കേണ്ടിവന്ന സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി ഓണ്‍ലൈനായി സംഘടിപ്പിച്ച മത്സരം ആഗോള ശ്രദ്ധനേടി.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍/കൂട്ടായ്മകള്‍ക്കുമായി നാലു വിഭാഗത്തിലാണ് മത്സരം സംഘടിപ്പിച്ചത്. കേരളത്തിലുള്ളവര്‍ക്കായി നടത്തിയ വ്യക്തിഗത മത്സരത്തില്‍ പ്രദീപ് കുമാര്‍ എം (കോഴിക്കോട്), മനോജ് മുണ്ടപ്പാട്ട് (തൃശൂര്‍), റെസ്ന കെ. (കണ്ണൂര്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കേരളത്തിലെ സ്ഥാപനങ്ങള്‍/ കൂട്ടായ്മകള്‍ക്കുള്ള മത്സരത്തില്‍ ഭാരത് കാറ്ററിംഗ് കോളേജ് (കോഴിക്കോട് ), കണ്ണൂര്‍ കളക്ടറേറ്റ്, ആര്‍ക്കൈവ് വകുപ്പ് (റെജികുമാര്‍ ജെ, തിരുവനന്തപുരം) എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

കേരളത്തിനു പുറത്തുനിന്നുള്ള വ്യക്തിഗത മത്സരവിഭാഗത്തില്‍ മാര്‍ട്ടിന്‍ ജോസ് (ഡല്‍ഹി), ബിജു ടികെ (കര്‍ണാടക), രമ്യ പ്രബിഷ് (കര്‍ണാടക) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കേരളത്തിനു പുറത്തുള്ള സ്ഥാപനങ്ങള്‍/ കൂട്ടായ്മകള്‍ക്കുള്ള മത്സരത്തില്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ (യുഎഇ), മാസ് ഷാര്‍ജ (യുഎഇ), ദ്രമാനന്ദം പ്രവാസി അസോസിയേഷന്‍ (സബിത ലികോ അലക്സ്,മസ്കറ്റ്) എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഓണപ്പൂക്കള മത്സരം വരും വര്‍ഷങ്ങളിലും വിപുലമായ രീതിയില്‍ സംഘടിപ്പിക്കുമെന്ന് ജേതാക്കളെ പ്രഖ്യാപിക്കവേ ടൂറിസം മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം എന്ന പ്രമേയത്തിലൂന്നിയ ഓണ്‍ലൈന്‍ മത്സരത്തിന് സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും മികച്ച പ്രതികരണം ലഭിച്ചതായും പ്രവാസികളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങള്‍ കൂടാതെ 10 സമാശ്വാസ സമ്മാനങ്ങളുമുണ്ട്. പങ്കെടുത്തവര്‍ക്കെല്ലാം പ്രത്യേക ഓണ സമ്മാനങ്ങളും നല്‍കും. പങ്കെടുത്തവര്‍ക്ക് വെബ്സൈറ്റിലൂടെ സാക്ഷ്യപത്രങ്ങളും ഡൗണ്‍ലോഡ് ചെയ്യാം. ഫൈന്‍ ആര്‍ട്സ് കോളേജ് അധ്യാപകന്‍ ഷിജോ ജേക്കബ്, എഴുത്തുകാരനും വിവര്‍ത്തകനും കലാ നിരുപകനുമായ ജോണി എംഎല്‍, വിഷ്വല്‍ ആര്‍ട്ടിസ്റ്റ് നീതു ബാബു എന്നിവര്‍ ചേര്‍ന്ന വിദഗ്ധസമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

കൊവിഡ് പ്രതിസന്ധി മൂലം നാട്ടിലെത്താന്‍ പറ്റാത്ത പ്രവാസിമലയാളികള്‍ക്കും സാമൂഹ്യമായ ഒത്തുചേരല്‍ നഷ്ടമായ നാട്ടിലുള്ളവര്‍ക്കും ഓണ്‍ലൈനിലൂടെ ഒരുമിച്ച് പങ്കെടുക്കാനുള്ള പൊതുവേദിയായിരുന്നു പൂക്കളമത്സരം.

Related Topics

Share this story