തിരുവനന്തപുരത്ത് 12 കാരിയെ പട്ടാപ്പകൽ തട്ടിക്കൊണ്ട് പോകാൻ ശ്രമം; അന്വേഷണം
തിരുവനന്തപുരം: 12 വയസ്സുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നൽകി. ശനിയാഴ്ച ഉച്ചയോടെ വാമനപുരം പൂവത്തൂരിലാണ് സംഭവം. പ്രദേശവാസിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കടയില്‍ പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയോട് ഹോണ്ട കാറിലെത്തിയ ചിലര്‍, ആരോഗ്യപ്രവര്‍ത്തകരാണെന്നും കോവിഡ് പരിശോധന നടത്തണമെന്നും പറഞ്ഞ് കാറിനടുത്തേക്ക് വിളിക്കുകയായിരുന്നു.എന്നാൽ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പെണ്‍കുട്ടി കുതറി ഓടുകയും വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറയുകയുമായിരുന്നു. തുടർന്ന് ബന്ധുക്കൾ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി. പൊലീസ് സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.