Times Kerala

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത;13 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

 
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത;13 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അതി തീവ്ര ന്യൂനമർദമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ന്യൂനമർദം കൂടുതൽ ശക്തിപ്പെട്ടതോടെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാളെ എട്ട് ജില്ലകളിൽ യെല്ലോ അലെർട്ടായിരിക്കും.

വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം കഴിഞ്ഞ 6 മണിക്കൂറായി പടിഞ്ഞാറ് വടക്കു-പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് ശക്തി പ്രാപിച്ച് സീസണിലെ ആദ്യ അതിതീവ്ര ന്യൂനമർദമായി മാറി. അടുത്ത 24 മണിക്കൂറിൽ വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി കുറഞ്ഞ തീവ്ര ന്യൂനമർദം ആകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യത ഉള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ബീച്ചുകളിൽ പോകുന്നതും, കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍, കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. വടക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.

Related Topics

Share this story