Times Kerala

ഇറാഖിൽ കനത്ത വരള്‍ച്ചയില്‍ ഡാമിലെ വെള്ളം വറ്റി;കണ്ടെത്തിയത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം

 
ഇറാഖിൽ കനത്ത വരള്‍ച്ചയില്‍ ഡാമിലെ വെള്ളം വറ്റി;കണ്ടെത്തിയത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം

കുര്‍ദിസ്ഥാന്‍: കനത്ത വരള്‍ച്ചയില്‍ ഡാമിലെ വെള്ളം വറ്റിയതോടെ ഇറാഖിലെ കുര്‍ദിസ്ഥാനില്‍ കണ്ടെത്തിയത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം. മൊസുള്‍ ഡാമിലെ വെള്ളമാണ് വരള്‍ച്ചയെ തുടര്‍ന്ന് വറ്റിയത്. ഈ ഡാമിനടിയിലാണ് കൊട്ടാര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതോടെ മിതാനി സാമ്രാജ്യത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പുരാവസ്തു ഗവേഷകര്‍ വിലയിരുത്തുന്നത്. നദിയില്‍ നിന്ന് 65 അടി ഉയരമാണ് കൊട്ടാരത്തിന് ഉള്ളത്. മണ്‍ കട്ടകള്‍കൊണ്ടുള്ള മേല്‍ക്കൂരയാണ് കെട്ടിടത്തിന്.

രണ്ട് മീറ്ററോളം ഘനത്തിലാണ് ചുമരുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കെമുനെ എന്നാണ് പുരാവസ്തു ഗവേഷകര്‍ ഈ കൊട്ടാരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ചുവപ്പും നീലയും നിറത്തിലുള്ള ചുമര്‍ ചിത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. പ്രദേശത്ത് നിന്ന് മിതാനി കാലഘട്ടത്തിലെ ചുമര്‍ ചിത്രം ലഭിച്ച രണ്ടാമത്തെ സ്ഥലമാണ് കെമുനെ.

പുരാതന കാലത്ത് മണ്‍ കട്ടകളില്‍ എഴുതിയ ലിപിയും കണ്ടെത്തി. ഇത് പരിഭാഷപ്പെടുത്താന്‍ ജര്‍മനിയിലേക്ക് അയച്ചിരിക്കുകയാണ്. മിതാനി സാമ്രാജ്യത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ആ എഴുത്തുകള്‍ സഹായിക്കുമെന്നാണ് നിഗമനം. അണക്കെട്ടിലെ വെള്ളം കുറഞ്ഞത്തിനെ തുടര്‍ന്ന് 2010ലാണ് കൊട്ടാരത്തെ ക്കുറിച്ച്‌ ഗവേഷകര്‍ക്ക് വിവരം ലഭിച്ചത്. എന്നാല്‍ അണക്കെട്ടിലെ വെള്ളം പൂര്‍ണ്ണമായും വറ്റിയ സാഹചര്യത്തിലാണ് പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞതെന്നും ഗവേഷകര്‍ വ്യക്തമാക്കി.

Related Topics

Share this story