ഇസ്ലാമാബാദ്: പാകിസ്താന് തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി ചെയര്മാന് ഇമ്രാന്‍ഖാനെതിരെ ലൈംഗിക ആരോപണങ്ങളുന്നയിച്ച് പാര്‍ട്ടിയിലെ പ്രമുഖ വനിതാ നേതാവ് രാജിവെച്ചു. ആയിഷ ഗുലായ്യാണ് പാര്‍ട്ടി വിട്ടത്.
ഇമ്രാന് ഖാന് വ്യക്തിത്വമില്ലാത്തയാളാണെന്നും തനിക്കും പാര്‍ട്ടിയിലെ മറ്റു സ്ത്രീകള്‍ക്കും ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുമെന്നും ആയിഷ ഗുലായ് ആരോപിച്ചു.
പാകിസ്താന് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ് രാജിവെച്ച ഒഴിവിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാന്‍ഖാനെതിരെ വനിതാ നേതാവ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇസ്ലാമാബാദില് പത്രസമ്മേളനം നടത്തിയാണ് താന്‍ പാര്‍ട്ടിവിടുകയാണെന്ന് ആയിഷ ഗുലായ് അറിയിച്ചത്. തന്റെ അന്തസ്സും മാന്യതയും വിട്ടുവീഴ്ച ചെയ്യാന്‍ ആവില്ലെന്ന് അവര്‍ പറഞ്ഞു. പാകിസ്താന് തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി വനിതാ പ്രവര്‍ത്തകരെ ബഹുമാനിക്കുന്നില്ല. മാന്യതയുള്ള സ്ത്രീകള്‍ക്ക് ആ പാര്‍ട്ടിയില്‍ തുടരാനാവില്ലെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ ആരോപണങ്ങളെ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി ചീഫ് വിപ്പ് ഷിറീന് മസാരി നിഷേധിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്, ഇമ്രാന്ഖാന് സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്നയാളാണെന്നും അവര്‍ പറഞ്ഞു. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ആയിഷ ഗുലായ്ക്ക് പാര്‍ട്ടി മത്സരിക്കാന്‍ ടിക്കറ്റ് നല്‍കാത്തതിന്റെ പ്രതികാരമാണ് വ്യക്തിപരമായ ആരോപണമെന്നും മസാരി പറഞ്ഞു.
Comments are closed.