Times Kerala

കോൺഗ്രസിൽ പൊട്ടിത്തെറി; ഡിസിസി പട്ടികയുടെ പേരിൽ പോര് തുടങ്ങി: കാര്യമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി; ചര്‍ച്ച നടന്നിട്ടുണ്ടെന്ന് കെ മുരളീധരന്‍

 
കോൺഗ്രസിൽ പൊട്ടിത്തെറി; ഡിസിസി പട്ടികയുടെ പേരിൽ പോര് തുടങ്ങി: കാര്യമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി; ചര്‍ച്ച നടന്നിട്ടുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. ഫലപ്രദമായ ചര്‍ച്ചകള്‍ കേരളത്തില്‍ നടന്നിട്ടില്ലെന്ന ആരോപണമാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉന്നയിക്കുന്നത്. ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കില്‍ ഇത്രയും മോശമായ ഒരു അന്തരീക്ഷമുണ്ടാകുന്നത് ഒഴിവാക്കാമായിരുന്നുവെന്നും നേതാക്കള്‍ പറയുന്നു.

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് എല്ലാവരുടേയും ലക്ഷ്യം. ആ ലക്ഷ്യം നോക്കി മുന്നോട്ട് പ്രവര്‍ത്തിക്കും. മുമ്പും പുനസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അന്ന് ഫലപ്രദമായ ചര്‍ച്ചകള്‍ സംസ്ഥാനത്ത് നടന്നത് കൊണ്ട് ഇതുപോലൊരു പ്രശ്‌നമുണ്ടായില്ല. എന്നിരുന്നാലും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുനസംഘടന. തന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്. കോട്ടയം ഇടുക്കി ജില്ലകളുമായി ബന്ധപ്പെട്ടാണിത്. ചില താല്‍പര്യങ്ങള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ ഉണ്ടാക്കി കൊടുക്കുകയാണെന്നും ഉമ്മൻ‌ചാണ്ടി പറഞ്ഞു.

അതേസമയം, പുതിയ ഡിസിസി പട്ടിയെ അനുകൂലിച്ച് കെ മുരളീധരന്‍ രംഗത്തെത്തി. ഇന്നത്തെ സാഹചര്യത്തില്‍ മെച്ചപ്പെട്ട പട്ടികയാണ് പുറത്ത് വന്നതെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് പറയുന്നത് സത്യമല്ല. നിരന്തരം കെപിസിസി പ്രസിഡന്റുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story