Times Kerala

കേരളത്തിന്‍റെ അപൂര്‍വകലാരൂപങ്ങള്‍ വീക്ഷിക്കാന്‍ അവസരമൊരുക്കി ടൂറിസം വകുപ്പ്

 
കേരളത്തിന്‍റെ അപൂര്‍വകലാരൂപങ്ങള്‍ വീക്ഷിക്കാന്‍ അവസരമൊരുക്കി ടൂറിസം വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അന്യം നിന്നു പൊയ് ക്കൊണ്ടിരിക്കുന്ന 53 കലാരൂപങ്ങള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വീക്ഷിക്കാന്‍ അവസരമൊരുക്കി സംസ്ഥാന ടൂറിസം വകുപ്പ്. വെര്‍ച്വല്‍ ഓണാഘോഷങ്ങളുടെ ഭാഗമായി 14 ജില്ലകളില്‍ നിന്നായി 53 കലാരൂപങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് ടൂറിസം വകുപ്പ് ഒരുക്കിയത്. ടിവി ചാനലുകളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും ഇത് സംപ്രേക്ഷണം ചെയ്യും.

കൊവിഡ് മഹാമാരി മൂലം പ്രാദേശിക കലാരൂപങ്ങള്‍ അവതരിപ്പിച്ചു വന്നിരുന്ന കലാകാരൻമാരാണ് ഏറ്റവുമധികം കഷ്ടതയനുഭവിക്കുന്നത്. ഇവരെ സഹായിക്കുന്നതിനോടൊപ്പം അന്യം നിന്നു പൊയ് ക്കൊണ്ടിരിക്കുന്ന കലാരൂപങ്ങളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയെന്നതും ഈ ഉദ്യമത്തിന്‍റെ ലക്ഷ്യമാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രാദേശികമായി മാത്രം അറിയപ്പെട്ടിരുന്ന കലാരൂപങ്ങള്‍ കേരളത്തിന്‍റെ സാംസ്ക്കാരിക തനിമയുടെ മുഖ്യധാരയിലേക്ക് ഇതിലൂടെ എത്തുമെന്നും മന്ത്രി പറഞ്ഞു.

25 മുതല്‍ 30 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ടൂറിസം വകുപ്പ് തയ്യാറാക്കുന്നത്. ഇന്നു (വ്യാഴാഴ്ച) മുതല്‍ 23-ാം തിയതി വരെ രാവിലെ ആറര മുതല്‍ രാത്രി എട്ടു വരെ വിവിധ ചാനലുകളില്‍ വിവിധ സമയങ്ങളിലാണ് ഈ പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ടിവി ചാനലുകള്‍ക്ക് പുറമെ ടൂറിസം വകുപ്പിന്‍റെ യുട്യൂബ് ചാനലിലൂടെയും സമൂഹമാധ്യമ പേജുകളിലൂടെയും ഈ വിഡിയോകള്‍ കാണാനുള്ള അവസരവുമുണ്ടാകും.

എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രാതിനിധ്യം ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. വില്‍പ്പാട്ട്, നങ്ങ്യാര്‍ കൂത്ത്, കാക്കാരിശ്ശി നാടകം എന്നിവയാണ് തിരുവനന്തപുരം ജില്ലയില്‍ നിന്നുമുള്ളത്. പൂവട തുള്ളല്‍, പാക്കനാര്‍ തുള്ളല്‍ എന്നിവ കൊല്ലം ജില്ലയില്‍ നിന്നുമാണ്.

മുള സംഗീതം, ഓതറ പടയണി എന്നിവ പത്തനംതിട്ട ജില്ലയില്‍ നിന്ന് അവതരിപ്പിക്കും. കളമെഴുത്തും പാട്ടും, വേലക്കളി, കോലടിപ്പാട്ട്, ഗരുഡന്‍ തൂക്കം എന്നിവ ആലപ്പുഴ ജില്ല അവതരിപ്പിക്കും. നാടന്‍ പാട്ട്, അര്‍ജ്ജുന നൃത്തം. മാര്‍ഗ്ഗം കളി, ഭദ്രകാളി തീയാട്ട്, ഗരുഡന്‍ തൂക്കം എന്നിവ കോട്ടയം ജില്ലയില്‍ നിന്നുമാണ്. ആദിവാസി നൃത്തവും ആരണ്യം മാന്നന്‍ കൂത്തുമാണ് ഇടുക്കി ജില്ല അവതരിപ്പിക്കുന്നത്.

അയ്യപ്പന്‍ തീയാട്ട്, സോപാനസംഗീതം, കുടുക്ക വീണ, ചവിട്ട്നാടകം എന്നിവ എറണാകുളം ജില്ലയുടെ വകയാണ്. ചാക്യാര്‍ കൂത്ത്, ശീതങ്കന്‍ തുള്ളല്‍, ഓട്ടന്‍ തുള്ളല്‍, പാവകഥകളി, കോലംകളി തുടങ്ങിയവ തൃശൂര്‍ ജില്ല അവതരിപ്പിക്കും. തോല്‍പ്പാവക്കൂത്ത്, തിറയും പൂതനും, കന്യര്‍ക്കളി, തിറകളി, ആദിവാസി അനുഷ്ഠാന കല, ചവിട്ടക്കളി എന്നിവ പാലക്കാട് ജില്ലയില്‍ നിന്നാണ്. മാപ്പിള കലാസമിതി മലപ്പുറത്തു നിന്നും, അറബനമുട്ട്, കാപ്പാട് കോല്‍ക്കളി, ദഫ്മുട്ട്, ഒപ്പന, തോറ്റം പാട്ട്, തെയ്യം എന്നിവ കോഴിക്കോട് ജില്ലയില്‍ നിന്നും അവതരിപ്പിക്കും.

ഗദ്ദിക, കൊരമ്പക്കളി, വട്ടമുടിയാട്ടം, നാടന്‍പാട്ട് എന്നിവ വയനാട്ടില്‍ നിന്നുമാണ്. കോല്‍ക്കളി, ചിനക്കളി, കോതമൂരിയാട്ടം, തിറയാട്ടം എന്നിവ കണ്ണൂരില്‍ നിന്നും, എരുതുകളി, പൂരക്കളി, അലാമിക്കളി, യക്ഷഗാനം, യക്ഷഗാനം ബൊമ്മയാട്ടം എന്നിവ കാസര്‍കോഡു നിന്നും അവതരിപ്പിക്കും.
ഇതിനു പുറമേ കൊവിഡ് പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോകമാനവികതയുടെ ലോകഓണപ്പൂക്കളം എന്ന വെര്‍ച്വല്‍ പൂക്കള മത്സരവും ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്.

Related Topics

Share this story