ശ്രീനഗര്‍: പാക്കിസ്ഥാൻ ആസ്ഥാനമായ ലഷ്കര്‍ ഇ തോയ്ബ ഭീകരസംഘടനയുടെ കശ്മീരിലെ പ്രധാനി അബു ദുജാനയെ (27) സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. ഇയാളുടെ തലയ്ക്ക് ഇന്ത്യൻ സുരക്ഷാസേനകൾ 15 ലക്ഷം രൂപ വിലയിട്ടിരുന്നു. എ പ്ലസ് പ്ലസ് കാറ്റഗറിയിൽ സുരക്ഷാസേന ഉൾപ്പെടുത്തിയിരുന്ന ഇയാൾ കഴിഞ്ഞ ഏഴുവർഷത്തോളമായി ഭീകരാക്രമണങ്ങൾക്കു ചുക്കാൻ പിടിച്ചുവരികയായിരുന്നു.
തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ഒരു വീട്ടിൽ രഹസ്യ സന്ദർശനത്തിനെത്തിയതായിരുന്നു ഇയാൾ. വീടു വളഞ്ഞ സുരക്ഷാസൈന്യം ഇന്നലെ പുലര്‍ച്ചെ രണ്ടുമണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിലാണ് ഇയാളെയും സഹായിയായ മറ്റൊരു ഭീകരൻ ആരിഫിനെയും വകവരുത്തിയത്. കശ്മീരിലെ സംഘർഷങ്ങളിൽ പാക്കിസ്ഥാന്റെ നേരിട്ടുള്ള പങ്കാളിത്തം കൂടുതൽ വ്യക്തമാക്കുന്നതാണ് അബു ദുജാനയുടെ സംസ്ഥാനത്തെ സാന്നിധ്യം. പ്രദേശവാസിയായ ആരിഫിന്റെ മൃതദേഹം വീട്ടുകാർക്കു കൈമാറി. എന്നാൽ അബു ദുജാനയുടെ മൃതദേഹം ആർക്കും കൈമാറിയിട്ടില്ല.
പുല്‍വാമയിലെ ഹക്രിപ്പോര ഗ്രാമത്തില്‍ ഇവരുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം എത്തി വീടുവളഞ്ഞപ്പോൾ അവർ വെടിവയ്പ് ആരംഭിച്ചു. കനത്ത തിരിച്ചടി നൽകിയ സൈന്യം വീട് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചു തകർത്തു. പിന്നീടു നടത്തിയ തെരച്ചിലിൽ രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. പാക് അധിനിവേശ കശ്മീരിലെ ജിൽജിത്ത്- ബാൾട്ടിസ്ഥാൻ പ്രവിശ്യക്കാരനാണ് അബു ദുജാന. സൈന്യവും ഭീകരരും ഏറ്റുമുട്ടുന്നതിനിടെ പ്രദേശവാസികൾ സൈന്യത്തിനു നേരെ ശക്തമായ കല്ലേറു നടത്തിയിരുന്നു. അവരെ കൊലപ്പെടുത്തിയതു ശേഷം പ്രദേശത്തു വലിയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധക്കാരും സുരക്ഷാസൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഫിദോസ് അഹമ്മദ് എന്ന ചെറുപ്പക്കാരൻ മരിച്ചു. ഒട്ടേറെപ്പേർക്കു പരിക്കേറ്റിട്ടുണ്ട്.
അബു ദുജാനയെ വധിക്കാനായതു സുരക്ഷാസേനയുടെ വലിയ നേട്ടമായാണു 15 കോർ ജനറൽ ഓഫിസർ ഇൻ കമാൻഡ് ലഫ്. ജനറൽ ജെ.എസ്. സന്ധു, കശ്മീർ പൊലീസ് ഐജി മുനീർ ഖാൻ എന്നിവർ പിന്നീടു മാധ്യമങ്ങളോടു പറഞ്ഞത്. സംസ്ഥാനത്തു സുരക്ഷാസേന വലവിരിച്ചിരിക്കുന്ന പന്ത്രണ്ടോളം പ്രമുഖ ഭീകരനേതാക്കളിൽ മുൻപനായിരുന്നു ഇയാൾ. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരസംഘത്തിന്റെ തലവന്മാരായ ബുർഹാൻ വാനി, സബ്സാർ ഭട്ട് എന്നിവരെ അടുത്തിടെ സൈന്യം വധിച്ചിരുന്നു. ബുർഹാൻ വാനിയുടെ സംസ്കാരച്ചടങ്ങിൽ അബു ദുജാന സംബന്ധിച്ചിരുന്നുവെന്നു സുരക്ഷാസേന വ്യക്തമാക്കി.

Comments are closed.