Times Kerala

എന്‍റര്‍പ്രൈസ് സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനവുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍

 
എന്‍റര്‍പ്രൈസ് സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനവുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളുമായി സ്റ്റാര്‍ട്ടപ്പുകളെ ബന്ധപ്പെടുത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) ബിഗ് ഡെമോ ഡേ സംഘടിപ്പിക്കുന്നു. സംരംഭങ്ങള്‍ക്കുള്ള (എന്‍റര്‍പ്രൈസ്) സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഊന്നല്‍ നല്‍കുന്ന വെര്‍ച്വല്‍ പ്രദര്‍ശനം ആഗസ്റ്റ് 12 വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ നടക്കും.

കോര്‍പ്പറേറ്റുകള്‍ക്കും വ്യവസായങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങളാണ് ആറാം പതിപ്പില്‍ പ്രദര്‍ശിപ്പിക്കുന്നത്. മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അതിവേഗം വളരാന്‍ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ആഗോള നിക്ഷേപകരും വ്യവസായ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരെ നിയമിക്കുന്നതിനും വിപണനം മെച്ചപ്പെടുത്താനും സാമ്പത്തികം കൈകാര്യം ചെയ്യുന്നതിനുമാവശ്യമായ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുത്ത കേരളത്തില്‍ നിന്നുമുള്ള പത്തു സ്റ്റാര്‍ട്ടപ്പുകളാണ് ഇപ്രവശ്യത്തെ ബിഗ് ഡെമോ ഡേയില്‍ ഭാഗഭാക്കാകുക. വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, വ്യവസായ സംഘടനകള്‍, ഫണ്ടിംഗ് ഏജന്‍സികള്‍, എയ്ഞ്ചല്‍ നെറ്റ്വര്‍ക്കുകള്‍ എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കൊവിഡിന്‍റെ ആദ്യഘട്ടത്തില്‍ വ്യത്യസ്ത മേഖലകള്‍ തിരഞ്ഞെടുത്ത് കെഎസ്യുഎം സംഘടിപ്പിച്ച ബിഗ് ഡെമോ ഡേയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചതിന്‍റെ പിന്‍ബലത്തിലാണ് വീണ്ടും പ്രദര്‍ശനം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുമായി സംവദിക്കാനുള്ള അവസരം ലഭിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ https://bit.ly/BigDemoDay6 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.

Related Topics

Share this story