Times Kerala

നവയുഗം തുണച്ചു: ദുരിതപർവ്വം താണ്ടി ശങ്കർ നാട്ടിലേയ്ക്ക് മടങ്ങി

 
നവയുഗം തുണച്ചു: ദുരിതപർവ്വം താണ്ടി ശങ്കർ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ഒരു വാഹനാപകടം ദുരിതം തീർത്ത പ്രവാസജീവിതത്തിൽ നിന്നും ഒടുവിൽ ശങ്കറിന് രക്ഷയായി. നവയുഗം സാംസ്ക്കാരിക വേദിയുടെ സഹായത്തോടെ അയാൾ നാട്ടിലേയ്ക്ക് മടങ്ങി. തെലുങ്കാന ഗോവിന്ദരം സ്വദേശിയായ ബുയ്യ ശങ്കറിന്റെ പ്രവാസജീവിതത്തെ ദുരിതമയമാക്കിയത്, ഒരു വാഹനാപകടമാണ്. ദമ്മാമിലെ ഒരു കമ്പനിയിൽ ജോലിക്കാരനായിരുന്ന ശങ്കറിന്, ജോലിയ്ക്ക് പോകുന്ന വഴിയ്ക്ക് ബസ്സ് അപകടത്തിൽപ്പെട്ട് കാലിന് ഗുരുതരമായി പരിക്കേറ്റു.മൂന്നു മാസത്തോളം ആശുപത്രിവാസം കഴിഞ്ഞെങ്കിലും, നടക്കുവാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതിനിടെ ജോലിയ്ക്ക് പോകാത്തതിനാൽ, സ്പോൺസർ രഹസ്യമായി ശങ്കറിനെ ഹുറൂബിലാക്കി. അതോടെ നാട്ടിലേയ്ക്ക് മടങ്ങാനും കഴിയാതെ ശങ്കർ കുഴപ്പത്തിലായി. സഹായത്തിനായി പല വാതിലുകളും മുട്ടിയെങ്കിലും, നിയമക്കുരുക്കുകൾ അഴിക്കാൻ കഴിഞ്ഞില്ല.

ദമ്മാമിൽ കട നടത്തുന്ന മുജീബ് എന്ന സുഹൃത്ത് ഈ വിഷയം നവയുഗം ജീവകാരുണ്യപ്രവർത്തകൻ പദ്മനാഭൻ മണിക്കുട്ടനെ അറിയിച്ചു സഹായം അഭ്യർത്ഥിച്ചു. മണിക്കുട്ടനും, നവയുഗം ആക്റ്റിങ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടനും കൂടി മുജീബിനെയും കൂട്ടി ശങ്കറിനെ സന്ദർശിച്ചു, വിശദമായി സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കി, മെഡിക്കൽ റിപ്പോർട്ടുകൾ വാങ്ങി. ഇന്ത്യൻ എംബസ്സിയിലും വിഷയം റിപ്പോർട്ട് ചെയ്തു. പിന്നീട് ഷിഫാ ആശുപത്രിയുടെയും, മുജീബ്, മുഹമ്മദ്‌ എന്നിവരുടെയും സഹായത്തോടെ വീൽ ചെയറിൽ ശങ്കറിനെ തർഹീലിൽ എത്തിച്ചു, എംബസ്സി വോളന്റീർ വെങ്കടേഷിന്റെ സഹായത്തോടെ എക്സിറ്റ് അടിച്ചു വാങ്ങി. കമ്പനിയിലെ ശങ്കറിന്റെ സുഹൃത്തുക്കൾ പിരിവെടുത്ത് ശങ്കറിന് വീൽചെയർ വിമാനടിക്കറ്റ് നൽകി.

Related Topics

Share this story