Times Kerala

കോവിഡ് ബാധിച്ചു നാട്ടിൽ മരണമടഞ്ഞ ഷെഫീഖിന്റെ കുടുംബത്തിനുള്ള നവയുഗത്തിന്റെ സഹായം കൈമാറി

 
കോവിഡ് ബാധിച്ചു നാട്ടിൽ മരണമടഞ്ഞ ഷെഫീഖിന്റെ കുടുംബത്തിനുള്ള നവയുഗത്തിന്റെ സഹായം കൈമാറി

ദമ്മാം/കൊല്ലം: വെക്കേഷനിൽ പോയപ്പോൾ നാട്ടിൽ വെച്ച് കോവിഡ് ബാധിച്ചു മരണമടഞ്ഞ നവയുഗം സാംസ്ക്കാരികവേദി ദമ്മാം അമാംമ്ര യൂണിറ്റ് കമ്മിറ്റി സഹഭാരവാഹിയായ ഷെഫീഖ് കുരീപ്പുഴയുടെ കുടുംബത്തിനെ സഹായിക്കാനായി നവയുഗം സമാഹരിച്ച ഫണ്ട് കൈമാറി.

ഷെഫീക്കിന്റെ വീടായ കൊല്ലം കുരീപ്പുഴ തരയിൽ ഫിർദൗസ് മൻസിലിൽ വെച്ച്, നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറയുടെ അധ്യക്ഷതയിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച്, സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, ഷെഫീഖിന്റെ മകൻ ഫിർദൗസിന് കുടുംബസഹായ ഫണ്ട് കൈമാറി.

നവയുഗം നേതാക്കളായ അബ്ദുൽ ലത്തീഫ് മൈനാഗപ്പള്ളി, റെജിലാൽ, ചാക്കോജോൺ, സിപിഐ കൊല്ലം സിറ്റി കമ്മിറ്റി സെക്രെട്ടറി അഡ്വ എ.രാജീവ്, സിപിഐ നേതാക്കളായ ബി ശങ്കർ, ആർ.ബാലചന്ദ്രൻ, എം.മനോജ് കുമാർ, ജി.രാജ്‌മോഹൻ, വിശ്വനാഥൻ, കേരള പ്രവാസി ഫെഡറേഷൻ നേതാക്കളായ യേശുദാസ് മൈനാഗപ്പള്ളി, താജുദീൻ മസൂദ്, ബി.ഷാജഹാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇരുപത്തഞ്ചു വർഷമായി സൗദി അറേബ്യയിൽ പ്രവാസി ആയിരുന്ന ഷെഫീഖ്, കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് വെക്കേഷന് നാട്ടിൽ പോയത്. തിരികെ വരാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് കോവിഡ് രോഗം പിടിപെട്ടത്. ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സിച്ചെങ്കിലും, ക്രമേണ രോഗം മൂർച്ഛിച്ചു മരണം സംഭവിയ്ക്കുകയായിരുന്നു. ഷെഫീഖിന്റെ കുടുംബത്തെ സഹായിക്കാനായി നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനപ്രകാരമാണ് ഫണ്ട് സ്വരൂപിച്ചു കൈമാറിയത്.

നൂർജഹാനാണ് ഷഫീഖിന്റെ ഭാര്യ. ഫിർദൗസ്‌, ജന്നത്ത്, ഫവാസ് എന്നിവർ മക്കളും, ഷിഹാബുദീൻ, ഫാത്തിമ എന്നിവർ മരുമക്കളുമാണ്.

Related Topics

Share this story