Times Kerala

റാന്നി താലൂക്ക് ആശുപത്രി പുതിയ കെട്ടിടം: സ്ഥലമെടുപ്പ് വേഗത്തിലാക്കും

 
റാന്നി താലൂക്ക് ആശുപത്രി പുതിയ കെട്ടിടം: സ്ഥലമെടുപ്പ് വേഗത്തിലാക്കും

പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി സ്ഥലമെടുപ്പ് വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റാന്നി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച് ആശുപത്രി വികസന വുമായി ബന്ധപ്പെട്ട് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

റാന്നി താലൂക്ക് ആശുപത്രിയില്‍ ഏഴു നിലകളോടു കൂടിയ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി ഒന്നാം ഘട്ട നിര്‍മാണത്തിന് 12.38 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കെട്ടിടം പണിക്കായി 52 സെന്റ് സ്ഥലമാണ് ആവശ്യമായുള്ളത്. ഇതില്‍ 22 സെന്റ് സ്ഥലം ബ്ലോക്ക് പഞ്ചായത്ത് ആശുപത്രിക്കായി വാങ്ങി നല്‍കിയിരുന്നു.

ബാക്കി വേണ്ട 30 സെന്റ്’ സ്ഥലം കൂടി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ധനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. നടപടികള്‍ വേഗത്തിലാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ മന്ത്രിയോട് അഭ്യര്‍ഥിച്ചു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, എന്‍എച്ച്എം ഡിപിഎം ഡോ. സി.എസ്. നന്ദിനി, ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മന്‍ മോടയില്‍, ആര്‍എംഒ വൈശാഖ് രവീന്ദ്രന്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Related Topics

Share this story