Times Kerala

ഷെറിന്‍ വധം; വളര്‍ത്തച്ഛന് ജീവപര്യന്തം

 
ഷെറിന്‍ വധം; വളര്‍ത്തച്ഛന് ജീവപര്യന്തം

ഹൂസ്റ്റണ്‍: ദത്തുപുത്രിയും മൂന്നു വയസുകാരിയുമായ ഇന്ത്യന്‍ ബാലിക ഷെറിന്‍ മാത്യൂസിനെ കൊലപ്പെടുത്തിയ കേസില്‍ വളര്‍ത്തച്ഛനും എറണാകുളം സ്വദേശിയുമായ വെസ്‌ലി മാത്യുവിന് ജീവപര്യന്തം. ഡാളസിലെ 12 അംഗ ഡിസ്ട്രിക്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 30 വര്‍ഷം ശിക്ഷ അനുഭവിച്ച ശേഷമേ പ്രതിക്ക് പരോള്‍ ലഭിക്കൂ.

2017 ഒക്‌ടോബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. റിച്ചഡ്‌സണിലെ വീട്ടില്‍ നിന്ന് ഷെറിന്‍ മാത്യൂസിനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബര്‍ ഏഴിനാണ് പിതാവ് എറണാകുളം സ്വദേശി വെസ്‌ലി മാത്യൂസ് (39) പരാതിപ്പെടുന്നത്. ഒക്ടോബര്‍ 22നാണ് വെസ്‌ലിയുടെ വീട്ടില്‍ നിന്ന് ഒന്നര മൈല്‍ അകലെ കലുങ്കിനടിയില്‍ നിന്ന് ഷെറിന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തുന്നത്.

വളര്‍ച്ചക്കുറവുള്ള കുഞ്ഞാണ് ഷെറിന്‍. പോഷകാഹാരക്കുറവുമുണ്ട്. അതിനാല്‍ ഇടക്കിടെ പാല്‍ കൊടുത്തിരുന്നു. പുലര്‍ച്ചെ മൂന്നു മണിക്ക് ഉറക്കത്തില്‍ നിന്ന് വിളിച്ച് പാല്‍ കുടിക്കാന്‍ നല്‍കിയപ്പോള്‍ വിസമ്മതിച്ചു. ഇതിന് ശിക്ഷയായി വീടിനു പുറത്തു നിര്‍ത്തിയെന്നും 15 മിനിറ്റിനു ശേഷം തിരികെയെത്തി നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമായിരുന്നു വെസ്‌ലി ആദ്യം പോലീസിനോട് പറഞ്ഞത്.
എന്നാല്‍, ബലം പ്രയോഗിച്ച് പാല്‍ കുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസം മുട്ടിയതായും മരിച്ചെന്ന് കരുതി മൃതദേഹം പുറത്തു കൊണ്ടു പോയി ഉപേക്ഷിക്കുകയായിരുന്നെന്നും വെസ്‌ലി പോലീസിനോട് മൊഴി മാറ്റിപ്പറഞ്ഞു. ഇതോടെയാണ് വെസ്‌ലിയെ അറസ്റ്റ് ചെയ്യുന്നത്. നഴ്‌സായ ഭാര്യ സിനിയെ വൈദ്യസഹായത്തിന് വിളിക്കാത്തതാണ് സംഭവം കൊലപാതകമാണെന്ന് സംശയം തോന്നാന്‍ കാരണം.

എന്നാല്‍, ഷെറിന്‍ മാത്യുവിനെ കാണാതാകുന്നതിനു തലേ ദിവസം ഒക്‌ടോബര്‍ ആറിന് വെസ്‌ലി മാത്യുവും ഭാര്യ സിനിയും സ്വന്തം കുഞ്ഞിനെയും കൊണ്ട് നോര്‍ത്ത് ഗാര്‍ലാന്റിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. പാലു കുടിക്കാന്‍ കൂട്ടാക്കാത്തതിനാല്‍ ഷെറിനെ അടുക്കളയില്‍ നിര്‍ത്തിയാണ് പോയത്. ഇരുവരുടെയും ഫോണ്‍രേഖകളും റസ്റ്ററന്റിന്റെ രസീതും ഇവര്‍ ഷെറിനെ കൂട്ടാതെ റസ്റ്ററന്റില്‍ പോയിട്ടുണ്ടെന്നതിന് തെളിവാണ്.

മൂന്ന് വയസുകാരിയെ വീട്ടില്‍ തനിച്ചാക്കി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോയ കുറ്റത്തിന് സിനി മാത്യൂസും അറസ്റ്റിലായി. പിന്നീട് 15 മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചതിനു ശേഷം കുറ്റം തെളിയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സിനിയെ കോടതി മോചിപ്പിച്ചു. മാതാപിതാക്കള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ഇവരുടെ നാലു വയസ്സുള്ള മകളെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

2016 ബിഹാറിലെ ഒരു അനാഥാലയത്തില്‍ നിന്നാണ് വെസ് ലി മാത്യുവും ഭാര്യ സിനി മാത്യുവും സരസ്വതി എന്ന ഷെറിന്‍ മാത്യൂസിനെ ദത്തെടുത്ത്.

Related Topics

Share this story