Times Kerala

കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 22 വയസ്

 
കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 22 വയസ്

ന്യൂഡല്‍ഹി: കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട്‌ ഇരുപത്തി രണ്ടു വർഷം. 1999 ജൂലൈ 26 നാണ് ഇന്ത്യയിലേക്കു നുഴഞ്ഞു കയറിയ പാക്കിസ്ഥാന്‍ സൈന്യത്തെ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേയ്ക്ക് ഇന്ത്യൻ സൈന്യം തുരത്തിയത് . 1999 ലെ കാര്‍ഗില്‍ യുദ്ധം ദേശഭക്തിയുള്ള ഭാരതീയന്‍റെ പോരാട്ട വീര്യം ലോകത്തിന് കാണിച്ചു കൊടുത്ത സംഭവങ്ങളിലൊന്നാണ്.അന്താരാഷ്ട്ര സമൂഹം ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ കഴിയുന്നത്ര ഭാരതത്തിന്‍റെ സ്ഥലം പിടിച്ചടക്കുക എന്ന ലക്ഷ്യമായിരുന്നു പാക്കിസ്ഥാനുണ്ടായിരുന്നത്.

1998 ൽ പാക്കിസ്ഥാൻ സൈനിക മേധാവിയായി മുഷാറഫ് സ്ഥാനമേറ്റെടുത്തത് മുതൽ കാർഗിൽ യുദ്ധത്തിന്‍റെ നീക്കങ്ങൾ തുടങ്ങി.അക്ഷരാര്‍ത്ഥത്തില്‍ പാക്കിസ്ഥാന്‍റെ ചതിയുടെ കഥയാണ് കാര്‍ഗില്‍ യുദ്ധം. കനത്ത മഞ്ഞുവീഴ്ചയുള്ള സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലത്ത് അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്‍ക്ക് ഇരുവശത്തുനിന്നും ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും സൈന്യം പിന്‍വാങ്ങാറുണ്ട്. ഇന്ത്യന്‍ സേന പിന്‍വാങ്ങിയ തക്കം നോക്കി 1998 ഒക്ടോബറില്‍ കാര്‍ഗില്‍ മലനിരകളിലേക്ക് പാക്കിസ്ഥാന്‍ സൈന്യം നുഴഞ്ഞുകയറി. കൂറ്റന്‍ ബങ്കറുകള്‍ പണിത് ആയുധങ്ങളും ഭക്ഷണവും നിറച്ചു.

എന്നാല്‍ ഈ നുഴഞ്ഞുകയറ്റം ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടത് ഏഴുമാസത്തിന് ശേഷം 1999 മേയ് മാസത്തിലാണ്. തീവ്രവാദികള്‍ നടത്തിയ നുഴ‍ഞ്ഞുകയറ്റമെന്നാണ് ഇന്ത്യന്‍ സൈന്യം ആദ്യം കരുതിയത്‌ അതുകൊണ്ടുതന്നെ ഇവരെ വേഗത്തില്‍ തുരത്താമെന്നാണ് ആദ്യം കരുതിയത്‌.1999 മെയ് മൂന്നിന് ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ മലനിരകള്‍ തിരികെ പിടിക്കാന്‍ യുദ്ധം ആരംഭിച്ചു. രണ്ടു മാസവും മൂന്ന് ആഴ്ചയും രണ്ടു ദിവസവും നടത്തിയ കടുത്ത പോരാട്ടത്തിനോടുവിലാണ് ഇന്ത്യ കാര്‍ഗിലില്‍ വിജയക്കൊടി പാറിച്ചത്. 14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളിൽ തികച്ചും പ്രതികൂല സാഹചര്യത്തെ അതിജീവിച്ചാണ് ഇന്ത്യൻ സൈന്യം പാക്കിസ്ഥാനികളെ തുരത്തിയത്. രണ്ട് ലക്ഷത്തോളം ഭടന്മാരെയാണ് സൈന്യം യുദ്ധത്തിൽ വിന്യസിപ്പിച്ചത്.

തുടക്കത്തില്‍ ഇന്ത്യക്ക് തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യയുടെ കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളുടെ ശക്തമായ ആക്രമണത്തില്‍ പാക്കിസ്ഥാന് പിടിച്ചുനില്‍ക്കാന്‍ ആയില്ല.ഇന്ത്യന്‍ പീരങ്കി പടയും വ്യോമസേനയും പാക്‌ യുദ്ധമുന്നണിയില്‍ കനത്ത നാശം വിതച്ചു. ഏതാണ്ട് മൂന്ന്‍ മാസം നീണ്ട കാര്‍ഗില്‍ യുദ്ധത്തില്‍ ഭാരതത്തിന്‌ നഷ്ടമായത് 527 വീരപുത്രന്മാരെയായിരുന്നു. 1300ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി സിവിലിയന്മാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ഒടുവില്‍ 1999 ജൂലൈ 26 ന് നുരഞ്ഞുകയറ്റക്കാരെ തുരത്തിയോടിച്ച് ഭാരതത്തിന്‍റെ വീരപുത്രന്മാര്‍ കാര്‍ഗില്‍ മലനിരകള്‍ തിരികെ പിടിച്ചു.

Related Topics

Share this story