Times Kerala

വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവരെ കോവിഡ് പരിശോധനക്ക് വിധേയരാക്കി അഴിയൂര്‍ പഞ്ചായത്ത്

 
വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവരെ  കോവിഡ് പരിശോധനക്ക്  വിധേയരാക്കി അഴിയൂര്‍ പഞ്ചായത്ത്

കോഴിക്കോട്: വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവരെ നിർബന്ധിത കോവിഡ് പരിശോധനക്ക് വിധേയരാക്കി അഴിയൂര്‍ ഗ്രാമപഞ്ചായത്ത്. പുറത്തിറങ്ങിയ 250 പേരെ കണ്ടെത്തി കോവിഡ് പരിശോധന നടത്തി. പതിനൊന്നാം വാര്‍ഡ് മെമ്പര്‍ റീന രയരോത്തിന്റെ നേതൃത്വത്തിലാണ് റാപ്പിഡ് റെസ്പോൺസ് ടീം പ്രവര്‍ത്തിച്ചത്. ഇതിന്റെ ഭാഗമായി 250 പേര്‍ക്കുള്ള ആന്റിജന്‍ ടെസ്റ്റ് മുക്കാളി രാജീവന്‍ ഡോക്ടറുടെ ക്ലിനിക്കില്‍ നടന്നു. നിലവില്‍ പതിനൊന്നാം വാര്‍ഡില്‍ ഒരു പോസിറ്റീവ് രോഗി മാത്രമാണുള്ളത് എങ്കിലും എല്ലാ ദിവസവും വൈകുന്നേരം എട്ടുമണിക്ക് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാറുണ്ട്. വാര്‍ഡിലെ മുഴുവന്‍ വീട്ടുകാരെയും 5 അയല്‍ സഭകളാക്കി പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ഓരോ വീട്ടുകാരുടെയും വാക്‌സിന്‍ വിവരം അടക്കമുള്ള മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് പ്രത്യേക പുസ്തകത്തില്‍ സൂക്ഷിക്കുകയും ചെയ്തുവരുന്നു. വാര്‍ഡിലെ ജനങ്ങളുടെ മുഴുവന്‍ പ്രതിരോധം സംബന്ധിച്ചുള്ള വിവരവും ഞൊടിയിടക്കുള്ളില്‍ ലഭ്യമാകുന്ന തരത്തില്‍ ഇത് വാര്‍ഡിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുകയും ചെയ്തിട്ടുണ്ട്. അയല്‍ സഭാ ലീഡര്‍മാരായ പി.പ്രദീപ്കുമാര്‍, കെ.പ്രശാന്ത്, എന്‍.പി.മഹേഷ് ബാബു, ഇ.എം.ഷാജി, എം.അജിത്ത് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആര്‍.ആര്‍.ടി ലീഡര്‍ പി.റിജില്‍ അയല്‍ സഭകളുടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് പ്രവര്‍ത്തിക്കുന്നു. ഒരു വീട്ടില്‍നിന്നും ഒരാള്‍ക്കുള്ള പരിശോധന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. മെമ്പര്‍ റീന രയരോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അബ്ദുള്‍ നസീര്‍, ഡോക്ടര്‍ ഷുഹൈര്‍, മിഥുന്‍, ദിപിന ,ആശാവര്‍ക്കര്‍ അനിത പാമ്പള്ളി, സി.ഡി.എസ് മെമ്പര്‍ അനിത കാത്തോളി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഓരോ അയല്‍ സഭക്കും പ്രത്യേകം സമയം നിശ്ചയിച്ചാണ് ഡോക്ടര്‍ ഷുഹൈര്‍ ആണ് പരിശോധന നടത്തിയത്. 250 ല്‍ 8 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.

Related Topics

Share this story