Times Kerala

ചാലക്കുടി ബ്ലോക്ക് പരിധിയിൽ രണ്ട് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ

 
ചാലക്കുടി ബ്ലോക്ക് പരിധിയിൽ രണ്ട് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ

തൃശ്ശൂർ: ജില്ലയിലെ പന്ത്രണ്ട് സബ് സെന്ററുകൾ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി മാറുമ്പോൾ അതിൽ രണ്ടെണ്ണം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിലാണ്. കാടുകുറ്റി പഞ്ചായത്തിലെ അന്നനാട്, മേലൂർ എന്നി സബ് സെന്ററുകളാണ് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി മാറുന്നത്. ഇതിലൂടെ കാത്തിരിപ്പ് കേന്ദ്രം, ഹെൽത്ത്‌ ആന്റ് വെൽനസ് ക്ലിനിക്‌, പ്രതിരോധ കുത്തിവെയ്പ്പ് മുറി, മുലയൂട്ടൽമുറി, മരുന്നുകൾ സൂക്ഷിക്കുന്നതിനുള്ള സൗകാര്യം എന്നിവ ഇനി ഈ രണ്ട് ഉപകേന്ദ്രങ്ങളിലും ഉണ്ടാവും.

മാതൃശിശു സംരക്ഷണം, പ്രതിരോധ കുത്തിവെയ്പ്പുകൾ, കുടുംബാസൂത്രണ മാർഗങ്ങൾ, ജീവിത ശൈലി രോഗ ക്ലിനിക്‌, ഗർഭിണികൾക്കുള്ള ക്ലിനിക്‌, വയോധികരുടെ ക്ലിനിക്, കൗമാര ആരോഗ്യ ക്ലിനിക് എന്നിവയാണ് നിലവിൽ ഇവിടെ നൽകിവരുന്ന സേവനങ്ങൾ.

എലിഞ്ഞിപ്ര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൊന്നാണ് അന്നനാട് കുടുംബാരോഗ്യ കേന്ദ്രം. സംസ്ഥാന സർക്കാരിന്റെ കർമ പദ്ധതികളിൽ ഒന്നായ ആർദ്ര മിഷൻ വഴി കാടുകുറ്റി പ്രാഥമികരോഗ്യ കേന്ദ്രത്തെ 2020 ആഗസ്റ്റ് മൂന്നിന് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയിരുന്നു. ഇത് വഴി പൊതുജനങ്ങൾക്ക് ആവശ്യമായ കാത്തിരിപ്പ് കേന്ദ്രം, കുടിവെള്ള സൗകര്യം, സ്വകാര്യതയുള്ള ഒ പി മുറികൾ, മികച്ച സൗകര്യങ്ങളോടടെയുള്ള കുത്തിവെയ്പ്പ് മുറി തുടങ്ങിയവ സജ്ജീകരിച്ചു.

കൂടാതെ 10.90 ലക്ഷം പഞ്ചായത്ത്‌ ഫണ്ട്,15.5ലക്ഷം എൻ എച് എം ഫണ്ട്, 25 ലക്ഷം എം എൽ എ ഫണ്ട് എന്നിവ ഉപയോഗിച്ചും ഇവിടുത്തെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തി. ആർദ്രം പദ്ധതിയിൽ പ്രത്യേകമായി ഉൾപ്പെടുത്തി ഹെൽത്ത്‌ ആന്റ് വെൽനസ് സെന്ററാക്കുന്നതിന്റെ നിർമാണോദ്ഘാടനവും മിഡ്‌ലെവൽ സർവീസ് പ്രോവൈഡറുടെ ഉദ്ഘാടനവും 2021 ഫെബ്രുവരിയിൽ നടന്നു.60 വർഷമായി സബ് സെന്റർ സേവനങ്ങൾ മാത്രം നൽകി വന്നിരുന്ന മേലൂരിൽ ഇനി മുതൽ കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാകും. ഒന്ന്, രണ്ട്, പതിനൊന്ന് എന്നി വാർഡുകളിലായി വിന്യസിച്ചിരുന്ന ഈ ഉപ കേന്ദ്രത്തിന് കീഴിലായി 1136 വീടുകളും വരുന്നു. വാർഡ് തല ആരോഗ്യ ശുചിത്വ കമ്മിറ്റികളുടെ കൂട്ടായ പ്രവർത്തനങ്ങളും ഇവിടെ നടന്നു വരുന്നു.

Related Topics

Share this story